കവിതയുടെ വറ്റാക്കലത്തിലേക്ക് വീണ്ടുമെത്തുമ്പോൾ

ജ്യോനവനെക്കുറിച്ച് എഴുതണമെന്നാലോചിക്കുമ്പോഴൊക്കെ മരണത്തെക്കുറിച്ചായിപ്പോകയും പിന്നെ അവനവനിലേക്കെത്തുകയും ചെയ്യുന്നതെന്തുകൊണ്ടെന്നറിയില്ല. "നിന്റെ മാന്‍‌ഹോള്‍ ഒരുക്കിയിടുന്നത് നിന്നിലൂടെ എന്നിലേക്കുള്ള കാഴ്ചയാണ്" എന്ന് അവന്റെ അവസാന കവിതയിലിട്ട കമന്റു പോലെ.

ജ്യോനവന്റെ പുസ്തകം എന്ന ആഗ്രഹം സഫലമാകുന്നു. 'പൊട്ടക്കലം', ബുക്റിപ്പബ്ലിക്കിൽ‍ ഒരുങ്ങുന്നു. ടി.പി വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ‘,  വി.എം ദേവദാസിന്റെ ‘ഡിൽഡോ‘ (ആറുമരണങ്ങളുടെ പൾപ് ഫിക്ഷൻ പാഠപുസ്തകം) എന്നിവക്കു ശേഷം മൂന്നാമത്തെ പുസ്തകം.

‘പൊട്ടക്കല‘ത്തിന്റെപ്രസാധനത്തിനു മുൻപ് ഒരു കുറിപ്പ് എഴുതണമല്ലോ എന്നോര്‍ത്തു നടക്കുമ്പോള്‍ "പവിത്രമായ പാതകളേ, പാവനമായ വേഗതകളേ" എന്ന് അവന്റെ അവസാന കവിതയോര്‍മ്മിപ്പിച്ച് മുത്തീനയിലെ സിഗ്നലില്‍ ഒരു ബംഗാളിപ്പയ്യൻ കാറിടിച്ച് ‍ സൈക്കിളില്‍ നിന്ന് അകലെ തെറിച്ചുവീഴുന്നു. ജനനത്തേയും ജീവിതത്തേയും മരണത്തേയും ഓര്‍മ്മിപ്പിക്കുന്ന സിഗ്നലില്‍ നിന്ന് ചുവപ്പ് അവനിലേക്ക് പടരുന്നു.
"ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌"!

അവസാന കവിതയിലെ അവസാന വരിയില്‍ 'ഹമ്മര്‍' കയറിയിറങ്ങുന്നതെഴുതി അതേ കവിതയിലെ കമന്റില്‍ 'ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ' എന്ന് പറഞ്ഞ് ജ്യോനവന്‍ വാക്കുപാലിച്ചു. ജീവിതവുമല്ല മരണവുമല്ലാത്ത കോമയിലേക്ക് അവനെ കൊണ്ടുപോയതിനും പത്തുദിവസം കഴിഞ്ഞാണ് അവന്റെ ബ്ലോഗിലെ ഒരു കമന്റിലൂടെ അപകട വിവരം അറിയുന്നത്.  ബ്ലോഗില്‍ ജ്യോനവന്‍ എന്ന അനോണിപേരിലെഴുതുകയും തന്റെ അനോണിത്വം സൂക്ഷിക്കുകയും ചെയ്തിരുന്നതിനാല്‍ അപകടവിവരം സ്ഥിരീകരിക്കുന്നതിനും കുവൈത്തിലെ ഹോസ്പിറ്റലില്‍ കോമയില്‍ കഴിയുകയാണന്നറിയുന്നതിനും പിന്നെയും മണിക്കൂറുകള്‍... ഒടുവില്‍ ബൂലോകത്തെ എല്ലാപ്രാര്‍ത്ഥനകളേയും വെറുതെയാക്കി ജ്യോനവന്‍ എന്ന തൂലികാനാമവും തന്റെ എഴുത്തിടമായ പൊട്ടക്കലത്തില്‍ ഒത്തിരി കവിതകളും ബാക്കിവെച്ച്  നവീൻ ജോർജ്ജ്‍ വിടപറഞ്ഞു.

മലയാള കവിതയില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രാരംഭദശ അടയാളപ്പെടുത്തുന്നതാണ്‌ ജ്യോനവന്റെ ബ്ലോഗിലെ അവസാനകവിതകളില്‍ പലതും. ജീവിക്കുന്ന കാലഘട്ടത്തില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ വന്നു ചേരുന്ന ചില ശീലങ്ങള്‍ പോലെ രാസമാറ്റം പ്രകടമാണ്‌.

ചെവിയുരിഞ്ഞുവീഴുന്നതിനൊപ്പം ചെവിയിലൂടെ കയറിയിറങ്ങുന്ന ഞരക്കത്തെ സങ്കല്പ്പിക്കുമ്പോള്‍ ഹമ്മര്‍ വെറും വാഹനമായി വായിക്കേണ്ടതല്ല. അതിനപ്പുറം വായനകളുള്ള ചില പരീക്ഷണങ്ങളുടെ തുടര്‍ച്ചയുണ്ട് വരികളില്‍. ആ തുടര്‍ച്ചയാണ്‌ കവിതക്കു നഷ്ടമായത്.  അക്ഷരങ്ങളെ തിരിച്ചുംമറിച്ചുമിട്ട് വാക്കര്‍ത്ഥങ്ങളിലെ വ്യതിയാനത്തിനൊപ്പം ആശയത്തെ കീഴ്മേല്‍ മറിക്കുന്ന ജാലവിദ്യയുണ്ട് ചില കവിതകളില്‍. മരണത്തെ മുങ്കൂട്ടി കണ്ടുവെന്ന് വായനക്കാര്‍ വിലപിച്ച വരികളിങ്ങനെ;

'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

വിവാഹം ഉറപ്പിച്ചുവെച്ച കാലത്തെ കവിതയില്‍!

മറ്റൊരു കവിതയില്‍ ആ തിരിഞ്ഞുകിടക്കല്‍ ഇങ്ങിനെയായിരുന്നു:
മനോഹരാ മനോഹരീ...
തിരിഞ്ഞു കിടക്കുന്ന
നിങ്ങളുടെ
ആത്മാവിന്റെ തരികള്‍,
‘തിര’കള്‍, തിരളലുകള്‍
...

വാക്കുകള്‍ കൊണ്ടുള്ള ഈ കളി അക്ഷരതെറ്റിനെക്കുറിച്ചുള്ള മറ്റൊരു കവിതയില്‍;
ഏച്ചുകെട്ടിയാല്‍
മുലച്ചിരിക്കും
എന്നെഴുതിയതിന്
നാലാംക്ലാസില്‍ വച്ച്
ടീച്ചറെന്നെ സൈക്കിള്‍
ചവിട്ടിച്ചിട്ടുണ്ട്.
മുഴ മുഴ എന്നു നൂറുവട്ടം
ഇംപോസിഷന്‍
തന്നിട്ടുണ്ട്.

ദൈവം
ചെയ്തുപോയൊരു
തെറ്റിന്
എന്നെയെന്തിനു വെറുതെ...


ആ ഏച്ചുകെട്ടല്‍ ആദത്തിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയിലേക്കു മുഴച്ചതായി വായിക്കപ്പെടുമ്പോള്‍ അക്ഷരതെറ്റു പോലും ഗൂഢാര്‍ത്ഥങ്ങളുള്ള കവിതകളാണല്ലോ എന്ന്  ആശ്ചര്യപ്പെടുന്നു. അക്ഷരങ്ങളില്‍ മാത്രമല്ല എഴുത്തിലുപയോഗിക്കുന്ന ചിഹ്നങ്ങളെപ്പോലും നല്ല നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട് ഇയാള്‍. ചിഹ്നങ്ങളുടെ ശരീരഭാഷ വിവരിക്കുന്ന  ‘വിശപ്പ് എപ്പോഴും ഒരു കോമ’ എന്ന കവിതയില്‍ ചിഹ്നങ്ങളെ വിശപ്പായും അതുമായി ബന്ധപ്പെട്ട അരിവാള്‍, അരിമണി തുടങ്ങിയവയുടെ  'പലപോസിലുള്ള ചിത്രങ്ങളായും' വരച്ചിടുന്നു.

വിശപ്പു്‌ എപ്പോഴും ഒരു കോമ
ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്‌


ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്‌ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍

പൂര്‍ണവിരാമമിടാന്‍ നേരം
മരിച്ചുകിടക്കുന്ന
ഒരരിമണി ബാക്കി


വിശപ്പു്‌ എപ്പോഴും ഒരു കോമ
ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം.


ജീവിച്ചിരിക്കുന്നതിന്റെ ബദ്ധപ്പാടുകളെക്കുറിച്ചെഴുതി, അടയാളങ്ങളുടെ മറവിയടുക്കില്‍ വരകള്‍ തെളിച്ചിട്ട് മരണത്തിലേക്ക് അതിവേഗം അവന്‍ യാത്ര പോയി. എഴുതിതുടങ്ങുന്ന ഏതൊരാളെപ്പോലെയും ഒരു പുസ്തകം പുറത്തിറങ്ങുന്നതിന്റെ സ്വപ്നങ്ങള്‍ ബാക്കിയായിരുന്നിരിക്കാം. അവനില്ലാതെ അവന്റെ പുസ്തകം പുറത്തിറങ്ങയാണ്‌. എവിടെയിരുന്നായാലും നമ്മളെപ്പോലെ അവനുമിപ്പോള്‍ സന്തോഷിക്കയായിരിക്കും.


ഒറ്റക്കാലിൽ നൃത്തം ചെയ്യുന്നവളേ നിന്നെക്കുറിച്ചാകുമ്പോൾ...

കൈകൾ മേലോട്ടുയർത്തി
ഒറ്റക്കാലിൽ
ഒരായുസ്സ് പകരം കൊടുത്ത്
ചുവടുവെക്കുന്നുണ്ട്

ഒടുങ്ങാത്ത ചില ദാഹങ്ങളെ
അറിഞ്ഞു തന്നെയാകാം
കൊടുംവേനലുഷ്ണങ്ങളുടെ
ശമനതാളം

മഴപെയ്യുമ്പോൾ
നിന്റെ നൃത്തം
ഹാ! എന്ത് ചേല്
അപ്പോഴും
പനിപിടിക്കല്ലേ എന്ന്
നിന്റെ തണലിലേക്കെന്നെ ചേർത്ത്...

ഒറ്റക്കൊരുമരമൊരു കാടാകുമെന്ന്
പറഞ്ഞതാരാണ്
എനിക്കുകാണാം
കൈകൾ മേലോട്ടുയർത്തി
മഴനനഞ്ഞ്
മഴനനഞ്ഞ്
ഒറ്റക്കാലിൽ ചുവടുവെച്ച്
ഒരു കാട്

ഞാനാസ്വദിക്കട്ടെ
ഞാനാസ്വദിക്കട്ടെ
ഓരോപോറലും
നിന്നെയുലക്കുന്ന
നിന്നിലൊലിക്കുന്ന
നിന്നെ വീഴ്ത്തുന്ന...

നിനക്കറിയാമോ
നിന്നെക്കുറിച്ചാകുമ്പോൾ
എല്ലാം മനോഹരമാണ്....

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP