പഴങ്കഥ

പപ്പടം പായസം സദ്യ കെങ്കേമമീ
പന്തലില്‍ കല്ല്യാണ കോലാഹലം
ഭംഗിയിലണിഞ്ഞൊരുങ്ങിയോരോരുത്തര്‍
മംഗളമാക്കുവാനീ മംഗലം

അംഗനമാര്‍ ചാരേ മന്ദം നടക്കുമ്പോള്‍
ഗന്ധം നമുക്കായ്‌ ചൊരിഞ്ഞീടുന്നു
പട്ടും വളയും പൊട്ടും മാലയുമൊട്ട-
ണിഞ്ഞവര്‍ പട്ടിന്‍ വില ചൊന്നഹങ്കരിപ്പൂ.

പന്തലിലൊരു കോണിലുണ്ണാനിരുന്നു
പല കറികള്‍ പലരായ്‌ വിളമ്പിയിലയില്‍
പലതുമോര്‍ത്തങ്ങിനെയിലമുന്നിലിരിക്കവേ
കല്ല്യാണപ്പെണ്ണും ചെറുക്കനുമുണ്ണുവാന്‍
പന്തലിലൂടെ കടന്നു വന്നു.

നാണം തുളുമ്പുന്ന പെണ്ണിന്റെ കണ്ണില്‍ ഞാ-
നൊരു തവണ പെട്ടുവോ, നടന്നടുത്തവള്‍ മുന്നില്‍
"തനിയെയുള്ളുവോ...? പിന്നീടു കാണാ-"
മെന്നുരിയാടി മെല്ലെ കടന്നുപോയ്‌.

നാണമോടുണ്ണാനിരുന്നവള്‍, കയ്യിലെ
തൂവാലതുണിയില്‍ മുഖം മറച്ച്‌.
ഓര്‍ത്തു ഞാനാചോദ്യം, 'തനിയെയുള്ളുവോ'
മറുപടിയറിയാതെ ഞാന്‍ കുഴങ്ങി.

ക്യാമറാവെളിച്ചം, ഫോട്ടോ ഫ്ലാഷുകള്‍,
കയ്യിലെ തൂവാല നിറയുന്നു വേര്‍പ്പിനാ-
ലെങ്കിലും നില്‍ക്കുന്നൂ പലപോസില്‍ വധൂവരര്‍
കാലം കിടക്കുന്നു മുന്നിലിനിയുമെന്നറിയാത്ത പോല്‍.

പന്തലിലൊരു കോണില്‍ നിന്നു ഞാന്‍,
വിതുമ്പലിന്‍ വക്കോളമെത്തിയോ ഓര്‍മ്മകള്‍?
ഇല്ല, ചെന്നു ഞാന്‍ യാത്രയാക്കുവാന്‍
മെല്ലെ നേര്‍ന്നായിരം മംഗളം.

********

ഇന്നുമിടക്കു ഞാന്‍ ചെന്നിരിക്കാറുണ്ടാ
കൊന്ന മരത്തിന്‍ ചുവട്ടില്‍, പുഴക്കരെ
വന്നിരിക്കാറുള്ള കുറുമ്പന്‍ കിളിയില്ലേ
വന്നില്ലെയെന്നവന്‍ ചോദിക്കുമിടക്കിടെ.

ഇനി വരികില്ല നീയെന്നു ചൊന്നില്ല,
നുള്ളിനോവിക്കട്ടെ നിന്നോര്‍മ്മകളിടക്കിടെ


0 അഭിപ്രായങ്ങള്‍:

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP