മുറിവ്‌

മുറിവ്‌

നിനക്കു ഞാന്‍
പകുത്തുതന്നതെന്റെ നിലാവ്‌
നീയെനിക്കു പകരം തന്നത്‌
കുരുടന്റെ കൂരിരുള്‍
എന്റെ ആകാശം നിനക്കു തന്നപ്പോള്‍
നീയതു മറച്ചുകെട്ടി,
എനിക്കെന്റെ പകലുകള്‍ നഷ്ടം,
രാവുകള്‍ നഷ്ടം,
മഴ നഷ്ടം, മഴവില്ലു നഷ്ടം,
മറ്റുള്ളോര്‍ക്കായ്‌ സ്വയമെരിയുന്നൊരു
സൂര്യന്‍ നഷ്ടം, താരകള്‍ നഷ്ടം.

മഴനൂലുകളെ ഇഴപാകിച്ചൊരു
കുപ്പായം ഞാന്‍ തന്നപ്പോള്‍ നീ
കറ്റച്ചൂട്ടിന്‍ മങ്ങുകൊണ്ടെന്‍
കൈ പൊള്ളിച്ചു ചിരിച്ചു രസിച്ചൂ.

ആഴി കടഞ്ഞിട്ടമൃതേകീ ഞാന്‍,
ബദല്‍ തന്നൂ നീയൊരു കുംഭം- കാളകൂടം.
കുറ്റപ്പെടുത്തുകയല്ല,
തെറ്റു നിന്റേതെന്നല്ല,
അരുതായിരുന്നെന്നു മാത്രം,
ഞാന്‍ തിരിച്ചൊന്നും
പ്രതീക്ഷിക്കരുതായിരുന്നെന്ന്.

ഇല

ഇല
കൊഴിയും മുമ്പേ എന്നിലെ പച്ച നിന്റെ സൗന്ദര്യം
കൊഴിഞ്ഞുചീഞ്ഞാല്‍ ഞാന്‍ നിനക്കുവളമാകും
എനിക്കുമുമ്പേ കടന്നു പോയവരെപ്പോലെ


വ്രണം
വ്രണിതഹൃദയമേ,
സ്മൃതിയുടെ മൃതിയില്ലായിരുന്നെങ്കില്‍
നീയെന്നില്‍ ചീഞ്ഞളിഞ്ഞേനെ.

ഓര്‍മ്മ
ഒരുമിച്ചിരുന്നൊരാ കല്‍പ്പടവില്‍
നീയൊരോര്‍മ്മതന്‍ ചെപ്പു മറന്നുവച്ചു.
ഒരുവാക്കുമൊരുനോക്കും നല്‍കാതെ
നീയൊരോര്‍മ്മയായെന്നിലലിഞ്ഞു.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP