വില്‍പനയ്ക്ക്
എഴുതിയത് സജീവ് കടവനാട് സമയം January 17, 2007 3 അഭിപ്രായങ്ങള്‍
മയിലമ്മ
മഴമേഘങ്ങളാല്‍ മാനമിരുണ്ടപ്പോള്‍
മയിലുകള്‍ പീലി നിവര്‍ത്തി താഴെ
മഴത്തുള്ളി മണ്ണിനെപുല്‍കുമെന്നോര്‍ക്കെ
മയിലുകളാനന്ദ നടനമാടി.
മഴവേണ്ട വെയില്‍വേണ്ട ഭൂമിവേണ്ട
പണം പണം പണം പണമെന്നു ചിലര്‍
പണം ഫണമുയര്‍ത്തി തിമിര്‍ത്താടവേ
കുടിവെള്ളവുമവര്‍ സ്വന്തമാക്കി.
ദാഹിച്ച പൈതലിന്‍ ദാഹംതീര്‍ക്കാന്‍
തുള്ളി വെള്ളമില്ലാതെ വലഞ്ഞുനില്‍ക്കേ
കുടിനീരിനായുള്ള സമരഭൂവില്‍
മയിലമ്മയേവര്‍ക്കുമാവേശമായ്.
അധിനിവേശത്തിന്‍ പുത്തന്‍വ്യാളി
ഭൂലോകമാകെ വിഴുങ്ങും മുമ്പ്
ചെറുത്തുനില്‍പ്പിന്‍ സമരനായികതന്‍
സ്മരണകുടീരത്തിലൊരുപിടി യി-
തള്‍പൂക്കള്‍ വാരിയിതാ വിതറുന്നു ഞാന്‍
എഴുതിയത് സജീവ് കടവനാട് സമയം January 08, 2007 0 അഭിപ്രായങ്ങള്‍
പര്‍ദ്ദ
വലയ്ക്കുള്ളിലൂടെ നോക്കുമ്പോള്‍
ലോകമെത്ര മങ്ങിയതെന്നോ
എന്റെ ഇരുണ്ട പര്‍ദ്ദ പോലെ
ഇരുണ്ട ലോകം!
സുറുമ തിളങ്ങുന്ന കണ്ണുകള്‍,
ആഭരണത്തില്‍ പൊതിഞ്ഞോരുടല്‍,
മഹറുറപ്പിച്ച് കച്ചോടം, നിക്കാഹ്.
എനിക്കീ പര്‍ദ്ദയുടെ തടവറ.
സുറുമകലങ്ങിയ കണ്ണുകള്‍
വലക്കുള്ളിലെ മീനിനെപ്പോലെ
മക്കനയില്‍ പിടിപ്പിച്ച വലക്കുള്ളില്‍.
ഒന്നുപുറത്തുചാടാന്‍ കഴിഞ്ഞെങ്കില്‍!
എങ്കിലും, കൂറ്റന്‍ മതില്‍ക്കെട്ടിന്‍
തടവറ ചാടാറുണ്ടിടക്കെന്റെ കണ്ണുകള്‍
തേടാറുണ്ട് അനന്തമിപ്പാതയോരത്ത്
ഒരു നിഴല്‍തുണ്ടെങ്കിലും നിന്റെതായ്.
ക്ലാസ്സ്‌റൂമിന്റെ കലപില-
വര്‍ണ്ണങ്ങളില്‍ സഖാവേ,
നിന്റെ പുറകിലെ
നീണ്ട നിരയില്‍ ഞാനും.
ഒരുപുതിയ ലോകം വരുമെന്ന്,
വിപ്ലവം ജയിക്കുമെന്ന് നീ.
നമ്മുടേതുമാത്രമായ ലോകംസ്വപ്നംകണ്ട്
നിന്റെമടിയില്‍ തലചായ്ച് ഞാന്‍.
ഇനിയൊരിക്കല്‍ നാം കാണുമെങ്കിലി-
പ്പഴയ സഖാവിനൊരു ചോദ്യമുണ്ട്
വിപ്ലവം ജയിക്കുമോ?
എനിക്കു പുതിയൊരു ലോകം സാദ്ധ്യമോ?
എഴുതിയത് സജീവ് കടവനാട് സമയം January 08, 2007 12 അഭിപ്രായങ്ങള്‍
വിഭാഗം കവിത
ഇര
വണ്ടിയില്‍, അവര്‍ അവളോടൊന്നും ഉരിയാടിയിരുന്നില്ല. എപ്പോഴാണ്, എവിടെയാണ് എന്നുള്ള ചോദ്യങ്ങള്‍ക്കൊന്നും അവര്‍ ഉത്തരം പറഞ്ഞില്ല. വണ്ടി അവള്‍ക്ക് അപരിചിതമായ ഇടങ്ങളിലൂടെ ഓടിക്കൊണ്ടിരുന്നു. ഭയം അവളുടെ മനസ്സില്‍ അതിന്റെ ഇരുണ്ട കുഞ്ഞുങ്ങളെ പെറ്റുപെരുപ്പിച്ചു. അവള്‍ കണ്ണടച്ചിരുന്നു."ബദ്‌രീങ്ങളേ രക്ഷിക്കണേ...."
വിജനമായ ചതുപ്പില്‍ വണ്ടി നിന്നു. അവളുടെ മുടിക്കെട്ടില്‍പിടിച്ച് അവളെ താഴേക്കു വലിച്ചിടുമ്പോള്‍ അവര്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവള്‍ ധാരയായൊഴുകുന്ന കണ്ണുകള്‍ മേല്‍പോട്ടുയര്‍ത്തി ഉറക്കെ കരഞ്ഞു."അല്ലാഹ്...."
അപ്പോള്‍ അവര്‍ ആറുപേര്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ദൈവത്തിന് നന്ദിപറഞ്ഞു. "ദൈവമേ നീയെത്രനല്ലവന്‍. നീ ഞങ്ങള്‍ക്കൊരു പോറലുമേല്‍പ്പിക്കാതെ ഞങ്ങളുടെ ഇരയെ ഞങ്ങളുടെ കരങ്ങളിലെത്തിച്ചു. നീ വാഴ്ത്തപ്പെടേണ്ടവന്‍."
അവര്‍, അവരുടെ കൂര്‍ത്ത നഖങ്ങള്‍ അവളുടെ ശരീരത്തിലേക്കാഴ്ത്തി. മുഴുത്ത മാംസകഷ്ണങ്ങള്‍ വീതം വെച്ചെടുത്തു. അവര്‍ പച്ചമാംസം കടിച്ചുവലിക്കുന്നതിന്റെ തിരക്കിലായിരുന്നു. അവളാകട്ടെ ചതുപ്പുനിലത്ത് പാടകെട്ടിയ രക്തം മാത്രമായി അവരുടെ മുന്നില്‍ കിടന്നു. അവളപ്പോഴും എത്ര ഊതിയിട്ടും കത്താത്ത അടുപ്പിനെകുറിച്ചും 'ഇങ്കി'ന് കരയുന്ന കുഞ്ഞിനെക്കുറിച്ചുമുള്ള വേവലാതിയിലായിരുന്നിരിക്കണം.
എഴുതിയത് സജീവ് കടവനാട് സമയം January 01, 2007 1 അഭിപ്രായങ്ങള്‍
വിഭാഗം കഥ