നഗരത്തിലെ പാതകള്‍

നഗരത്തിലെ യാത്രകളില്‍
തെക്കും വടക്കുമില്ല
കിഴക്കും പടിഞ്ഞാറുമില്ല
ലെഫ്റ്റും റൈറ്റും മാത്രം

റൈറ്റിന്
‘നേരായത്’ എന്ന് അര്‍ത്ഥം പറഞ്ഞ്
വലത്തേ വഴികളിലൂടെ മാത്രം
പൊയ്ക്കൊണ്ടേയിരുന്നാല്‍
ഓടയിലെ മാലിന്യങ്ങളൊക്കെ
ചെന്നടിയുന്നൊരു
അരക്ഷിത മേഖലയിലെത്തിപ്പെട്ടേക്കാം.

ഇടത്തേ വഴിയിലുമുണ്ട് ചുഴികള്‍
കൃത്യമായ മാര്‍ഗ്ഗരേഖ കൂടാതെ
തുടര്‍ച്ചയായി
മൂന്നോ നാലോ തവണ
ഇടത്തോട്ടുമാത്രം തിരിഞ്ഞുപോയാല്‍
ഒരു പക്ഷേ
തുടങ്ങിയേടത്തു തന്നെയോ
അതിനും പിറകിലോ
ചെന്നെത്തിയേക്കാം

നഗരത്തിലെ വഴികള്‍ ചിലപ്പോള്‍
പാമ്പും കോണിയും കളിക്കുന്ന
ചതുരപ്പലകയെ ഓര്‍മ്മിപ്പിക്കും

തിരിച്ചുപോരുമ്പോഴാണ്
എല്ലാം കീഴ്മേല്‍ മറിയുക
ഇടത്തുണ്ടായിരുന്നതൊക്കെ
വലത്തും
വലത്തുണ്ടായിരുന്നതൊകെ
ഇടത്തുമാകും.
നമ്മളാണ്
ദിശമാറിയതെന്ന്
ചിന്തിക്കയേ അരുത്
മാറിയത് അവയാണെന്നങ്ങ്
തറപ്പിച്ചു പറഞ്ഞേക്കണം
ആവര്‍ത്തിച്ചു പറഞ്ഞാല്‍
ഏതു നുണയാണ് നേരാകാതിരിക്കുക.

വീഴ്ച

ആകാശം
ഇന്നലേയും വിളിച്ചു
ഒരു സ്വപ്നത്തിലേക്കെന്ന പോലെ
നിനക്കെന്നിലേക്കു വീഴാം
പൊട്ടില്ല, പൊടിയില്ല,
ചത്തു പോകത്തുമില്ല

എന്നിട്ടും
പേടിയാണെനിക്ക്
വീഴ്ചയെക്കുറിച്ചുള്ള
തോന്നലുകള്‍
അത്ര ആഴത്തിലായതാലാകാം.

നുണ

ഞാനൊരിക്കലും നുണയെ
നേരില്‍ കണ്ടിട്ടില്ല

വെളുത്ത ഉടുപ്പിനകത്ത്
കല്ലുവെച്ച സത്യങ്ങള്‍
മരിക്കാന്‍ കിടക്കുന്നത്
എന്റെ ഉറക്കറയിലെ
ഇരുപത്തിരണ്ടിഞ്ചിന്റെ
ചൂടാറാപ്പെട്ടിയില്‍
തണുത്തുവിറങ്ങലിക്കുന്ന
കാഴ്ചയായി
വീതിച്ചു നല്‍കിയിട്ടുണ്ട്
വിരുന്നുകാര്‍ക്ക്

കഴിഞ്ഞ ദിവസം
പതിനൊന്നു സ്വപ്നങ്ങളാണ്
ഒന്നിച്ചുവിറ്റത്
ചോരി ബസാറില്‍

മൂന്നാമത്തെ പെഗ്ഗില്‍
ആരോ വരാനുണ്ടെന്ന്
കാത്തിരുന്നത്
നാലാമത്തെ പെഗ്ഗിനുള്ള
തയ്യാറെടുപ്പാണെന്ന്
ആര്‍ക്കാണറിയാത്തത്

ഇരുട്ടുപെയ്ത മഴയില്‍
ആകാശം
കുത്തിയൊലിച്ചുപോയത്
വിവരിച്ചും വിശകലനം ചെയ്തും
ഞങ്ങളാഘോഷിച്ചത്
മരണത്തെപെറ്റതിന്
തൂങ്ങിചത്ത
തെരുവുപെണ്ണിന്റെ
ഗര്‍ഭത്തിലിരുന്നായിരുന്നു;
…ചിയേഴ്സ്!

ബൂലോകത്തുനിന്ന് ഒരു പുസ്തകം കൂടി - ചിലന്തി - സിമി ഫ്രാന്‍സിസ് നസ്രേത്ത്


സജീവ് എടത്താടന്റെ ‘കൊടകരപുരാണ’ത്തിനും രാഗേഷ് കുറുമാന്റെ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ക്കും വിഷ്ണുമാഷ്ടെ ‘കുളം+പ്രാന്തത്തി’ക്കും ശേഷം ബൂലോകത്തു നിന്നും ഒരു പുസ്തകം കൂടി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. സിമിയുടെ ‘ചിലന്തി’ എന്ന 28 കഥകളുടെ സമാഹാരമാണ് ഇന്ന് (October- 27, തിങ്കളാഴ്ച്ച) കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ വെച്ച് പ്രകാശിതമാകുന്നത്.

സിമിയുടെ കഥകളിലെ ഏറ്റവും മെച്ചമെന്നു തോന്നിയിട്ടുള്ളത് കഥകളിലെ അമച്വറിസമാണ്. കഥയിലെ കഥയില്ലായ്മകളും ജീവിതത്തിലെ ആഴമില്ലായ്മയും ഒത്തുപോകുന്നപോലെ തേച്ചുമിനുക്കാത്ത ഭാഷയിൽ കഥപറയുമ്പോള്‍ ഉണ്ടാവുന്ന ഒരു തിളക്കം. ഉറങ്ങാൻ കിടക്കുമ്പോൾ പറയുന്ന കഥപോലെ അലസമായി പാതി പറഞ്ഞ്, നമ്മെ ഒരുമാതിരി പാതിമുറിഞ്ഞ പാ‍ലത്തിൽ കൊണ്ട് നിർത്തിയപോലെ പ്രൊഫെഷണലിസം ഇല്ലാത്ത എഴുത്ത്. പ്രൊഫെഷണലിസം ഇല്ലായ്മബ്ലോഗ് എന്ന മാധ്യമത്തിന്റെ സന്തതിയാണ്.

തേച്ചുമിനുക്കാത്ത ഭാഷയും അങ്ങനെ തന്നെ. ഇടക്കാലത്ത് കമ്പ്യൂട്ടർ വന്നതോടെ മലയാളം പോയി, ഇനി അതു ചത്തു എന്നൊക്കെ ഒരു മുറവിളി ഉണ്ടായിരുന്നല്ലോ. ഇപ്പോൾ നോക്കൂ സർവത്ര മലയാളം ആകുന്നതിന്റെ തിരക്കിലാണ്. ഇന്റെർനെറ്റും ഇ-മെയിലും ചാറ്റും ഒക്കെ മലയാളത്തിലേക്ക് മാറുന്നു. ഈ ഇടക്കാലത്ത് ഭാഷയ്ക്കുണ്ടായിരുന്ന ഒരു ശീതനിദ്ര; അത് ഈ ഭാഷയിൽ കാണാം. പക്ഷേ അത് പുതിയൊരു വസന്തത്തിലേക്ക് ഉണരും എന്നതിന്റെ ഊർജ്ജവും അതിൽ പ്രതിഫലിക്കുന്നുണ്ട്.

സിമിയുടെ കഥകളെ കുറിച്ചുള്ള പ്രധാന ആക്ഷേപം ഇങ്ങനെ ഫ്ലൂയിഡ് ആയ ഭാഷയെക്കുറിച്ചാണ്. പക്ഷേ ഇതേ ഫ്ലൂയിഡ് ആയ ഭാഷയായിരുന്നു ഒരുകാലത്ത് അത് സംസ്കൃതത്തിന്റെ കയ്യിൽ പെട്ടുപോയിരുന്നപ്പോള്‍ ഉണ്ടായിരുന്ന നാടൻ പാട്ടുകളിലും, കൊയ്ത്തുപാട്ടുകളിലുമൊക്കെ ഉണ്ടായിരുന്നത്. അവിടെ നിന്ന് വളർന്ന്‍ അത് പൊടുന്നനെ ഒരു ഇറക്കത്തിലേക്ക് പോയി. അത് പ്രകടമാണ്. അതിന്റെ സൈഡ് എഫെക്റ്റ് തന്നെയാവും ഈ ഫ്ലൂയിഡ്നെസ്സിനും കാരണം. പക്ഷേ അത് തിരിച്ചുവരുമെന്നും, അതിന്റെ ചിറക് മുളയ്ക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്ന മാറ്റങ്ങൾ ഇപ്പോൾ ഉണ്ട്. എത്രപേർക്ക് കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉപയോഗിക്കാൻ കഴിയും എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. പക്ഷേ ആ ഒരു ഘട്ടത്തിലേക്ക് വളരുകതന്നെയാണ് പുതിയ വിനിമയ സങ്കേതങ്ങൾ.അതിനനുസരിച്ച് ഭാഷയെ,അല്ലെങ്കിൽ ഭാഷയുടെ നൂലൊഴുക്കിനെ കൊണ്ടുപോകുന്നതിൽ ഈ കഥകൾ പങ്കു വഹിക്കുന്നുണ്ട്. നിരന്തരമായ എഴുത്തും.പരീക്ഷണങ്ങളും ഒരിക്കലും അവസാനത്തെ ഉത്തരമല്ല, ഉത്തരത്തിലേക്കുള്ള വഴിയാണ്. ആ വഴിയാണ് സിമിയുടെ എഴുത്തിന്റെ സവിശേഷത.

“ദിസ് ഓള്‍ കണ്ട്രി ഈസ് ഗോയിങ്ങ് ഇന്‍ ദ് റോങ്ങ് ഡയറക്ഷന്‍, ഈ രാജ്യം മുഴുവനും വിപരീതദിശയിലാണ് ഓടുന്നത്” - രഘു.

കാഴ്ചകളാണ് കഥാകാരന്റെ സഞ്ചാര പഥം. കാഴ്ചകള്‍... മറ്റുള്ളവരില്‍നിന്നും വ്യത്യസ്ഥമായ കാഴ്ചകള്‍, അവര്‍ കാണാതെ പോയ കാഴ്ചകള്‍, അവഗണിക്കപ്പെട്ട കാഴ്ചകള്‍, സത്യത്തില്‍നിന്ന് അസത്യത്തിലേക്കും തിരിച്ചും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കാഴ്ചകള്‍, കാഴ്ചക്കൊന്നുമില്ലാത്ത ശൂന്യതയില്‍ വരച്ചെടുക്കുന്ന കാഴ്ചകള്‍...ഈ ലോകം മുഴുവനും തെറ്റായ ദിശയിലാണു ചരിക്കുന്നതെന്നു രഘുവിനെക്കൊണ്ടു പറയിക്കുന്ന കഥാകാരന്റെ കാഴ്ചവട്ടം നമുക്കുമുന്നില്‍ വെളിവാക്കുന്നുണ്ട് തന്റെ കാഴ്ചകളിലെ വൈവിദ്ധ്യവും വൈരുദ്ധ്യവുമൊക്കെ.

രഘു. സിമിയുടെ പലകഥകളിലേയും നായക കഥാപാത്രമാണു കക്ഷി. സിമിയുടെ തന്നെ വ്യക്തിത്വത്തിന്റെ ദ്വന്തമെന്നു വിശേഷിപ്പിക്കാം. രഘു കഥയില്‍ വരുമ്പോഴൊക്കെ സിമിയുടെ എഴുത്തിനൊരു പ്രത്യേക ശക്തി വന്നു ചേരുന്നു. അതൊരു പ്രത്യേക തലത്തിലേക്ക് വായനക്കാരനെ കൊണ്ടു പോകുന്നു. യാഥര്‍ത്ഥ്യായാഥാര്‍ത്ഥ്യങ്ങളുടെ ഒരു പ്രത്യേക ലോകത്തിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നു.

സിമിയുടെ പ്രഥമ കഥാ സമാഹാരമായ ‘ചിലന്തി’ യിലും നിറഞ്ഞു നില്‍ക്കുന്നുണ്ട് രഘു. മണിക്കൂറില്‍ നൂറ്റിയെണ്‍പതുകിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന ഏകദിശയിലുള്ള നാലുവരിപാതയിലൂടെ വായനക്കാരന്റെ മനസിന്റെ വിപരീതദിശയിലേക്ക് വണ്ടിയോടിച്ചു കയറ്റും, അയാള്‍!

കഥാന്ത്യം എന്ന കഥയില്‍ കഥാകൃത്തായ സിമിയും കഥാപാത്രമായ രഘുവും തമ്മില്‍ കണ്ടുമുട്ടുന്നുണ്ട്. രഘുവിനെ കൊല്ലുവാനുള്ള കഥാകൃത്തിന്റെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ടിരിക്കുന്നു മറ്റു കഥാപാത്രങ്ങളായ ഭീമനും ദുര്യോധനനുമൊക്കെ. ‘എനിക്കു മരിക്കണ്ട...എനിക്കു മരിക്കണ്ട... ഭീമാ, ദുര്യോധനാ എന്നെ താഴെയിറക്കൂ എന്ന് പറഞ്ഞു അലറിവിളിക്കുന്നു രഘു. അതോടൊപ്പം സിമിയെ ഓര്‍മ്മപ്പെടുത്തുക കൂടിചെയ്യുന്നുണ്ട്, “സിമീ, നീ ഒന്നും മനസിലാക്കൂ, വായനക്കാരും ഇതു മനസിലാക്കും. ഞാന്‍ നിന്റെ പ്രതിപുരുഷനാണ്. നിന്റെ ആള്‍ട്ടര്‍ ഈഗോ. നിനക്കു നിന്റെ ജീവിതത്തില്‍ ആകാന്‍ കഴിയാത്ത പ്രതിരൂപം. നിന്റെ സ്വപ്നങ്ങളുടെ മൂര്‍ത്തിമദ് ഭാവം...”

കര്‍മ്മബന്ധങ്ങളിലൂടെ വന്നു ചേരുന്ന, എത്ര തൂത്താലും പോകാത്ത, ചില ജന്മ ചോദനകളെ ഓര്‍മ്മിപ്പിക്കുന്നു ചിലന്തി എന്ന കഥ. വലനെയ്യുമ്പോള്‍ ചിലന്തി ഒരു കലാകാരനാണ്. കലാകാരന് കല അവന്റെ ധ്യാനമാണ്. ഏതുകലാ‍കാരനേയും പോലെ ചിലന്തി ആഗ്രഹിക്കുന്നത് തന്റെ കല തനിക്കുചുറ്റുമുള്ള ലോകമാകെ വ്യാപരിപ്പിക്കണമെന്നും അങ്ങിനെ തന്റെ സ്വത്വത്തെ കണ്ടെത്തണമെന്നുമാണ്. എന്നാല്‍ ആത്യന്തികമായി ചിലന്തിവലയുടെ കര്‍ത്തവ്യം ഇരയെ വീഴ്ത്തുക എന്നതാണ്. തനിക്കുചുറ്റിലും വര്‍ണ്ണച്ചിറകു വിരിച്ചു നൃത്തം വെക്കുന്ന പൂമ്പാറ്റയില്‍ അനുരക്തനാകുന്നു ചിലന്തി. അവന്‍ അവളെ ആകര്‍ഷിച്ച് തന്നിലേക്കടുപ്പിക്കുന്നു. എന്നാല്‍ തന്റെ അധമചോദനകളില്‍ നിന്നും മോചിതനാകാത്ത ചിലന്തി തന്റെ മറ്റിരകളെപ്പോലെ പൂമ്പാറ്റയേയും കൈകാര്യം ചെയ്യുന്നു. ഒടുവില്‍ നഷ്ടബോധത്തിലകപ്പെട്ട് അനന്തമായ വേദനയാല്‍ അവന്‍ ഉറക്കെ കരയുന്നു. എന്നാല്‍ മറ്റൊരു പൂമ്പാറ്റയുടെ ഊഴമെത്തുന്നതോടെ അവന്‍ വീണ്ടും പ്രണയാതുരനാകുകയും അവന്റെ ചിലന്തിജന്മത്തിന്റെ അവസ്ഥാന്തരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കയും ചെയ്യുന്നു.

മൂന്നു ഭാഗങ്ങളായിട്ടാണ് ‘പരമേശ്വരന്റെ ജീവിതവും മരണവും’ എന്ന കഥ പറഞ്ഞു പോകുന്നത്. ആദ്യ ഭാഗത്തിലെ പരമേശ്വരനും രണ്ടാം ഭാഗത്തിലെ ഈശ്വരനും മൂന്നം ഭാഗത്തിലെ ദൈവവുമൊക്കെ ഒറ്റയാള്‍ തന്നെയാണ്. ഒരു ചിത്രകാരന്‍. പ്രകൃതിദൃശ്യങ്ങളെ വരച്ച് ബോറടിച്ചപ്പോഴാണ് പരമേശ്വരന്‍ പക്ഷിമൃഗാദികളിലേക്ക് തിരിഞ്ഞത്. അവയും ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ പരമേശ്വരന്‍ കണ്ണാടി നോക്കി തന്റെ തന്നെ രൂപം വരക്കാന്‍ ശ്രമിക്കുകയും ആ രൂപത്തിന് ആദം എന്ന് പേരിടുകയും ചെയ്യുന്നു. പിന്നെ, ആദം, ഹവ്വ, കുട്ടികള്‍... രസകരമായ കഥപറച്ചിലിലൂടെ തുടങ്ങി ഒടുവില്‍ “ഞാനാടാ പട്ടികളെ നിങ്ങളെയെല്ലാം ഉണ്ടാക്കിയത്..” എന്ന് തന്റെ സൃഷ്ടികളെ നോക്കി വിളിച്ചു പറയേണ്ടിവരുന്ന ഒരു പാവം ദൈവത്തിന്റെ നിസ്സഹായതയിലൂടെ കടന്നു പോകുന്നു ഈ കഥ.

പുരാണത്തിലെ പൂതനാമോക്ഷം രസകരമായി, തന്റെ ഭാവനകൊണ്ട് സമ്പുഷ്ടമാക്കി അവതരിപ്പിച്ചിരിക്കുന്ന ‘പൂതന’യെന്ന കഥയും സ്വര്‍ണ്ണകലമാന്‍, പൂത്തുമ്പി തുടങ്ങിയ അതിമനോഹരങ്ങളായ കഥകളും ആണെഴുത്ത്, ഉള്ളിലേക്കു ചൂഴ്ന്നു നോക്കുമ്പോള്‍, നീലിമ, മയില്‍പ്പീലി തുടങ്ങിയ തന്റെ ക്ലാസ് ഹിറ്റുകളും ഏതാനും കുറുങ്കഥകളുമടങ്ങിയ ഈ സമാഹാരത്തെ മലയാള ചെറുകഥാലോകത്തിന് അവഗണിച്ചു കടന്നു പോകാനാവില്ല തന്നെ.

പൂത്തുമ്പി എന്ന കഥയ്ക്ക് സനാതനന്‍ ഒരുക്കിയ വായനകൂടി ഇതോടൊപ്പം കൂട്ടി വായിക്കുക പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍.

ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍

ആ പട്ടി ആരായാലെന്താ?

മേശക്കുമേലെ
ആഞ്ഞൊന്നടിച്ച്
കസേര
അടക്കമേതുമില്ലാതെ
പിന്നോട്ടു വലിച്ചിട്ട്
വളഞ്ഞ വാല്
അല്പം വശത്തോട്ട്
ചെരിച്ചുവെച്ച്
പത്രാധിപന്
അഭിമുഖമായിരുന്നു
ഒരു മുഷിഞ്ഞ പട്ടി.

വാ പൊളൊച്ചിരുന്ന
പത്രാധിപന്
എഴുതിയെടുക്കാന്‍
ആംഗ്യം കൊടുത്ത്
നീളത്തിലും വട്ടത്തിലും
മോങ്ങാന്‍ തുടങ്ങി
ഓടയുടെ നാറ്റമുള്ള
ചാവാലി പട്ടി.

പട്ടികളുടെ ഭാഷ
വശമില്ലാത്തതിനാലോ
യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലേക്ക്
കയറിവരുന്ന ചില
കുഴമറിച്ചിലുകളിലെ
സത്യവും മിഥ്യയും
തിരിച്ചറിയാനുള്ള
വകതിരിവില്ലാത്തതിനാലോ
വാ പൊളിച്ച് അതേ ഇരിപ്പ്
പത്രാധിപസുഹൃത്ത്.

എന്നിരിക്കിലും,
തുടര്‍ന്നു വന്ന ലക്കത്തിലും
അതിന്റെ പിറ്റേതിന്റെ
പിറ്റേ ലക്കത്തിലും വന്നു
സമാനതകളില്ലാത്ത
ഒരു ആറുഖണ്ഡം മോങ്ങല്‍...

അടഞ്ഞവാതില്‍

തുറന്നു കിടന്നപ്പോള്‍
എല്ലാം എല്ലാവരും
അറിയുമായിരുന്നു.

പത്തായത്തിന്റെ പട്ടിണി
ദീനം വന്ന
മുത്തശ്ശിയുടെ നിലവിളി
ചാരുകസേരയിലെ
പിഞ്ഞി പൊട്ടിവീഴാറായ
പരുത്തി തുണി.

തുറന്നുകിടന്നപ്പോള്‍
എല്ലാം എല്ലാവരും
കാണുമായിരുന്നു.

പോരിനിറങ്ങുന്ന
പെണ്ണുങ്ങളുടെ
അങ്കവീര്യം
തെരുവിലേക്ക്
മിഴി പായിച്ചു നിന്ന
പത്താം ക്ലാസുകാരിയുടെ
മനോരാജ്യം
കു.നാഥന്റെ
ആകുലതകള്‍, ആശങ്കകള്‍...


ചിലപ്പോഴൊക്കെ
മ്മടെ നാണിത്തള്ളേടെ
പാടെന്താണ്
എന്ന് തിരക്കി
റോഡ് നമ്പര്‍ 12A യില്‍ നിന്ന്
റോഡ് നമ്പര്‍ 12B യിലേക്ക്
പ്രവേശിക്കേണ്ടവര്‍
പടിഞ്ഞാറേപ്പുറത്തൂടെ കയറി
ഉമ്മറത്തൂടെയും തിരിച്ചും
കടന്നുപോയി.

അല്ല ഇന്നലെന്തേര്‍ന്ന്...
ഇന്നും അടുപ്പ്
പുകഞ്ഞില്ലേ...
തുടങ്ങി
തെരുവിലൂടെ പോയചിലര്‍ക്ക്
കടന്നുകയറണം.
പൊറുതി മുട്ടിയപ്പോഴാണ്
വാതിലുകളും ജനാലകളും
അടച്ചുവെച്ചത്.

ഇപ്പോള്‍
അടഞ്ഞ ജനാലയുടെ
വിടവില്‍
ഇളകിയാടുന്ന
പിഞ്ഞിയകര്‍ട്ടന്‍
എന്തു മനോഹരം
അകത്തുനിന്ന്
നേര്‍ത്ത തുളകളിലൂടെ
പുറത്തൊഴുകുന്നത്
ആകാശവാണിയിലെ
പാട്ടുകള്‍ മാത്രം

ഗാമ വന്നില്ലായിരുന്നെങ്കില്‍

ഒരു വര്‍ഷം മുമ്പത്തെ ഒരു പോസ്റ്റ് വീണ്ടും പോസ്റ്റ്ചെയ്യുന്നു.


പാറൂട്ടിയിന്നലെയൊരു
വേലയൊപ്പിച്ചു.

ആയിരത്തിനാനൂറ്റിത്തൊണ്ണൂറ്റി-
യെട്ടില് ഗാമ കപ്പലിറങ്ങിയെന്ന
ചരിത്രപുസ്തകത്തിലെ വരികള്
കരിതേച്ച് മായ്ച്ചുകളഞ്ഞു.

പാര്‍ലമെന്റിലെ
പ്രതിപക്ഷത്തെപ്പോലെ
ചരിത്രപുസ്തകത്തില്‍ നിന്നും
ഇറങ്ങിപ്പോക്കിന്റെ ആരവം.

ആദ്യമിറങ്ങിയത്
സാക്ഷാല്‍ ഗാന്ധി,
പിന്നിലായ് നെഹ്രുവും
പരിവാര ഗാന്ധിമാരും.

ബോസും ഭഗത്‌സിങ്ങുമിറങ്ങിയില്ല,
അവരുടെ പിറകില്‍
ഹൃദയത്തില്‍ വിപ്ലവമുള്ള
ചിലരുറച്ചുനിന്നു.

ഭരണം തിരിച്ചുകിട്ടിയ
രാജകൊട്ടാരങ്ങളില്‍ നിന്നും
പടപ്പുറപ്പാടിന്റെ ഹുങ്കാരം,
പണത്തിളപ്പിന്റെ കൊലവിളി.

പാഴായ ഭരണഘടന
വെയ്സ്റ്റുകൊട്ടയിലിട്ട്,
ദളിത ശബ്ദമുയര്‍ത്തിയ അംബേദ്കറെ
രാജാധികാരികള്‍ ശിരച്ഛേദം ചെയ്തു.

കീഴാളചരിതം തേടിയെത്തിയ
ചരിത്ര വിദ്ദ്യാര്‍ത്ഥി
യുദ്ധചരിതം വായിച്ച്
എന്നോടേറ്റുമുട്ടാനൊരുങ്ങി.

ഞാനിന്നൊരു പുതിയ-
ചരിത്രപുസ്തകം വാങ്ങിച്ചു.
പാറൂട്ടിക്ക് കിട്ടാതെ
അലമാരയില്‍ സൂക്ഷിച്ചു.


എഴുതിയത് കിനാവ് സമയം 4:59 PM
വിഭാഗം

4 അഭിപ്രായങ്ങള്‍:
കിനാവ്‌ said...
ഞാനിന്നൊരു പുതിയ-ചരിത്രപുസ്തകം വാങ്ങിച്ചു.പാറൂട്ടിക്ക് കിട്ടാതെഅലമാരയില്‍ സൂക്ഷിച്ചു.....പാറുകുട്ടിയിന്നലെയൊപ്പിച്ച വേലകാരണം എനിക്കുണ്ടായ പുകിലുകള് പറഞ്ഞതാണ്. എഴുതിയപ്പോള്‍ ഒരുപാടുണ്ടായിരുന്നു. എഡിറ്റു ചെയ്തപ്പോള്‍ ഇത്രയായി. എഡിറ്റു ചെയ്തവപൂരിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ ഈ കവിത വിജയിച്ചു. ഒരു പുതിയ പോസ്റ്റ്....
June 1, 2007 5:25 PM
Dinkan-ഡിങ്കന്‍ said...
:) Good
June 1, 2007 11:51 PM
ബിജുരാജ്‌ said...
അപ്പൊള്‍ ഇതാണൊ കാലം .. ? കൊള്ളാം നന്നായിട്ടുണ്ട്..
June 2, 2007 4:34 PM
കിനാവ്‌ said...
ഡിങ്കന്‍, ബിജുരാജ് നന്ദി.
June 8, 2007 7:42 PM

അപരന്‍

പുഴുകുന്ന ചൂടിലേക്ക്
ബസിറങ്ങി
‘ന്ന’ എന്നെഴുതി
തൂണുകളില്‍
ഉയര്‍ത്തി നിറുത്തിയ
ബസ്റ്റാന്റിലെ
ഇരിപ്പിടത്തിലേക്ക്
നടക്കുമ്പോഴാണ് കണ്ടത്

മിനാ സല്‍മാന്‍
റൂട്ട് - 3എന്ന്
ബോര്‍ഡെഴുതിവെച്ച
തൂണില്‍
ചാരി നില്‍ക്കുന്നൂ
കണ്ണാ‍ടിയിലെന്നും കാണുന്ന
സ്വന്തം രൂപം.

കയ്യിലെ കവറില്‍
ഇന്റര്‍വ്യൂ ചെയ്തവന്റെ
പരിഹാസം
ഫയല്‍ ചെയ്തതാകാം
വലത്തോട്ടു ചീകിവെക്കുന്ന മുടി
കണ്ണാടിയിലേതുപോലെതന്നെ
ഇടത്തോട്ടു ചീകിവെച്ചിട്ടുണ്ട്.

ശങ്ക തീര്‍ക്കാന്‍
ഇടത്തേകൈയ്യൊന്നു
വലത്തേക്ക് കുടഞ്ഞു നോക്കി
കുടയുന്നില്ല
വലത്തേ കൈ
ഇടത്തേക്ക്,
വലത്തേ കാലൊന്നു
മുന്നോട്ടുവെച്ചു
വെക്കുന്നില്ല രൂപം
ഇടത്തേ കാല്
മുന്നോട്ട്.

അടുത്തു ചെന്ന് തുറിച്ചുനോക്കി
കണ്ണാ‍ടിയിലെ
എന്നെപ്പോലെ തന്നെ
ഞാനല്ലേ എന്ന് ചോദിച്ചു*
കൈ പിടിച്ചു കുലുക്കി.
പിടി തരാത്ത ഭാഷയില്‍
‘നെല്ലിക്കാത്തളം’
മണ്ടയെ തണുപ്പിക്കുമെന്നോ മറ്റോ
പറഞ്ഞായിരിക്കണം
ഓടിത്തുടങ്ങിയ ബസിലേക്ക്
ചാടിക്കയറി
സ്കൂട്ടായി പാവം.


* (കട്: ‘ഞാനല്ലേ എന്ന് ചോദിച്ചില്ല’ ലതീഷ്മോഹന്‍)

സിനിമയുടെ ഇടവേളയില്‍

ആദ്യന്തം
നിഗൂഢത നിറഞ്ഞ
സിനിമയുടെ
രണ്ടാം പകുതിയുടെ തുടക്കത്തില്‍
നായകന്‍
പ്രേക്ഷകരോട് ഒറ്റചോദ്യം

രണ്ടു ഖണ്ഡങ്ങളുള്ള
സിനിമയുടെ
ഇടവേള(ക്കിട)യില്‍
നിങ്ങളെന്തു ചെയ്തു?

ചിലരൊക്കെ
ഐസ്ക്രീം നുണഞ്ഞ്
കടല കൊറിച്ച്
കൂടെ വന്നവരോട്
വരാനിരിക്കുന്ന ഭാഗത്തെക്കുറിച്ച്
തര്‍ക്കിച്ച്
മുന്നിലും പിന്നിലും
വശങ്ങളിലുമിരിക്കുന്ന
പഞ്ചാരക്കുഞ്ചികളോട്
കുശലം പറഞ്ഞ്
വരാനിരിക്കുന്ന
ഇരുളിന്റെ
സുഖലോലുപത
സ്വപ്നം കണ്ട്...

ചിലരൊക്കെ
മൂത്രപ്പുരയിലെ ചുവരില്‍
സജ്ന + നാസര്‍
എന്നെഴുതിയതിനരികില്‍
നഗ്നത കോറിയിട്ട്
തെറിയെഴുതിപ്പെടുത്ത്
ഒരു സിഗരെറ്റെടുത്ത് പുകച്ച്
അരയില്‍ തിരുകിയ മൂന്നെക്സ്
വെള്ളം തൊടാതെ വിഴുങ്ങി
പല ഈണങ്ങളില്‍ കൂകി
ആവിഷ്കാരത്തിലെ
സ്വത്വത്തിനലഞ്ഞ്...

ചിലരൊക്കെ
ഒറ്റക്കിരുന്ന്
നായകനെക്കുറിച്ച്
സംവിധായകനെക്കുറിച്ച്
ക്യാമറാമാനെക്കുറിച്ച്
നായികയുടെ
വടിവൊത്തമേനിയെക്കുറിച്ച്
തലപുകഞ്ഞ് ചിന്തിച്ച്
കൂട്ടംകൂടി ചര്‍ച്ചിച്ച്...

ഒരൊറ്റ പ്രസ്താവനയില്‍
നായകന്‍
സിനിമയവസാനിപ്പിച്ചു.
‘നിങ്ങളുടെ ജീവിതം ഇവിടെ പൂര്‍ണ്ണം!‘

എഴുത്തുകാരിയും പെണ്ണെഴുത്തും.

വെങ്കലവും കണ്ണാടിയും രണ്ടും ലോഹമാണ്. പ്രകാശം പ്രതിഫലിക്കുമ്പോഴാണ് ഒന്ന് കണ്ണാടിയായി മാറുന്നത് എന്ന് ഒരു വചനം കവിതയുണ്ട്. എനിക്ക് കഥ കണ്ണാടിയാവണം. അതില്‍ മുഖം നോക്കുന്ന വായനക്കാരന്റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തിനോടാണ് ചായ്‌വ്, സ്നേഹത്തിനോടല്ല. ഇതെനിക്ക് പ്രധാനമായ ഒരു സംഗതിയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പല തലങ്ങളിലായി സത്യം വിന്യസിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ വാക്കുകളില്‍ കാണുന്നതല്ല പലപ്പോഴും അവയുടെ മനശാസ്ത്രപരമായ സത്യം. മനശാസ്ത്രപരമായതല്ല ദാര്‍ശനികമായ സത്യം. ദാര്‍ശനികമായതല്ല മൌനമായിരിക്കുന്ന സത്യം. ഇങ്ങനെയാണ് കഥയില്‍ മൌനവും എനിക്ക് പ്രധാനമായി വരുന്നത്. വരികള്‍ക്കിടയില്‍ പറയാതെയിരിക്കുന്ന കഥയുടെ ആ തലം സുപ്രധാനമായിത്തീരുന്നത്.-അഷിത-

എഴുത്തിന്റെ പക്ഷം ചേരല്‍


വായന. സുധാകര്‍ മംഗളോദയത്തിലും ബാറ്റണ്‍ബോസിലും തുടങ്ങി കാനം ഇ.ജെയിലും മുട്ടത്തുവര്‍ക്കിയിലും അവസാനിക്കുന്ന വായന. എം.ടിയിലും സി.രാധാകൃഷ്ണനിലും തുടങ്ങി ആനന്ദിലവസാനിക്കും ചിലത്. വിശ്വസാഹിത്യത്തിലൂടെ മാത്രം കടന്നു പോകുന്ന വായനയുമുണ്ട്. ഇടക്കൊക്കെ ഓരോ കവിതയും ചെറുകഥയും. വായനശാലയിലെ സൂക്ഷിപ്പുപുസ്തകം വായനയെക്കുറിച്ച് ഇത്രയൊക്കെയെ പറയൂ. എഴുത്തുകാരെകുറിച്ചാണെങ്കില്‍ നോവലെഴുത്തുകാരെ കുറിച്ചു മാത്രവും.

ലൈബ്രറിയിലെ സൂക്ഷിപ്പുപുസ്തകത്തെപ്പോലെ തന്നെ പക്ഷം പറയുന്ന സുഹൃത്തുക്കളുണ്ട്. പെണ്ണെഴുത്തിന്റെ പക്ഷം. വേറെ ചിലരാകട്ടെ ദളിതെഴുത്തുകാരെക്കുറിച്ചും പറയുന്നു. എഴുത്തിന് പക്ഷമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ മറുപടി. കഥയുടേയും കവിതയുടേയും ലോകത്തെ പക്ഷപാതപരമായി വേര്‍തിരിക്കേണ്ടതുണ്ടോ എന്നത് ചോദ്യമായി തന്നെ നില നില്‍ക്കുകയും ചെയ്യും. കഥ കണ്ണാടിയാകാതെ, വായനക്കാരന്റെ കണ്ണില്‍ പുകമറ തീര്‍ത്ത് വായുവില്‍ അലിഞ്ഞു തീരും. സത്യമല്ലാതെയിരിക്കുന്ന സത്യത്തെക്കുറിച്ച് വാചാലമാകും.

സാറാജോസഫിന്റെ എഴുത്ത് എടുത്ത് പരിശോധിച്ചാല്‍ അറിയാം പെണ്ണെഴുത്തിലേക്കു തിരിയുന്നതിനുമുമ്പുള്ള അവരുടെ എഴുത്തും ഇപ്പോഴത്തെ എഴുത്തും തമ്മിലുള്ള വ്യത്യാസം. ഒരു ‘ആലാഹയുടെ പെണ്മക്കള്‍’ അല്ലാതെ ഓര്‍മ്മിച്ചു വെക്കാവുന്ന ഒന്നും പുതിയതായി അവരുടേതില്ല.

പ്രകാശം പരത്തുന്ന എഴുത്ത്

വായിച്ചശേഷം ഒന്നുകില്‍ കരയുക അല്ലെങ്കില്‍ ചിരിക്കുക അതുമല്ലെങ്കില്‍ എഴുത്താള്‍ക്ക് ഒരു കത്തെഴുതണമെന്ന് തോന്നിക്കുക, അതിലൊതുങ്ങിയിരുന്ന ചെറുകഥാ വായനയില്‍ നിന്നും കൈ പിടിച്ചുയര്‍ത്തിയത് കഥയിലെ ‘കാലഭൈരവനാ’ണ്. ടി. പത്മനാഭന്‍. എംടിയും കാരൂരുമൊക്കെ ഇല്ലായിരുന്നെന്നല്ല. ഓ.വി വിജയന്റെ ‘കടല്‍ തീര’ത്തെ മറന്നതുമല്ല. ‘പുഴകടന്ന് മരങ്ങളുടെയിടയിലേക്കെ’ത്തിയപ്പോഴെക്കും അത്ര പോരല്ലോ എന്ന് തോന്നാന്‍ തുടങ്ങിയെങ്കിലും നളിനകാന്തിയും മഖന്‍സിങ്ങും ഗൌരിയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുമടങ്ങുന്ന മലയാള ചെറുകഥയിലെ ‘പൂച്ചക്കുട്ടികളുടെ വീട്’ ഇടക്കിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുക എന്നത് ഓരോ ചെറുകഥാ ആസ്വാദകന്റേയും പതിവുശീലമാകാം.

ചെറുകഥകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോളാണ് എഴുത്തുകാരനേക്കാള്‍ എഴുത്തുകാരികള്‍ വായനയിലേക്ക് സ്ഥിരപ്പെടാന്‍ തുടങ്ങിയത്. മാധവിക്കുട്ടിയും പുതിയ തലമുറയിലെ മാധവിക്കുട്ടിയായ പ്രിയ ഏ.എസും അഷിതയുമൊക്കെ പെണ്ണെഴുത്ത് എന്നതിനേക്കാള്‍ എഴുത്തിലെ വൈകാരികതകൊണ്ടാകണം ആകര്‍ഷിക്കപ്പെട്ടത്. അല്ലെങ്കിലും ഈ മൂന്നെഴുത്തുകാരികളേയും പെണ്ണെഴുത്തിന്റെ ചട്ടക്കൂട്ടിലേക്കൊതുക്കി നിര്‍ത്താന്‍ ആര്‍ക്കാണു കഴിയുക.

അഷിതയുടെ എഴുത്ത്.

അഷിതയുടെ ‘നിലാവിന്റെ നാട്ടില്‍’ എന്ന കഥാസമാഹരത്തിലെ ചില കഥകളെക്കുറിച്ച് കുത്തിക്കുറിക്കാന്‍ പ്രേരിപ്പിച്ചത് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഈവന്റാണ്.

സ്ത്രീ വിമോചന സെമിനാറാണ് ‘ശ്രേഷ്ടമായ ചില നുണകള്‍’ എന്ന കഥയുടെ വിഷയം. ശോഭയും കൂട്ടുകാരും സെമിനാറിനു പോരുന്നോ എന്ന് കണ്ണിറുക്കി ചോദിച്ചപ്പോള്‍ ജയകൃഷ്ണന്‍ ചാടിപുറപ്പെട്ടു. കൂടെ ആന്റണിയും. സെമിനാറില്‍ പുരുഷന്മാര്‍ക്കു നേരെ മുനവെച്ച ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ജയ്കൃഷ്ണനാകട്ടെ അപ്പോള്‍ ശോഭയുടെ പിന്‍‌കഴുത്തിന്റെ ആകര്‍ഷണീയതയില്‍ മുഴുകി ഇരിക്കുകയായിരുന്നു. അതു തന്നെയായിരുന്നു വേണ്ടിയിരുന്നത് ശോഭയ്ക്കും മറ്റ് വിമോചകര്‍ക്കും.

വിമോചനപന്തലില്‍ നിന്നും ജയകൃഷ്ണനും ആന്റണിയും പുറത്തിറങ്ങുന്നത് ഒരു ആള്‍കൂട്ടത്തിലേക്കാണ്. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒരു തെരുവുപെണ്ണിനെ അവളുടെ കെട്ടിയവന്‍ തലമുടി കുത്തിപ്പിടിച്ച് കാലു മടക്കി തൊഴിക്കുന്നു. മുലകുടിച്ചുകൊണ്ടിരുന്ന അവളുടെ കുഞ്ഞുമായി അവള്‍ താഴെ വീഴുന്നു. മൈക്കില്‍ പ്രസംഗം ഒഴുകി വരുന്നുണ്ട് - കന്യകയുടെ പുല്ലിംഗം, വേശ്യയുടെ എതിര്‍ ലിംഗം.....നീണ്ട കരഘോഷവും. സത്യത്തിലേക്കിറങ്ങി വരാത്ത വിമോചകരുടെ പുറംപോളിഷിനെ തുറന്നു കാണിക്കുന്നു എഴുത്തുകാരി.

സെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഒരോ പെണ്‍കുട്ടിയുടെ നോട്ടത്തിലും ഉത്കടമായ വൈരാഗ്യം വമിക്കുതുപോലെ. ഓരോ പുരുഷനും തോല്പിക്കപ്പെടേണ്ട എതിരാളിയാണെന്ന പോലെ ക്രുദ്ധമായ ഒരു നോട്ടത്തോടെ ശോഭയും കൂട്ടരും തലവെട്ടിച്ചു കടന്നു പോകുന്നു. ആന്റണിയും ജയകൃഷ്ണനും ആ തിരസ്കാരത്തിന് പകരം വീട്ടാന്‍ തെരുവുപെണ്ണിനെ ബലാല്‍ക്കാരം ചെയ്യുകയും അവള്‍ കുഞ്ഞുങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത മറ്റൊരു പത്രവാര്‍ത്തയായി മാറുകയും ചെയ്യുന്നു. സമത്വം, സ്വാതന്ത്ര്യം എന്തിന്, ജീവിതം തന്നെയും- ശ്രേഷ്ടമായ നുണകളായി അങ്ങനെയങ്ങനെ രൂപാന്തരം പ്രാപിക്കുകയാണെന്ന് പറഞ്ഞ് കഥാകാരി പിന്‍‌വാങ്ങുന്നു.

ലോകത്തിന് ചില വിടവുകള്‍’ എന്ന കഥയിലെ അഭിരാമിയോട് കൂട്ടുകാരിയായ പാര്‍വ്വതി, വിവാഹം ഒരു ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാടാണെന്നും താനൊരിക്കലും വിവാഹം കഴിക്കുകയില്ലെന്നും ഒരു ഫെമിനിസ്റ്റാകുമെന്നും പറയുന്നത് ഫെമിനിസത്തെ കളിയാക്കുന്ന എഴുത്തുകാരിയുടെ മനോഭാവത്തിന്റെ സാക്ഷ്യമല്ലാതെ മറ്റൊന്നല്ല. രസകരമാണ് അഭിരാമിയുടെ കഥ. മുതിര്‍ന്നവരുടെ ലോകത്തിലെ നുണകളുടെ അനന്തസാധ്യതകളും വൈരുദ്ധ്യത്തിലെ അപാരസ്വാതന്ത്ര്യവും ചുണ്ടനങ്ങാതെ നുണപറയാന്‍ മിടുക്കിയായ അഭിരാമിയെ കൊതിപ്പിക്കുന്നു. മനസിനും വാക്കിനും ഇടയിലൊരു വിടവ്, വാക്കിനും പ്രവൃത്തിക്കും ഇടയില്‍ മറ്റൊരു വിടവ്... മുതിര്‍ന്ന വ്യക്തിയാകുന്നതിന് അത്യാവശ്യം വേണ്ട ഗുണം ഇതാണെന്ന നിഗമനത്തിലെത്തിച്ചേരുന്നു അഭിരാമി.

പതിനാലാം വയസില്‍ അഭിരാമിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന രണ്ടു സുപ്രധാന കാര്യങ്ങളാണ് അവള്‍ക്ക് ആദ്യമായി ഒരു പ്രേമലേഖനം ലഭിക്കുന്നതും അവള്‍ മുതിര്‍ന്നകുട്ടിയാകുന്നതും. ഏകദേശം ആറുമാസം കഴിഞ്ഞപ്പോള്‍ അയല്പക്കക്കാരന്‍ ജസ്‌‌വീന്ദറുമായുള്ള പ്രണയത്തിന്റെ സുഖമമായ പോക്കിന് അവള്‍ ഒരു ട്വിസ്റ്റു കൊടുത്തു. അത് അവന്റെ ആത്മഹത്യാശ്രമത്തില്‍ കലാശിക്കുകയും ആ വാര്‍ത്തയറിയുമ്പോള്‍ -ഞാന്‍ പറഞ്ഞില്ലേ ജാന്വമ്മേ, ഈ ലോകം ഭയാനകമാണെന്ന്? എന്ന നിര്‍വ്വികാരമായ ഒരു ചോദ്യത്തിലൂടെ അവള്‍ എന്നെന്നേക്കുമായി മുതിര്‍ന്നവരുടെ ലോകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

നിരാശാഭരിതമായ തന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ മഹത്തരമായ ഒരു കഥയെഴുതുന്ന കഥാകാരനാണ് ‘കഥാവശേഷന്‍’ എന്ന കഥയിലെ നായകകഥാപാത്രം. കഥയും കഥാകാരനും തമ്മില്‍ കണ്ടുമുട്ടുന്ന അവസരത്തില്‍ കഥയുടെ ഉജ്ജ്വലമായ മുഖം കണ്ട് താന്‍ എഴുതിയിരുന്നതെല്ലാം കോപ്രായങ്ങളായിരുന്നു എന്ന് കഥാകാരന്‍ മനസിലാക്കുകയും -കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ എന്ന തിരിച്ചറിവിലേക്ക് പ്രവേശിക്കുകയും ആ നിമിഷം കഥ അയാളെ ഗാഢമായി ആശ്ലേഷിക്കുകയും ചെയ്യുകയാണ്. അതിനു ശേഷം അയാളും കഥയും ഏത് പൂവ്, ആരുടെ ചില്ല എന്ന് തിരിച്ചറിയപ്പെടാനാകാത്ത വിധം ഒന്നിക്കുകയും അയാള്‍ കഥാവശേഷനാകുകയും ചെയ്യുന്നു.

‘കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ’ എന്ന ബോധ്യമായിരിക്കണം തന്റെ ഭാവനയെ സ്വതന്ത്രമായി വിട്ടുകൊണ്ട് മലയാള ചെറുകഥാലോകത്തിലേക്ക് മികച്ച കഥകളെ സംഭാവനചെയ്യാന്‍ കഥാകാരിക്കു കഴിഞ്ഞത്. അല്ലെങ്കിലും, സ്വയം മറന്ന് നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാകുകയും അരങ്ങില്‍ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതി എഴുതി താന്‍ ഇല്ലാതാകുകയും കഥ മാത്രം അവശേഷിക്കുകയും ചെയ്യണം എന്ന് തന്റെ കഥാജീവിതത്തെക്കുറിച്ച് പറയുന്ന അഷിതയ്ക്കെങ്ങിനെയാണ് അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ട ചിന്തകള്‍ കൊണ്ട് തന്റെ ഭാവനയെ പരിമിതപ്പെടുത്താന്‍ സാധിക്കുക.

രൂപം മാറുമ്പോള്‍ സ്വയം മാറുന്നത്...

പട്ടികളും പന്നികളുമൊക്കെ രൂപം മാറി. കുറച്ചുനേരത്തേക്ക്!

വെള്ളിയാഴ്ച. ബാറിലെ അരണ്ട വെളിച്ചം. ഗ്ലാസില്‍ നുരയുന്ന ബിയര്‍. കയ്യിലെ എരിഞ്ഞുതീരുന്ന സിഗരറ്റിലേക്ക് നോക്കി എരിയുന്ന ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട് ഗണേശ് ഇരുന്നു.

സര്‍, ഒരു ബിയറുകൂടിയെടുക്കട്ടേ...
പിന്നിലെ കിളിനാദം ഉടല്‍ചൂടു പകരും വിധം ചാരിനിന്നു. പതിയെ ചുമലിലൂടെ കൈകള്‍ അരിച്ചിറങ്ങി. അരിച്ചിറങ്ങിയ കൈകളോടൊപ്പം മുഖത്തേക്കു പതിച്ച ചൂടുള്ള നിശ്വാസത്തേയും തട്ടിയകറ്റി.
പോകൂ...
താഴെ വീണ ഗ്ലാസിന്റെ ചില്ലുടയല്‍ ശബ്ദം…
മൊബൈല്‍ ചിലക്കുന്ന ശബ്ദം.
കഴിഞ്ഞോ...
ഉം.. ഞാനിറങ്ങി. ബംഗാളി കോളനിക്കരികില്‍...ഒരു ലക്ഷണം കെട്ട സാധനമായിരുന്നു. നാശം...
ഉം... ഞാനവിടെയെത്താം.
കട്ടുചെയ്തു.

കോളനിക്കരികിലെത്തിയപ്പോഴേക്കും പിടിവലി തുടങ്ങി.
സര്‍, പതിനെട്ടു വയസേയുള്ളൂ...
സര്‍, ഒരു ചുള്ളത്തി ബംഗാളി...
സര്‍, മുപ്പതുകാരി പാക്കിസ്ഥാനി...
നാടന്‍ മലയാളിപ്പെണ്ണ്...
ഉത്തരേന്ത്യന്‍ ചരക്ക്...
ഇത്തിരി ബലപ്പെട്ടു തന്നെയാണ് ഒരുത്തനെ തള്ളിമാറ്റിയത്.

കോളനിയിലേക്കുള്ള റോഡ് തുടങ്ങുന്നതിന് തെല്ലകലെ ജയ്സണ്‍ നില്‍ക്കുന്നു, പ്രൊഫസര്‍ ഫ്രാങ്ക് റിച്ചാര്‍ഡ് തന്റെ കണ്ടെത്തലുമായി ലോകം ചുറ്റുന്നതിന്റെ ഒരു നെടുങ്കന്‍ ഫ്ലെക്സ് ബോര്‍ഡിനരികില്‍.
ഇനിയെന്താണ്?
നേരെ റൂമ്‌ പിടിക്കണം, ഒരു കുളി, ഒറ്റ ഉറക്കം...
ഒന്നു കണ്ടാലോ...
ഫ്രാങ്കിന്റെ ഫ്ലെക്സ് ബോര്‍ഡിലേക്ക് വിരല്‍ ചൂണ്ടി ഗണേശ്.

മുതുകാടിന്റെ മാജിക് ഷോയ്ക്ക് ഒരുക്കിയ സ്റ്റേജുപോലെ വലിയ സ്റ്റേജ്. മണിക്കൂറുകള്‍ നീണ്ട രസതന്ത്രം ലോജിക്കല്‍ കത്തി. മുതുകാട് പ്രാവിനെ മുയലാക്കി മാറ്റുന്നതുപോലെ സ്റ്റേജിലേക്കുകൊണ്ടുവന്ന പട്ടിയേയും പന്നിയേയും രൂപം മാറ്റിക്കാണിച്ചു പ്രൊഫസര്‍. പുതുതായി കണ്ടുപിടിച്ച മരുന്നിന്റെ ഫലം. ചെറിയമാറ്റമായിരുന്നെങ്കിലും പട്ടി പട്ടിയും പന്നി പന്നിയുമല്ലാതായി മാറി. കുറച്ചു നേരത്തേക്ക്. കുറച്ചുനേരത്തേക്കു മാത്രം!

എന്തിനാണ് ഇങ്ങനെയൊരു മരുന്നെന്ന് ആര്‍ക്കും മനസിലായില്ല. ആരും ചോദിച്ചുമില്ല. എങ്കിലും ഇത്തിരി മരുന്നു കിട്ടുമോ എന്ന് പലരും അന്വേഷിക്കാതിരുന്നുമില്ല. ഒരു പാടുനേരത്തെ ശ്രമഫലമായി കുറച്ച് മരുന്ന് ഒപ്പിച്ചെടുത്തു ജെയ്സണ്‍.

കഴിച്ചുനോക്കിയാലോ?
വല്ല കഴുതേടേം രൂപം കിട്ടും.
എങ്കിലും കുറച്ചുനേരത്തേക്കല്ലേ...
പറഞ്ഞു തീരും മുമ്പേ മരുന്ന് വായിലേക്കൊഴിച്ചു ഗണേഷ്.

ഉള്‍വലിഞ്ഞ മീശരോമങ്ങള്‍ നിന്നിടത്ത് അങ്ങിനെയെന്തെങ്കിലും ഉണ്ടായിരുന്നെന്നതിന് യാതൊരു തെളിവും അവശേഷിക്കുന്നില്ല. ചര്‍മ്മവും മിനുസപ്പെട്ടിരിക്കുന്നു. മാറിടം വളര്‍ന്ന് ഹുക്കുകള്‍ക്കിടയിലൂടെ പുറത്തു ചാടാന്‍ വീര്‍പ്പുമുട്ടി. സ്ത്രൈണത മുറ്റിനിന്നു ഭാവത്തിലും ചലനങ്ങളിലും.

കണ്ണുകള്‍ പറിച്ചെടുക്കപ്പെടാനാകാത്ത ഉടല്‍ കുരുക്ക്. ജയ്സണ്‍ അവനിലരിച്ചു നടന്നു, സ്ഥലകാലങ്ങളിലേക്ക് ബോധപ്പെടും വരെ.

മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. പഴയ രൂപത്തിലേക്കിനിയും തിരിച്ചു മാറപ്പെട്ടിട്ടില്ല. പ്രൊഫസറും സംഘവും എപ്പഴേ സ്ഥലം വിട്ടിരിക്കുന്നു. എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങി ഇരുവരും.

ഇല്ല. ഈ രൂപത്തില്‍ റൂമിലേക്ക് കയറിച്ചെല്ലാന്‍ കഴിയില്ല. അവന്മാരൊന്നും പറഞ്ഞാല്‍ വിശ്വസിക്കയുമില്ല. മണിക്കൂറുകള്‍ എത്ര കഴിഞ്ഞിരിക്കുന്നു. നമുക്ക് ഏതെങ്കിലും ഹോട്ടലില്‍ ഒരു റൂം നോക്കാം. അതിനു മുമ്പ് ഒരു പെണ്ണുടയാട കിട്ടുമോന്നു നോക്കട്ടെ...

ഹൈപ്പര്‍മാര്‍ക്കറ്റിലെ ഫാഷന്‍ ഷോറൂമില്‍ നിന്ന്‍ അളവ് ഊഹിച്ചു വാങ്ങിയ വസ്ത്രങ്ങളണിയുമ്പോള്‍ നാണം. മണിക്കൂറുകള്‍ക്കു മുമ്പുവരെ തങ്ങള്‍ക്കിടയില്‍ ഇത്തരത്തിലൊരു വികാരമുണ്ടാകുമെന്ന് ഊഹിക്കാനേ കഴിയുമായിരുന്നില്ല ഇരുവര്‍ക്കും.

ഹോട്ടല്‍മുറി. അടഞ്ഞ വാതിലിനിടയില്‍ അടക്കമില്ലാത്ത പെണ്‍‌വസ്ത്രം ഒന്നുകുരുങ്ങി. പതുക്കെ വലിച്ചെടുത്തപ്പോള്‍ തിളങ്ങുന്ന നൂലുകളില്‍ ഒന്നുരണ്ടെണ്ണം അനുസരണക്കേടു കാട്ടി. തീന്‍‌മേശയില്‍ നിരന്നിരുന്ന ഭക്ഷണം അവരുടെ വിശപ്പില്ലായ്മയെ കൊഞ്ഞനം കാട്ടി.

റൂമിലെ ബഹളങ്ങളില്‍ അടിച്ചും തൊഴിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും കിടന്നുറങ്ങിയിരുന്നവര്‍ക്ക് ഹോട്ടല്‍മുറിയിലെ വിശാലമായ ഒറ്റക്കട്ടിലില്‍ ഒന്നിച്ചുകിടക്കാന്‍ മടി. പെണ്ണിനോടൊപ്പം കിടന്നു ശീലമില്ലാത്തവനല്ല ജെയ്സണ്‍, പക്ഷേ ഇതങ്ങിനെയല്ലല്ലോ…

കിടന്നിട്ട് ഉറക്കം വരുന്നില്ല. നിശബ്ദമായ ഇരുളില്‍ ഉച്ഛ്വാസത്തിന് എന്തൊരു കനം. റൂമിലെ കൂര്‍ക്കം വലികള്‍ക്കിടയിലും ഉറക്കം ശീലമാണ്. എന്നിട്ടും...

തിരിഞ്ഞും മറിഞ്ഞും കിടന്നു. അസ്വസ്ഥത. എഴുന്നേറ്റിരുന്നു ഗണേശ്, കുറേനേരം. അകലെ കൂറ്റന്‍ ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും ഒഴുകിയൊലിക്കുന്ന വര്‍ണ്ണവെളിച്ചത്തിലേക്ക് നോക്കി ജനലരികില്‍ ചെന്നു നിന്നു കുറേനേരം. പിന്നെയും ചെന്നുകിടന്നു. ഏ.സിയില്‍നിന്ന് നേരിയ കുളിര്. ഉടലിനെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ചുരുണ്ടുകൂടി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല.
എന്തു ചെയ്യും നാളെ... ഈ രൂപത്തില്‍ തന്നെയാണെങ്കില്‍...
ജയ്സന്റെ പതിഞ്ഞ ശബ്ദം.
ഒന്നും പറഞ്ഞില്ല ഗണേശ്.
ജയ്സണ്‍ ഗണേശിനരികിലേക്ക് നീങ്ങി കിടന്നു.
ഗണേശ്…
മൌനം
നീ…ശരിക്കുപറഞ്ഞാല്‍... കൊതിതോന്നുന്നു.
ജയ്സണ്‍ ഒന്നുകൂടി ചേര്‍ന്നുകിടന്നു.
ഞാനൊന്നു തൊട്ടോട്ടെ...
ഞാനൊന്നു ചുംബിച്ചോട്ടെ...

ജയ്സന്റെ വിരലുകള്‍ അരിച്ചു നടന്നു ഗണേശില്‍...

അപ്രതീക്ഷിതമായാണ് ആ തിരിച്ചറിവ് കയ്യില്‍ തടഞ്ഞത്... ഗണേശ് പൂര്‍ണ്ണമായും ഒരു പെണ്ണായിട്ടില്ല...

ഷോക്കേറ്റതു പോലെ കൈ പിന്‍‌വലിച്ചു ജയ്സണ്‍.

ലൈംഗികതൃപ്തിക്കുവേണ്ടി പെണ്ണിനെ ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ... എന്നാല്‍ ഒരു ആണ്‍...അല്ല, ഷീമെയില്‍...

തിരിച്ചറിവ് കുറച്ചുനേരത്തേക്കുമാത്രം. ഉപേക്ഷിക്കപ്പെടാന്‍ വയ്യാത്തവിധം കൊതിപ്പിക്കുന്ന മാംസളത... ഊഷ്മളത... വീണ്ടു ചേര്‍ന്നുകിടന്നു.

ജനല്‍ച്ചില്ലിനുള്ളിലൂടെ വെളുത്ത പകല്‍ കര്‍ട്ടനേയും തുളച്ച് കണ്ണിലേക്കരിച്ചിറങ്ങിയപ്പോഴാണ് എഴുന്നേറ്റത്. അപ്പോഴും കൂര്‍ക്കം വലിച്ചുറങ്ങുന്നു ജയ്സണ്‍. ജോലിക്കു പോകാന്‍ കഴിയില്ല. സമയം ഒരുപാടായിരിക്കുന്നു. ശരീരത്തിലെ നീറ്റലുകളിലേക്ക് കണ്ണോടിച്ചു. തൊട്ടു നോക്കി. പഴയ രൂപം തിരിച്ചുകിട്ടിയതില്‍ ആശ്വസിച്ചു.

അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ താഴെ തിരക്കു പിടിച്ചുകൊണ്ടിരിക്കുന്ന തെരുവ്. കമ്പോളം. കോളനികള്‍... മാര്‍ക്കറ്റു ചെയ്യപ്പെടാമായിരുന്ന ഒരു സാധ്യത കൂടി ഇല്ലാതായതിന്റെ ദു:ഖത്തില്‍ കമ്പോളം ഗണേശിനെ നോക്കി പുച്ഛച്ചിരി ചിരിച്ചു.

വൈറസ്

ചില മുന്നറിയിപ്പുകളെ
കപടസ്നേഹത്തിന്റെ
മുറുമുറുപ്പുകളെന്ന്
അവഗണിച്ചാണ്
പുതിയ ശീലങ്ങളിലേക്ക്
തോന്ന്യാസപ്പെട്ടത്.

ചില തോന്ന്യാസങ്ങളുടെ
ആനന്ദമൂര്‍ച്ചകള്‍-
ക്കിടെയിലാകണം
ചിലതൊക്കെ തിരിച്ചും
കടന്നുകൂടപ്പെട്ടത്.

പ്രതിരോധകങ്ങളെ
നിര്‍വ്വീര്യമാക്കിയാ‍കണം
വേരുപായിച്ചത്.

ആകെപ്പടര്‍ന്നിനി
വയ്യെന്നു വന്നപ്പോ‍ള്‍
അഭയമിരന്ന
ശാസ്ത്രവും കൈവിട്ടു

എത്രപെട്ടെന്നാണ്
തരിപ്പണമായത്
എന്റെ കമ്പ്യൂട്ടറിനകത്തെ
ആവാസ വ്യവസ്ഥ.

വീണ വായന

ചിറ്റോറം വേലികെട്ടി. നടുക്കൊരു വാഴവെച്ചു... ശ്രുതിക്കുട്ടീടെ കയ്യില്‍ വേലിയും വാഴയുമൊക്കെ അടയാളപ്പെടുത്തി റാണിമോള് കഥ പറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നിട്ടോ...
സ്റ്റമ്പും ബാറ്റുമെല്ലാം ഗ്രൌണ്ടിനരികിലെ ചിറയിലേക്കിട്ട് വിജീഷും അയാള്‍ക്കരികില്‍ ഇരിപ്പുറപ്പിച്ചു.
എന്നിട്ടെന്താ, നിന്റമ്മേ നിന്റപ്പന്‍...ഫ!
വഴിയോരത്തൂടെ ധൃതിയില്‍ നടന്നുപൊയ്ക്കൊണ്ടിരുന്ന മനോഹര്‍ജി ഒരാട്ട്.
ഹും, നാടുകത്തുമ്പോഴാ അവന്റമ്മേടെ വീണവായന...

പാണനെന്നാണ് അയാളെ വിളിക്കാറ്. പേരും ഊരുമൊന്നും ആര്‍ക്കും അറിയില്ല. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. കുറേ കാലങ്ങളായി ഇടക്കിടെ കാണാറുണ്ടെന്നുമാത്രം. ഒരു ഭ്രാന്തന്‍. നാടുമുഴുവന്‍ കറങ്ങിനടക്കുന്നവന്‍. തെരുവിലുണ്ട് തെരുവിലുറങ്ങുന്നവന്‍. കൂടില്ല. കൂട്ടില്ല. നാളെയെക്കുറിച്ച് വേവലാതികളില്ല. വന്നാല്‍ കുട്ടികളുമായാണ് കൂട്ട്. ഊരു തെണ്ടിയുടെ കാഴ്ചകള്‍ കുട്ടികളുമായി പങ്കുവെക്കും, തനിക്കുപരിചിതമായ നാടുകളിലൊക്കെ.

നീ കണ്ടോ കള്ളനെ, നീകണ്ടോ എന്ന് ഓരോവിരലുകളോടും ചോദിച്ച് ശ്രുതിക്കുട്ടീടെ വിരലുകള്‍ മടക്കിവെച്ചു റാണിമോള്. ദാ, ഇതിലെപ്പോയി ഇതിലെപ്പോയെന്ന് കൈത്തണ്ടകളിലൂടെ വിരലോടിച്ച്...ഇക്കിളികിളികിളി...
രണ്ടു പേരും ചിരിച്ചു കുഴഞ്ഞുമറഞ്ഞു. രണ്ടുവയസുകാരിക്ക് കഥ മനസിലായോ എന്തോ?

അമ്മ വിളിച്ചപ്പോഴാണ് ശ്രുതിക്കുട്ടിയെ ഉമ്മറത്ത് തനിച്ചാക്കി റാണിമോള് അമ്മയ്ക്കരികിലേക്കോടിയത്. ശ്രുതിക്കുട്ടിയാകട്ടെ അടിവെച്ചടിവെച്ച് മുറ്റത്തിറങ്ങി സ്വാതന്ത്ര്യമാഘോഷിച്ചു.

റാണിമോള്‍ തിരിച്ചെത്തുമ്പോള്‍ ശ്രുതിക്കുട്ടി വീടിന്റെ തെക്കേ അതിരിലെ ഇടവഴിക്കരികിലെത്തിയിരിക്കുന്നു. ഇടവഴിയോട് ചേര്‍ന്നു നിന്ന പൈന്‍ മരത്തിന്റെ വേരുകള്‍ക്കിടയില്‍ നിന്ന് എന്തോ വലിച്ചെടുക്കുന്നു.

മോളൂ അതവിടെയിട്, അപ്പി, അപ്പ്യാ അത്...
റാണിമോള്‍ ശ്രുതികുട്ടീടരികിലേക്ക് ഓടിയെത്തുമ്പോഴേക്കും വഴിയേപോയിരുന്ന അപ്പുവേട്ടന്‍ ഓടിയെത്തി റാണിമോളെ തടഞ്ഞുനിര്‍ത്തി.

ആളുകള്‍ കൂടാന്‍ തുടങ്ങി. അലമുറയിട്ടുകൊണ്ട് കുഞ്ഞിനടുത്തേക്ക് ഓടിയടുക്കാന്‍ തിടുക്കപ്പെടുന്ന അമ്മയെ മറ്റു സ്ത്രീകള്‍ തടഞ്ഞു നിറുത്തിയിരിക്കുന്നു.

ബോംബുതന്നെയാണെന്നാണ് കണ്ടവരൊക്കെ പറയുന്നത്. കഴിഞ്ഞ ദിവസം ശിവന്റമ്പലത്തിന്റര്യേത്ത്ന്ന് ഇതുപോലൊരെണ്ണാണ് പോലീസ് നിര്‍വ്വീര്യാക്ക്യേതെന്ന് ചാത്തേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. നാലു ദിവസം മുമ്പ് ചന്തയിലെ സ്ഫോടനത്തില്‍ രണ്ടാള് മരിച്ചതിനെക്കുറിച്ചാണ് മോയീനാപ്ല ഘോരഘോരം പ്രസംഗിക്കുന്നത്.

തനിക്കു ചുറ്റും ആളു കൂടുന്നതു കണ്ടപ്പോള്‍ ശ്രുതിക്കുട്ടീടെ കുസൃതികൂടി. കയ്യിലെ പൊതികൊണ്ട് ആളുകള്‍ക്കു നേരെ പലവിധ ചേഷ്ടകള്‍ കാണിക്കാന്‍ തുടങ്ങി. നൃത്തവും പാട്ടും തുടങ്ങി. തനിക്കു വഴങ്ങുന്ന അക്ഷരങ്ങള്‍കൊണ്ട് തനിക്കു വഴങ്ങുന്ന രീതിയില്‍...

നടുവില്‍ ശ്രുതിക്കുട്ടി. വലിയൊരു വൃത്തത്തില്‍ മനുഷ്യചങ്ങല കോര്‍ത്ത് നാട്ടുകാര്‍. ശ്രുതിക്കുട്ടിയെകൊണ്ട് കയ്യിലിരിക്കുന്ന പൊതി താഴെയിടീക്കുവാന്‍ ആംഗ്യങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് പലരും.

ആരോ വിളിച്ചു പറഞ്ഞതിനാലായിരിക്കണം ഒരു വണ്ടി നിറയെ പോലീസുകാരും എത്തിച്ചേര്‍ന്നിട്ടുണ്ട്. അവരും കാണികളെപ്പോലെ ഉത്കണ്ഠാഭരിതരായി നോക്കിനില്‍പ്പു തുടങ്ങി. ബോംബ്‌‌സ്ക്വാഡ് വരാനുണ്ടത്രേ... അരമണിക്കൂറെങ്കിലുമെടുക്കും.

വഴിയോരത്തൂടെ വലിയൊരു ജാഥ കടന്നുപോയി. പാണന്‍ കഥയൊന്നു നിറുത്തി. ക്രിക്കറ്റുകളിക്കുമ്പോളാണെങ്കില്‍ കളിനിറുത്തി ജാഥ കാണാറുള്ള കുട്ടികളാണ് അക്ഷമരായി പാണന്റെ ചുണ്ടനക്കത്തിനു കാതോര്‍ക്കുന്നത്. പകരം ഞങ്ങള്‍ ചോദിക്കുമെന്ന ജാഥയുടെ ആരവം ഒന്നൊതുങ്ങിയപ്പോഴേക്കും വിനോദിന്റെ ചോദ്യം.
എന്നിട്ട് ശ്രുതിക്കുട്ടിക്കെന്തേലും പറ്റ്യാ?

ജീപ്പിന്റെ ഇരമ്പല്‍. പോലീസ്. ബോംബ്സ്ക്വാഡു തന്നെ. ആളുകള്‍ വഴിയൊരുക്കി കൊടുത്തു. അവര്‍ മുന്‍‌കരുതലുകളെടുത്ത് ശ്രുതിക്കുട്ടിക്കരികിലേക്ക് നീങ്ങാന്‍ തുടങ്ങി.

പെട്ടെന്നായിരുന്നു അത്...പൊട്ടിത്തെറിയുടെ ശബ്ദം!!

ആളുകള്‍ അലറിവിളിച്ച് നാലുപാടും ചിതറിയോടി.

പൊട്ടിത്തെറിയുടെ ശബ്ദത്തോടൊപ്പം ആളുകളുടെ നിലവിളിയും പാച്ചിലും കണ്ട് ഭയന്നിട്ടാകണം ശ്രുതിക്കുട്ടി കയ്യിലുണ്ടായിരുന്ന പൊതി താഴെയിട്ട് അമ്മക്കരികിലേക്കോടിയത്.
തൊട്ടപ്പുറത്ത് നാരാണേട്ടന്റെ വീട് അഗ്നിമരം പൂത്തതുപോലെ നിന്നു കത്തുകയായിരുന്നു അപ്പോള്‍.

ശ്രുതിക്കുട്ടി രക്ഷപ്പെട്ടതിന്റെ ആശ്വാസവും നാരാണേട്ടന്റെ വീടിന്റെ എരിച്ചിലും കുട്ടികളുടെ മുഖത്തുനിന്ന് വായിച്ചെടുത്ത് പാണന്‍ പതുക്കെ മറ്റൊരു കളിക്കൂട്ടം തേടി നടത്തം തുടങ്ങി.

ചാവുകടല്‍

ഏഷ്യാനെറ്റിലെ
സന്തോഷ് ജോര്‍ജ്
‘കാമറയും കൊണ്ട്
ടിവിയിലേക്ക്
പ്രവേശിച്ചു.’

‘അബ്ബാസ്
അതിവേഗത്തിലാണ്
കാറോടിച്ചുകൊണ്ടിരുന്നത്...’
ഹൈവേയുടെ ഡിവൈഡറില്‍
മുളച്ചുപൊന്തിയ കൂറ്റന്‍ വേലി
അധിനിവേശത്തിന്റെ
അഹങ്കാരതിലകമായ്
കാമറ ചൂണ്ടികാട്ടി.
അത് ഇസ്രയേലിനെ
പലസ്തീനില്‍ നിന്ന്
അടര്‍ത്തിയെടുത്തു,
അത് ഒന്നിച്ചു നിന്ന
ഒരു ജനതയുടെ
ഹൃദയത്തെ
രണ്ടു പൊളികളാക്കി.

‘അബ്ബാസ്
അതിവേഗത്തിലാണ്
കാറോടിച്ചുകൊണ്ടിരുന്നത്...’
വഴിയരികില്‍
വെടികൊണ്ട് തുളവീണതും
പാതി തകര്‍ന്നതുമായ
കെട്ടിടങ്ങള്‍,
ചരിത്രവും പുരാണവും
ഇഴചേര്‍ന്ന
വിശുദ്ധസ്മാരകങ്ങള്‍,
യാസര്‍ അരാഫത്തിന്റെ
ഉയര്‍ന്നുകൊണ്ടിരിക്കുന്ന
പുതിയ സ്മാരകം.

‘അബ്ബാസ്
ചാവുകടലിന്റെ
തീരത്തൊരിടത്ത്
കാറ് ഒതുക്കി നിറുത്തി...‘
സഞ്ചാരികളുടെ
തിരക്കുള്ള
ചാവുകടല്‍ കാഴ്ചകള്‍.
ഒന്നിനേയും മുക്കികൊല്ലാന്‍
കെല്പില്ലാത്ത ചാവുകടല്‍!
വെള്ളത്തിനുമുകളില്‍
പൊങ്ങിക്കിടക്കുന്ന
ടൂറിസ്റ്റിന്റെ മടിയിലിരുന്ന്
കിന്നരിക്കുന്ന
പൂച്ചക്കണ്ണുള്ള
സുന്ദരി.
വെള്ളത്തിനുമുകളില്‍
പൊങ്ങിക്കിടന്ന്
ജീവിതം
ആസ്വദിക്കുന്ന
സഞ്ചാരികള്‍,
ചാവുകടലിലെ ചെളി
ദേഹമാകെ വാരിതേച്ച്
സ്വയം ചികിത്സിക്കുന്ന
ജീവിതാസ്വാദകര്‍.

സഞ്ചാരി
കാമറ ഓഫു ചെയ്തിട്ടും
ചാവുകടലിലെ
അലകളടങ്ങിയില്ല.
അത് പിന്നെയും
പതുക്കെ പതുക്കെ
ചുവക്കാന്‍ തുടങ്ങി.

അലറാം

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും
ടിക് ടിക്കെന്ന് മിടിച്ചിരുന്നതാണ്
രാവിലെ നേരത്തിന്
വിളിച്ചുണര്‍ത്താഞ്ഞപ്പോള്‍
കട്ടിലോട് കട്ടിലുരുമ്മിക്കിടന്ന
കിടപ്പറയിലെ
കന്യാകുമാരിക്കാരന്‍ പങ്കാളി
തെല്ലമര്‍ഷത്തോടെ
ബാറ്ററിവീക്കാണെന്ന്
പല്ലിറുമ്മി പ്രസ്താവിച്ച്
ആപ്പീസിലേക്കിറങ്ങി.

പ്രഭാതത്തില്‍ നിന്ന്
പ്രദോഷത്തിലേക്കോടിപ്പോകുന്ന
ആകാശപാതയിലെ
ഓട്ടക്കാരന്‍ പയ്യനൊരിക്കല്‍
നിശ്ചലനാകുന്നത് സ്വപ്നം കണ്ടു.

മഞ്ഞുരുകി
മലയുടെ വേര്‍പ്പുചാലായൊലിച്ച്
മലയന്റെ, പുലയന്റെ കുടിനീരായി
സമുദ്രത്തിലലിയുന്ന
നാണംകുണുങ്ങിപെണ്ണൊരിക്കല്‍
നിശ്ചലയാകുന്നത് സ്വപ്നം കണ്ടു.

നഗരത്തില്‍ നിന്ന്
നഗരത്തിലേക്കൊഴുകുന്ന
സമയത്തിന്റെ
അതിവേഗപാതയൊരിക്കല്‍
നിശ്ചലമാകുന്നത് സ്വപ്നം കണ്ടു.

സ്വപ്നം കണ്ട്
സ്വപ്നം കണ്ടുറങ്ങവേ
ഉറക്കറപ്പങ്കാളി
വിരസമായ ആവര്‍ത്തനത്തിന്റെ
ഒരു ജോലിദിനം കൂടി പിന്നിട്ട്
കിടപ്പറയില്‍ തിരിച്ചെത്തി.
കയ്യിലെ കൊച്ചു ബാറ്ററി
തിരിച്ചും മറിച്ചും സ്ഥാപിച്ചു.
അനക്കമില്ലെന്നുറപ്പാക്കി
പതുക്കെയെന്നെപൊക്കിയെടുത്ത്
പാതയരികിലെ
അളിഞ്ഞുനാറുന്ന
കുപ്പത്തൊട്ടി യിലേക്കെറിഞ്ഞ്
പതിയെ തിരിഞ്ഞു നടന്നുപോയ്.

വരഫാലം: ഇരുണ്ട മുറികളും ആകാശവും

തുറന്നിട്ട വെളുവെളുത്ത ആകാശവും ഇരുളില്‍ നിന്ന് പരിമിതമായ വെളിച്ചത്തിലേക്ക് തുറക്കാവുന്ന ഇരുണ്ട മുറികളുമൊക്കെ കഥകളിലേയും കവിതകളിലേയും ബിംബങ്ങളാകുന്നത് അകത്തളങ്ങളിലെ ഇരുളില്‍ നിന്ന് വെളിച്ചത്തിന്റെ ആകാശത്തേക്ക് പറക്കാന്‍ കൊതിക്കുന്ന എഴുത്തുകാരുടെ മനസിന്റെ പ്രതിഫലനമാകണം. ഇങ്ങിനെ അകത്തളങ്ങളില്‍ കെട്ടിക്കിടക്കുന്ന ഇരുളിനെ വായനക്കാര്‍ക്ക് വെളിവാക്കുകയും വെളിച്ചത്തിന്റെ ആകാശത്തേക്ക് വിരല്‍ ചൂണ്ടി കൊതിപ്പിക്കുകയും ചെയ്യുന്നുണ്ട് ബൂലോകത്തെ ചില പുതിയ സൃഷ്ടികള്‍.

മുറി, ഇരുട്ട്, ജനല്‍, കാഴ്ച, തെരുവ്, ആകാശം തുടങ്ങിയവ ബിംബങ്ങളായുള്ള ഏതാനും കഥകള്‍ അടുത്തിടെ കാണുകയുണ്ടായി. ജാ‍ലകത്തിലൂടെ കടന്നുവരുന്ന ആകാശചിത്രം കഥയില്‍ പ്രതിഫലിപ്പിക്കുന്നത് പ്രതീക്ഷയും സ്വാതന്ത്ര്യവാഞ്ഛയുമാണെങ്കില്‍ തെരുവുദൃശ്യം നല്‍കുന്നത് ചിതറിതെറിക്കുന്ന ചോരയുടെ, നഷ്ടപ്പെടുന്ന പ്രതീക്ഷകളുടെ ചിത്രമാണ്. വടവോസ്കിയുടെ നിസഹായത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍, സിജിഎഴുതിയ ശ്യാമയുടെ ജാലകങ്ങള്‍ , മനുവിന്റെ ഫയര്‍ഡാന്‍സ് ഇഷ്ടമില്ലാത്ത കുട്ടി, സാക്ഷി തുടങ്ങിയ കഥകള്‍ തുറന്നു വെക്കുന്ന ജാലകങ്ങള്‍ വായനക്കാരനു കാണിച്ചുകൊടുക്കുന്നതും മറ്റൊന്നല്ല.

ബൂലോകത്തിന്റെ കഥാലോകത്തിലേക്ക് കാലെടുത്തുവച്ചിട്ടുള്ള annie യുടെ കഥയില്ലായ്മ എന്ന കഥാബ്ലോഗിലെ ആദ്യകഥയായ ചീട്ടു കൊട്ടാരങ്ങള്‍ വായനക്കാരനുമുന്നില്‍ തുറന്നുവെക്കുന്ന ജനാലയും അതിലൂടെ തെളിയുന്ന ആകാശവും ശുഭപ്രതീക്ഷാകരമാണ്. ആശയം ശുഭപര്യവസായിയല്ലെങ്കിലും.

സാറയെന്ന നായിക വായനക്കാരനോട് നേരിട്ട് കഥ പറയുകയാണ് ഇവിടെ. കഥയിലെ കാഴ്ചകള്‍ കടന്നുപോകുന്നത് ആകാശം, കുറേ മുറികള്‍, പിന്നെയുമാകാശമെന്ന ശ്രേണിയിലാണ്. ആകാശത്താകട്ടെ പറന്നു പോകുന്ന പക്ഷികളും സന്ധ്യയുടെ ചുവന്ന വെട്ടവും വരാനിരിക്കുന്ന സംഭവങ്ങള്‍ക്ക് ബിംബങ്ങളാകുന്നു.ആകാശം..., സ്വാതന്ത്ര്യത്തോടെ പറന്നു പറക്കാന്‍(നടക്കാന്‍ വയ്യ) കൊതിപ്പിക്കുന്ന മോഹലോകം. മുകളിലെ മുറിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശം ഒന്നുകൂടി അടുത്താണ്. താഴെയുള്ള, ഇരുട്ട് കട്ടപിടിച്ച മുറിയില്‍ നിന്ന് തെളിഞ്ഞുകിടക്കുന്ന ആകാശം പ്രതിഫലിക്കുന്ന മുകളിലെ മുറിയിലേക്ക് സാറ പടവുകള്‍ കയറുന്നത് ‘മുകളിലേക്ക്പോയി‘ എന്ന വാക്ക് നമുക്കു തരുന്ന മറ്റൊരര്‍ത്ഥത്തിന്റെ സഫലീകരണത്തിനാകണം. കഥയുടെ ഒടുവില്‍ ‘ഞാനും പറന്നുപോയി’ എന്ന് സാറ പറയുമ്പോള്‍ പെരിങ്ങോടന്റെ ‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകള്‍’ എന്ന കഥയുടെ അന്ത്യവും ആ കഥയ്ക്ക് വെള്ളെഴുത്ത് ഒരുക്കിയ വായനയും നാം അറിയാതെ ഓര്‍ത്തെടുക്കുന്നു.

മുറികള്‍. അകത്തേക്ക്, ഇരുട്ടിലേക്ക് തുറക്കുന്ന വാതിലുകളുള്ള രഹസ്യങ്ങളുടെ തടവറയാണ്. മനുവിന്റെ കിണര്‍ എന്ന കഥയിലേതുപോലെ ഇരുട്ടിലേക്ക്, മുറികളിലേക്ക് സാറയും നമ്മെ കൊണ്ടുപോകുന്നത് അരോചകമായ രഹസ്യകഴ്ചകളിലേക്കാണ്. എന്നാല്‍ എല്ലാ മുറികളും ഒരേ കാഴ്ചയല്ല വായനക്കാരന് നല്‍കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ബോര്‍ഡിംഗ്‌ സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ഒരു ഒറ്റ മുറിയും താഴത്തെ നിലയിലെ സാറയുടെ മുറിയും, വീട്ടില്‍ മമ്മയുടെ ഫോട്ടോയുള്ളതും പിന്നീട് ചേച്ചിയേയും അച്ഛനേയും കാണാന്‍ പാടില്ലാത്തരീതിയില്‍ കാണുന്നതുമായ നടുവിലത്തെ മുറിയും ചുവരു മുഴുവന്‍ ഇംഗ്ലീഷ്‌ സിനിമകളിലെ നായകന്മാരും നായികമാരും പാട്ടുകാരും നിരന്നുനില്‍ക്കുന്ന എല്‍സയുടെ മുറിയുമൊക്കെവ്യത്യസ്തമായ മാനസികചുറ്റുപാട് നല്‍കുന്നുണ്ട് വായനക്കാരന്.


സാറയെ പറന്നുപോകാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ക്ലീഷേയ്ഡാണെന്ന് തോന്നിപ്പിക്കാമെങ്കിലും അധികം കൂട്ടുകാരികളില്ലെന്നും ഉള്ളവര്‍ തന്നെ വലിയ പൌറാണെന്ന് കളിയാക്കുന്നവരാണെന്നും പറയുന്നുണ്ട് സാറ. ചേച്ചിയെ കുറിച്ച് പറയുന്നിടത്ത് സാറയുടെ കോമ്പ്ലക്സുകളും വായനക്കാരന് വ്യക്തമാകുന്നുണ്ട്. അമ്മയില്ലാത്ത സാറയ്ക്കാകട്ടെ അച്ഛനും ചേച്ചിയുമായിരുന്നു എല്ലാം. അവരെക്കുറിച്ച് അവളുടെ മനസിലുണ്ടാകുന്ന മുറിവും അവളുടെ ഒറ്റപ്പെടലും കൂടി ഒരുക്കിയെടുക്കുന്ന കടുത്തമൌനമാകാം പറന്നുപോയതിനുശേഷം സാറ നമ്മോട് പങ്കുവെക്കുന്നത്.

ആവശ്യമുണ്ട്

ആവശ്യമുണ്ട്
ഉടനെഴുതിത്തുടങ്ങുന്ന കവിതയിലേക്ക്
ചുറുചുറുക്കുള്ളൊരു തലക്കെട്ട്
പുകഞ്ഞുകൊണ്ടേയിരിക്കുന്ന ആശയം
തലയെടുപ്പുള്ള വാ‍ക്കുകള്‍
ആകര്‍ഷണീയമായൊരു ശൈലിയെന്നിവ.
ഉപമയുല്പ്രേക്ഷ മറ്റലങ്കാരങ്ങള്‍
സന്ധി-സമാസങ്ങളെന്നിവ യോഗ്യത
വൃത്തവും പ്രാസവുമുണ്ടെന്നാകിലത്
അധികയോഗ്യതയായ് പരിഗണിക്കപ്പെടും

കുഞ്ഞന്നക്കിതുമതി...

മുല്ലപ്പൂക്കളിറുത്ത്‌
മാലകോര്‍ത്ത്‌,
മുടിയില്‍ചൂടി
ആര്‍ത്തു രസിച്ചൂ
കുഞ്ഞന്നയുടെ കൂട്ടുകാരികള്‍.

വിരിഞ്ഞുനിന്ന പൂ-
വിനൊരുമ്മ കൊടുത്ത്‌
വീണപൂവൊന്നെടുത്ത്‌
മുടിയില്‍ചൂടി
കുഞ്ഞന്ന പറഞ്ഞു
"കുഞ്ഞന്നക്കിതുമതി"

പാല്‍പ്പായസംകഴിക്കുമ്പോള്‍
കുറിഞ്ഞിപ്പൂച്ച പിന്നില്‍ കൂടി.
കുഞ്ഞന്നക്കു കിട്ടിയതില്‍ പാതി
കുറിഞ്ഞിക്കു കൊടുക്കുമ്പോള്‍
കുഞ്ഞന്ന പറഞ്ഞു
"കുഞ്ഞന്നക്കിതുമതി"

പനിപടര്‍ന്നു പിടിച്ചപ്പോള്‍
കുഞ്ഞന്നയുടെ വീതം
കുഞ്ഞന്നക്കുതന്നെ കിട്ടി.
പാവം കുഞ്ഞന്ന
'കുഞ്ഞന്നക്കിതുമതീ'ന്ന്
പറയാന്‍പോലും
അവള്‍ അശക്ത.

രാത്രി,
ചീറിപ്പാഞ്ഞ കാറിനുള്ളില്‍
കുഞ്ഞന്ന തളര്‍ന്നു കിടന്നു.
ഉറക്കം ശരിയാകാഞ്ഞതിന്റെ
ദേഷ്യത്തിലായിരുന്നുവോ ഡോക്ടര്‍.
ഇഞ്ചക്ഷനും മരുന്നും;
കുഞ്ഞന്നയുടെ വീതം
കുഞ്ഞന്നക്കു കിട്ടി.
കുഞ്ഞന്ന തളര്‍ന്നുറങ്ങി.
കുഞ്ഞന്ന പിന്നെയുമുറങ്ങി.
പിന്നെയും,
'കുഞ്ഞന്നക്കിതുമതി'യെന്നു
പറയാതെ......*


2/2/07

ചുരുങ്ങുന്ന നിഴലുകള്‍

കടലിനു നടുവിലെ കൊച്ചു ദ്വീപില്‍ താന്‍ തനിച്ചാണ്. എപ്പോഴാണ്, എങ്ങിനെയാണ് ഈ ദ്വീപില്‍ ഒറ്റപ്പെട്ടതെന്നൊന്നും അറിഞ്ഞൂടാ... മരപ്പച്ചയും തണലും കിളികളുമില്ലാത്ത, ഒച്ചയനക്കങ്ങളില്ലാത്ത തടവറ. ഈ ഏകാന്തത മടുത്തു തുടങ്ങിയിരിക്കുന്നു.

വെള്ളിയാഴ്ച. ഉച്ചയുറക്കത്തിലെ സ്വപ്നത്തില്‍ രണ്ട് മണ്ണും ഇടകലരുന്നു. ഓഫീസും സ്റ്റാഫുമൊക്കെ നിലവിലുള്ളവര്‍ പക്ഷേ തന്റെ മുന്നിലുള്ളതാകട്ടെ പഴയ ചിട്ടികമ്പനിയിലെ പണപ്പെട്ടി. ജാലകത്തിലൂടെ കടന്നുവരുന്നത് മാന്തോട്ടത്തിലെ കുളിര്‍കാറ്റ്. ഊഞ്ഞാലാടി രസിക്കുന്ന, കണ്ണാരം പൊത്തിക്കളിക്കുന്ന അറബി പിള്ളേര്‍. അറബിപ്പിള്ളേര് ഭയങ്കര വികൃതികളാണ്. തൊഴിലുതേടിയെത്തിയ വിദേശികളെ കണ്ടാല്‍ വികൃതി ഒന്നുകൂടി കൂടും. പട്ടിയെയെന്ന പോലെ കല്ലെറിയും. ഭയത്തോടെയാണെങ്കിലും അവരുടെ കളി കണ്ടിരിക്കാന്‍ നല്ല രസം.

മൊബൈല്‍ നിലക്കാതെ ചിലച്ചപ്പോഴാണ് എഴുന്നേറ്റത്. സ്ക്രീനില്‍ വെറും കാള്‍ എന്നേ കാണുന്നുള്ളൂ. നമ്പറില്ല. നാട്ടില്‍ നിന്ന് വിളിവരുമ്പോള്‍ ബെറ്റല്‍കോ നമ്പറുകാണിച്ചുതരില്ല. വിരോധം എന്തിനാണെന്നറിഞ്ഞൂടാ.

അറ്റന്റുചെയ്യുമ്പോഴേ ഉറപ്പുണ്ടായിരുന്നു. അമ്മ തന്നെ. അല്ലെങ്കിലും നാട്ടില്‍ നിന്ന് മറ്റാര് വിളിക്കാന്‍. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍, ശബ്ദം കേള്‍ക്കാണ്ട് മനസ്സമാധാനല്ല്യ... എന്ന് തുടങ്ങി നാട്ടുകാര്യങ്ങള്‍ മുഴുവന്‍ നൂറുറുപ്പ്യേടെ കാര്‍ഡിലൊതുക്കും. എനിക്ക് നീയേ ള്ളൂ... എന്ന്‍ ഇടക്കിടെ ആവര്‍ത്തിക്കും. ന്റെ കുട്ടിക്ക് നല്ലതുവരാന്‍... കഴിച്ച വഴിപാടുകളെക്കുറിച്ച് വിവരിക്കുന്ന നൂലോളം നേര്‍ത്ത ശബ്ദം. അമ്മ.

ഞാനൊരു കാര്യം പറഞ്ഞാല്‍... എനിക്ക് വയ്യ ഒറ്റക്കിങ്ങനെ... നിനക്കറിയില്ലേ ദേവമ്മായീടെ എളേച്ചന്റെ മോളെ... ആ കുട്ടീം അമ്മായീം കൂടി ഇന്നലെ വന്നീര്ന്ന്... നല്ലകുട്ടി... ഞാനമ്മായിയോട് നിന്റെ കാര്യൊന്ന് സൂചിപ്പിച്ചു... അമ്മായി കുട്ടീടെ വീട്ടില് അവതരിപ്പിക്കാംന്ന് പറഞ്ഞീണ്ട്...എന്താ നീയൊന്നും മിണ്ടാത്തേ... എല്ലാ പ്രാവശ്യത്തേം പോലെ എന്തേലും തടസം കൊണ്ടുവര്വോ...? നീ ഒന്ന് മൂള്യാ നാളെതന്നെ ഞാനാ കുട്ട്യേ ങ്ങട് വിളിച്ചോണ്ട് വരും. പിന്നെ എപ്പളാന്ന്വച്ചാ നീ വന്ന് താലികെട്ട്യാമതീലോ...
അമ്മ സീരിയല്‍ കാണാന്‍ തുടങ്ങീട്ടുണ്ടല്ലേ...

എനിക്കൊരു മറുപട്യാണ് വേണ്ടത്...
മൌനം...
കട്ടാകുന്നതിന് മുമ്പ്, ..മ്മടെ ദിനേശന്റെ ഭാര്യ വിനീത മരിച്ചതറിഞ്ഞോ നീ...എന്ന് തന്നെയാണോ ചോദിച്ചത്? മുഴുമിക്കും മുമ്പേ കട്ടായിരിക്കുന്നു.

തിരിച്ചുവിളിക്കാന്‍ നമ്പര്‍ ഡയല്‍ചെയ്തതാണ്. കട്ടുചെയ്തു. വേണ്ട. പ്രതീക്ഷിച്ചിരുന്ന വാര്‍ത്ത തന്നെയാണല്ലോ...

പുണ്യ-പാപങ്ങളിലൊന്നും താന്‍ വിശ്വസിക്കുന്നില്ല. എങ്കിലും സംഭവങ്ങളെ ശരിതെറ്റുകള്‍ കൊണ്ട് വേര്‍തിരിക്കാന്‍ ശ്രമിക്കാറുണ്ട്. ചില ശരികള്‍ മറ്റുചിലപ്പോള്‍ തെറ്റുകളായും ചില തെറ്റുകള്‍ ശരികളായും തോന്നാറുണ്ട്. ചെയ്തവ പലതും തെറ്റായിപ്പോയെന്ന് തോന്നുമ്പോള്‍ കുറ്റബോധവും.

രാജു... ഞാനെടുക്കുന്ന പുസ്തകങ്ങളൊന്നും അവള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ഒരു പുസ്തകം സെലക്ടുചെയ്തു താ...എന്ന് ലൈബ്രറിയില്‍ വെച്ച് ദിനേശേട്ടന്‍ പറഞ്ഞതായിരിക്കണം തുടക്കം. പിന്നീട്... നിന്റെ സെലക്ഷനുകളൊക്കെ അവള്‍ക്ക് വളരെ ഇഷ്ടപ്പെടുന്നു, പുസ്തകം സെലക്ടുചെയ്ത് വീട്ടിലെത്തിക്കുന്ന ജോലി നിന്നെ ഏല്‍പ്പിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ മരണത്തിലേക്ക് നടന്നടുക്കുന്ന ഒരാള്‍ക്കുചെയ്യുന്ന ചെറിയ സഹായമെന്നേ കരുതിയുള്ളൂ...

വായിച്ച കഥയെക്കുറിച്ചും കവിതയെകുറിച്ചുമൊക്കെ അഭിപ്രായം പറയുമായിരുന്നു അവര്‍. സ്വയം കുറിച്ച വരികള്‍ ചൊല്ലി കേള്‍പ്പിക്കും. തന്റെ അഭിപ്രായം ചോദിക്കും. അങ്ങിനെയാണ് ദിവസവും ഏതാനും മണിക്കൂറുകള്‍ അവര്‍ക്കുവേണ്ടി നീക്കിവെക്കാന്‍ തുടങ്ങിയത്.

പിന്നെ എന്നോ ഒരു ദിവസം. പതിവു ചര്‍ച്ചയ്ക്കിടയിലെപ്പോഴോ വിഷയം മാറി.
രാജൂ...എല്ലാവര്‍ക്കും എന്നോട് സഹതാപമാണ്. കരിച്ചുകളഞ്ഞത് എന്റെ ഹൃദയമായിരുന്നില്ലല്ലോ... എന്നിട്ടും... ചികിത്സക്ക് പണത്തിനുവേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ദിനേശേട്ടന്‍ പോലും എന്നെ മറക്കുന്നുവോ? ചികിത്സകൊണ്ടൊന്നും കാര്യമില്ലെന്ന് ആര്‍ക്കാണറിയാത്തത്... എനിക്കാവശ്യം ഇത്തിരി സ്നേഹമാണ്. അതെന്റെ വേദന കുറക്കുന്നു. നിനക്കതിനാകുമോ...?

അവരെ തന്നോട് ചേര്‍ത്തുനിര്‍ത്തി. മുടി മുഴുവന്‍ കൊഴിഞ്ഞുപോയ മൊട്ടത്തലയിലേക്ക് പതിയെ ചുണ്ടുകളമര്‍ത്തി.

ഭയമായിരുന്നോ? കുറ്റബോധം..., അതോ സ്വാര്‍ത്ഥതയോ....? അറിഞ്ഞൂടാ...ബോംബെയിലെ ചേരികളില്‍ അലഞ്ഞുതിരിഞ്ഞു കുറച്ചുകാലം. പിന്നെയാണ് സുഹൃത്തിന്റെ സഹായത്താല്‍ കടലുകടന്നത്.

ക്ഷമ ചോദിച്ചുകൊണ്ടയച്ച ആദ്യത്തെ കത്തിന് വന്ന മറുപടി താന്‍ ചെയ്തതാണ് ശരി എന്നെഴുതിക്കൊണ്ടായിരുന്നു. കൂടെ കുറച്ച് കവിതകളും.

പിന്നെ എത്ര കത്തുകള്‍. മേശ വലിപ്പില്‍ നിന്ന് കത്തുകളും കവിതകളുമെടുത്ത് മേശപ്പുറത്തു വെച്ചു. പതിയെ ഓരോന്നെടുത്ത് വായിച്ചുനോക്കി. അവസാനമയച്ച കത്തില്‍ കണ്ണുകളുടക്കി നിന്നു.

കവിതകളൊക്കെ നിനക്കയക്കുന്നു. നീ പറയാറില്ലേ പ്രസിദ്ധീകരിക്കണമെന്ന്. ആവശ്യമെങ്കില്‍ നിനക്ക് പ്രസിദ്ധീകരിക്കാം. എന്റെ മരണശേഷം മാത്രം. പിന്നെ ഒന്നോര്‍ക്കുക, എന്റെ കവിതകളില്‍ ഇടക്കിടെ വന്നുപോകുന്നവനാണ് നീ. നിന്റെ ഭാവിയെക്കൂടി...

മനസ് അസ്വസ്ഥമാണ്. മറ്റെന്തിനെയെങ്കിലും കുറിച്ച് ചിന്തിക്കാന്‍ ശ്രമിച്ചാലും മനസ് ഒന്നിലും ഉടക്കിനില്‍ക്കുന്നില്ല. വൃത്തിയില്ലാതെ അലങ്കോലമായിക്കിടക്കുന്ന മുറി മനസിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതുപോലെ. മുറി വൃത്തിയാക്കുന്ന കൂട്ടത്തില്‍ മേശപ്പുറത്തുകിടന്ന കത്തുകളും കവിതകളും കൂടിയെടുത്ത് ചവറ്റുകൊട്ടയിലേക്കിട്ടു. മനസു സമ്മതിക്കുന്നില്ല. തിരിച്ചെടുത്തു. ഒന്നുകൂടി വായിച്ചു. ഷെല്‍ഫില്‍ നിന്നും സിഗരറ്റ് ലൈറ്ററെടുത്ത് താഴെ ഒഴിഞ്ഞുകിടന്ന ഗ്രൌണ്ടിലേക്ക് നടന്നു.

കുടിയൊഴിക്കല്‍


‍ആളുകളെന്തിനാണ് തന്നെയിങ്ങനെ തുറിച്ചു നോക്കുന്നത്. അല്ലെങ്കിലും തെരുവെന്നും അങ്ങിനെയാണ്. അതിന്റെ തുളവീണ കണ്ണുകള്‍ കൊണ്ട് ഇങ്ങനെ തുറിച്ചു നോക്കും. നോട്ടത്തിന്റെ വക്ര രേഖകള്‍ക്കിടയിലൂടെവേണം തെരുവു മുറിച്ചുകടക്കാന്‍. ഒരു സ്വകാര്യാശുപത്രിയിലെ നഴ്സിന്റെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം പ്രത്യേകിച്ചും. ആതുര സേവകയ്ക്ക് സമൂഹം പതിച്ചുകൊടുത്ത അംഗീകാരം കൂടിയുണ്ട് ‘നമുക്കും കിട്ടുമോടാ’ എന്ന മുനയുള്ള നോട്ടത്തിന്. പക്ഷേ, ഇന്നങ്ങിനെയല്ലല്ലോ? നോട്ടത്തിനൊപ്പം സഹാതാപ ചിഹ്നവും...!

തെരുവ് കഴിഞ്ഞ് ഇടവഴിയിലൂടെ നടക്കുമ്പോള്‍ ചിന്നുമോള്‍ക്കും വിനുവിനും വാങ്ങിയ ഉടുപ്പ് ചെട്ട്യാര്‍ ബ്രദേഴ്സിന്റെ വെള്ളയില്‍ ചുവന്ന അക്ഷരങ്ങളുള്ള കവറിനകത്ത് തന്നെയില്ലേ എന്ന്‍ ഉറപ്പുവരുത്തി. ജോലിഭാരത്താല്‍ തളര്‍ന്ന സൂര്യന്‍ പടിഞ്ഞാറേ മുറിയില്‍ വിശ്രമത്തിന് തെയ്യാറുടുക്കുന്നു. ചുവന്ന കിരണങ്ങളാല്‍ ഇടക്കിടെ ആരെയോ പാളിനോക്കുന്നുണ്ട്.

ഇടവഴിയില്‍ നിന്നും കോളനിയിലേക്കുള്ള റോഡിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഒരു തരം അപരിചിതത്വം. തനിക്ക് വഴി മാറിയോ? ചെങ്കല്‍ ക്വാറിയിലേക്കുള്ള റോഡുപോലെ ചുവന്നു കിടക്കുന്നു. ചുറ്റുപാടും തകര്‍ന്ന ഇഷ്ടികകഷ്ണങ്ങളും ചെങ്കല്ലും സിമന്റു കട്ടകളും. കുറച്ചുകൂടി നടന്നപ്പോഴാണ് കണ്ടത്. സുധാകരേട്ടന്റേയും നീലിമുത്തിയുടേയുമൊക്കെ വീടുകള്‍ പാതി തകര്‍ന്നു കിടക്കുന്നു! ഈശ്വരാ! അമ്മ, ചേച്ചി, കുഞ്ഞുങ്ങള്‍...!! തല കറങ്ങുന്നതുപോലെ. തനിക്കു ചുറ്റും മൂടല്‍ മഞ്ഞു നിറഞ്ഞപോലെ കാഴ്ച മങ്ങുന്നു. നെഞ്ചില്‍ നിന്ന് പുറപ്പെട്ട വേദന എന്തിലോ ഉടക്കിയപോലെ തൊണ്ടയില്‍ തടഞ്ഞുനില്‍ക്കുന്നു. ഇനി, ഒരടി നടക്കാനാവില്ല.

കരഞ്ഞുകലങ്ങിയ ശബ്ദത്തില്‍, വികസനക്കാര്‍ ഇടിച്ചുനിരത്തിയതാണെന്ന് ആരോ പറഞ്ഞപ്പോള്‍ തോന്നിയത് ആശ്വാസമാണോ? അറിഞ്ഞൂട. എങ്കിലും ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ല. മനസിന്റെ വേഗം കാലുകളിലേക്കെത്തുന്നില്ല.

നോട്ടീസു കിട്ടിയിരുന്നതാണ്. വീടൊഴിഞ്ഞുകൊടുക്കാന്‍ സമ്മതവുമാണ്. പക്ഷേ തരുന്ന പ്രതിഫലത്തിനൊത്ത സ്ഥലം ചുറ്റുപാടിലെവിടെയെങ്കിലും കിട്ടിയെങ്കിലല്ലേ മാറാന്‍ കഴിയൂ. വികസനമെന്ന് കേള്‍ക്കുമ്പോഴേക്കും കാശുള്ളവന്‍ ചുറ്റിലുമുള്ള ഭൂമി വാങ്ങികൂട്ടും. നല്ല ലാഭത്തിന് മറിച്ചു വില്‍ക്കും, പിന്നെയും മറിച്ചു വില്‍ക്കും. ഒടുവില്‍ തീവിലയാകും. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ സംഖ്യയുടെ പത്തിരട്ടിയാണ് ഭൂമിവില. കുറഞ്ഞ വിലക്കുള്ള ഭൂമിക്കു വേണ്ടി അന്വേഷണം തുടരുന്നുമുണ്ട്. ഇതൊക്കെ ആരോടു പറയാന്‍, കൃഷിഭൂമി കര്‍ഷകനെന്ന് മുദ്രാവാക്യം വിളിപ്പിച്ചവര്‍ തന്നെ കുടിയൊഴിക്കലും നടത്തുമ്പോള്‍...

തകര്‍ന്നു കിടക്കുന്ന വീടിനു മുന്നിലെത്തിയപ്പോള്‍ ഹൃദയം തകര്‍ന്നു. കണ്ണുകളില്‍ നിന്നും ചൂട് കവിളിലേക്കരിച്ചിറങ്ങി. പിന്നെ തലയോട്ടി തുളച്ച് ഉള്ളിലെ താപം പുറത്തേക്കൊഴുകുമ്പോലെ... തളര്‍ന്നിരുന്നു. ചിന്നുമോള്‍ക്കും വിനുക്കുട്ടനും ചെട്ട്യാര്‍ബ്രദേഴ്സിന്റെ കവറില്‍ നിന്ന് ഉടുപ്പുകള്‍ പുറത്തേക്കെടുക്കാനുള്ള വെപ്രാളം.

വേരിലും കായ്ക്കുമെന്ന് വാശിപിടിച്ചപോലെ നിറയെ ചൊട്ടയിട്ടുനില്‍ക്കുന്ന വടക്കേപ്ലാവില്‍ ചാരി അമ്മയിരിക്കുന്നു. തന്നെ കണ്ടോ, ശ്രദ്ധിച്ചോ, ആവോ... മറ്റൊരു ലോകത്തിലാണെന്നു തോന്നുന്നു. തകര്‍ന്നു കിടന്ന കല്ലുകള്‍ക്കും സിമന്റുകട്ടകള്‍ക്കുമിടയില്‍ നിന്ന് പൊട്ടി തകര്‍ന്ന ചില്ലുകളും ഫോട്ടോയും പെറുക്കിയെടുക്കുകയാണ് ചേച്ചി. ചുവന്നകൊടിയുടെ പശ്ചാത്തലത്തിലുള്ള മാര്‍ക്സിന്റെ, ഏംഗത്സിന്റെ, കൃഷ്ണപിള്ളയുടെ ഫോട്ടോകള്‍, മാലചാര്‍ത്തിയ അച്ഛന്റെ ഫോട്ടോ...

ചുവരില്‍ അച്ഛന്റെ ഫോട്ടോ തൂങ്ങാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ. ചോര തുപ്പി ചോര തുപ്പി ക്ഷയിച്ചു തീര്‍ന്ന അച്ഛന്റെ മരണ ശേഷം. ചെറുപ്പത്തിലേ കാണുന്നതാണ് ചുവന്ന പശ്ചാത്തലത്തിലുള്ള മറ്റു ഫോട്ടോകള്‍. ചിലപ്പോഴൊക്കെ അലമാരയിലെ കട്ടിയുള്ള പുസ്തകങ്ങളോടും ചുവരിലെ ഫോട്ടോകളോടുമൊക്കെ അച്ഛന്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. മാടമ്പിമാരുടെ ഭൂമികളില്‍ കുടിയാന്മാര്‍ക്ക് കുടിലു വച്ചുകെട്ടാനും ഭൂമിവളച്ചുകെട്ടാനുമൊക്കെ സഹായിച്ചുകൊണ്ടിരുന്ന കാലത്തും അടിയന്തരാവസ്ഥയുടെ ഒളിവുജീവിതം കഴിഞ്ഞുവന്ന കാലത്തുമൊക്കെ നിരന്തരം സംസാരിക്കാറുണ്ടായിരുന്നത്രേ...

അച്ഛന്‍ പൂര്‍ണ്ണമായും തളര്‍ന്നത് ചേച്ചിയുടെ ഡൈവോഴ്സോടെയാണ്. ആറു വര്‍ഷം മുമ്പായിരുന്നു ചേച്ചിയുടെ വിവാഹം. പാര്‍ട്ടി ഓഫീസില്‍ വെച്ച്. സഖാവ് സുകുമാരന്റെ മകന്‍ പ്രശാന്താണ് വിവാഹം കഴിച്ചത്. നല്ല വിപ്ലവബോധമുള്ള ചെറുപ്പക്കാരനെന്നാണ് അച്ഛന്‍ പറയാറുള്ളത്. ഷെയര്‍മാര്‍ക്കറ്റും ഗുണ്ടായിസവും പലിശയും ഭൂമികച്ചവടവുമൊക്കെ പാര്‍ട്ടിയിലേക്ക് വന്നതുപോലെ പ്രശാന്തിലേക്കുമെത്തി. ബാറും പെണ്ണുമൊക്കെ നേരമ്പോക്കായി. ദേഹോപദ്രവം തുടങ്ങിയപ്പോള്‍ അച്ഛന്‍ തന്നെയാണ് ഡൈവോഴ്സിന് നിര്‍ബന്ധിച്ചതും. ചിന്നു കൈക്കുഞ്ഞ്. കുസൃതിക്കാരനായ വിനു നടക്കാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ...

ആദ്യം ധര്‍ണ്ണ, പിന്നെ ഉപരോധം, പിന്നെ ഹര്‍ത്താല്‍ എന്ന് പ്രതിപക്ഷം കുര്യന്‍ പ്രസംഗം നടത്തുന്നു. തകര്‍ന്നുകിടക്കുന്ന മുറ്റത്ത്. കിട്ടിയ അവസരം എങ്ങിനെ ഭംഗിയായി വിനിയോഗിക്കണമെന്ന് അയാള്‍ക്ക് നന്നായി അറിയാം. അയാളോട് പുച്ഛമാണ് തോന്നിയത്. മുഖം കറുപ്പിച്ചുതന്നെ പറഞ്ഞു, കടന്നുപോകാന്‍. ഈ സമയത്ത് അങ്ങിനെ പ്രതികരിക്കരുതായിരുന്നെന്ന് അമ്മ പറഞ്ഞതിനെ അവഗണിച്ചു.

സുധീറിനൊപ്പം കോളനിയിലെ മറ്റ് അന്തേവാസികളും മുറ്റത്തേക്ക് കയറിവന്നു. രോഷവും സങ്കടവുമെല്ലാം ഇടകലര്‍ന്ന മുഖഭാവത്തിലാണ് എല്ലാവരും. തങ്ങളുടെ കുടിലുകള്‍ ഇടിച്ചുപൊളിക്കാനുള്ള ക്രൂരതീരുമാനമെടുത്ത കളക്ടരുടെ വീട്ടില്‍കയറി താമസിക്കാന്‍ പോകുന്നെന്ന് പറഞ്ഞു സുധീര്‍. ധീരസഖാവിന്റെ മകളായിരിക്കണം മുന്നിലെന്ന്.

നിരസിച്ചു.


“ഇല്ല. ഞനെങ്ങോട്ടുമില്ല. സഖാവ് രാമുവിന്റെ മകളുടെ വിപ്ലവവീര്യമൊക്കെ എന്നേ കെട്ടടങ്ങിയിരിക്കുന്നു. ഞാനിവരെയും കൊണ്ട് ഇറങ്ങുന്നു. തെരുവിലേക്ക്...”

സുധീറിനെയൊന്ന് കടുപ്പിച്ചു നോക്കി.

മറ്റുള്ളവരേക്കാള്‍ തന്നെ കൂടുതല്‍ അറിയാവുന്നതുകൊണ്ടായിരിക്കണം മറുത്തൊന്നും പറയാതെ സുധീര്‍ തിരിഞ്ഞു നടന്നത്.

ജീവിതമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ മണ്ടാ..

മൂന്ന് മാസം മുമ്പാണ്
ഞാന്‍ ചത്തതെന്ന്
എഴുതിവച്ചിരിക്കുന്നത്
നീ കണ്ടതല്ലേ മണ്ടാ...?

പക്ഷിപനിയാണ്
ഇറച്ചീം മുട്ടേം
ഇറക്കുമതി നിരോധിച്ചെന്ന്
പത്രതലക്കെട്ട്
നീ കണ്ടതല്ലേ മണ്ടാ...?

ഒറ്റക്കാണ്...
തിന്നുതീര്‍ക്കാന്‍
നാലുദിനമെങ്കിലും വേണം
സ്റ്റൌവില്‍ നിന്ന് ഫ്രിഡ്ജിലേക്ക്
ഫ്രിഡ്ജില്‍നിന്ന് സ്റ്റൌവിലേക്ക്...
നീ ചെയ്യുന്നതെന്തെന്ന്
നീ അറിയുന്നില്ലേ മണ്ടാ...?

മൂന്നോനാലോ കൊല്ലത്തിലൊരിക്കല്‍
രണ്ടോ മൂന്നോ മാസം
വീട്ടുകാരനാകുമ്പോഴെങ്കിലും
ജീവിതമെന്തെന്നൊരിക്കലെങ്കിലും
നീ ചിന്തിച്ചിട്ടുണ്ടോ മണ്ടാ...?

ഗ്ലഗ്ല്‌ഗ്ലഗ്ല്‌ഗ്ലയെന്ന്
ഫ്രീസുചെയ്ത കോഴി
കറിപാത്രത്തിലെ തിളക്കൊപ്പം
പിന്നെയുമോരോന്ന്
വിളിച്ചുകൂവിക്കൊണ്ടേയിരുന്നു.

നിള -50 ഭാവങ്ങള്‍!!

എന്നും ഇറങ്ങാറുള്ള കടവാണ്. എന്നിട്ടും ഓരോതവണ കുളത്തിലിറങ്ങുമ്പോഴും അച്ഛമ്മ കാലുകൊണ്ടൊന്നു തുഴഞ്ഞുനോക്കും. ആഴമളക്കും. ചിരിയാണ് വരിക. രണ്ട് മണിക്കൂറുമുമ്പുണ്ടായിരുന്ന ആഴം തന്നെയല്ലേ ഇപ്പോഴും കാണൂ എന്ന് പരിഹാസത്തോടെ ചോദിക്കുകയും ചെയ്യും. എന്നാലും അച്ഛമ്മ പിന്നെയും ആവര്‍ത്തിക്കും. ഇപ്പോഴതൊന്നും ഓര്‍ത്തിട്ട് കാര്യമില്ല എങ്കിലും...

ഷെല്‍‌വി പിന്നെയും പിന്നെയും വിളിച്ചുപറഞ്ഞപ്പോഴാണ് ഇറങ്ങിപുറപ്പെട്ടത്. നിളയെ കുറിച്ച് വ്യത്യസ്തതയുള്ള ഒരു പുസ്തകമെഴുതണമെന്നാണ് നിര്‍ദ്ദേശം. ആലംകോട് ലീലാകൃഷ്ണന്റെ ‘നിളയുടെ തീരങ്ങളിലൂടെ’റഫറുചെയ്യാം ആവര്‍ത്തനമാകരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.

വ്യത്യസ്തതയല്ലേ. അങ്ങേ തലമുതല്‍ ഇങ്ങേ തലവരെ ഒരു യാത്ര. കാല്‍‌നടയായി. എല്ലാകടവിലുമിറങ്ങാം. പുഴയെ അടുത്തറിയാം. ഓരോ ഭാവങ്ങളും നേരിട്ട് ഡയറിയിലേക്ക് പകര്‍ത്താം. ആരും ചെയ്തിട്ടുണ്ടാവില്ല.

പുലരെ പാലക്കാട്ടേക്കുള്ള ബസ് കയറിയത് ഉത്ഭവസ്ഥാനത്തുനിന്ന് തുടങ്ങാമെന്ന് കരുതിയാണ്. കിഴക്കന്മലകളില്‍ നിന്ന് നീര്‍ച്ചാലായ് തുടങ്ങിയ അവളുടെ കളകളങ്ങളില്‍ അകമാലിന്യങ്ങളെ കഴുകിക്കളയുന്ന ഉള്‍ക്കുളിരുണ്ടായിരുന്നു. എല്ലാം ഡയറിയിലേക്ക് പകര്‍ത്തിവെച്ചു. നടന്നു. പടിഞ്ഞാറ്, പടിഞ്ഞാറെന്ന്...

കുന്തിപ്പുഴയോട് സംഘമിച്ച് കുഞ്ചന്റെ ലക്കിടിയും പിന്നിട്ട് നാണ്വാരുടെ തോളില്‍ കൈകോര്‍ത്ത് തിരുവില്ലാമലയും ചുറ്റി മെലിഞ്ഞും പരന്നും നിളപ്പെണ്ണ് നിലക്കാതൊഴുകി. കൂടെ, ഒന്ന് കിതപ്പാറ്റി, ഒതുക്കുകളില്‍ അന്തിയുറങ്ങി, കടവുകളില്‍ മുങ്ങിക്കുളിച്ച്, കാഴ്ചകള്‍ കണ്ട്, പൈതൃകവേരുകളിലൂടങ്ങിനെ...

ദിവസങ്ങള്‍ പിന്നിട്ടു. ഇടശേരിക്കവിതയിലെ കുറ്റിപ്പുറം പാലം വളഞ്ഞുപുളഞ്ഞ കൈവരികളുമായി നീണ്ടു നിവര്‍ന്നുകിടക്കുന്നു. മിനിപമ്പയിലൊന്ന് മുങ്ങിനീര്‍ന്ന് വീണ്ടും നടത്തം തുടങ്ങിയപ്പോള്‍ നാടെത്താറായതിന്റെ ഉത്സാഹത്തിലായിരുന്നു. തിരുനാവായിലെ ചരിത്രം മയങ്ങുന്ന പൂഴിയില്‍ പിതൃബലിയുടെ അവശിഷ്ടങ്ങള്‍. ചമ്രവട്ടം കടവെത്തിയപ്പോള്‍ ചമ്രവട്ടത്തയ്യപ്പനും തുഞ്ചനും ക്ഷണിച്ചു. കുറ്റിക്കാട് കടവെത്തുമ്പോഴേക്ക് വെള്ളത്തിനു നല്ല അടിയൊഴുക്ക്. ഇടക്കിടെ അപകടമരണങ്ങളുണ്ടാവാറുള്ളതാണ്.

ഇനി രണ്ടു കടവുകള്‍ കൂടി. അതോടെ ഭാവങ്ങള്‍ പൂര്‍ത്തീകരിക്കും. അലസമായി ഡയറി മറിച്ചുനോക്കികൊണ്ടാണ് നടത്തം. പള്ളിക്കടവും അഴിക്കടവും കഴിഞ്ഞ് പുഴയും കടലുമൊന്നിക്കുന്ന അഴിമുഖത്ത് കുറച്ചുനേരം ചെലവിടാം. ജങ്കാറില്‍ പുറത്തൂര് പോകാം. ടൂറിസംകാരുടെ ബോട്ടുസര്‍വ്വീസിനടുത്ത്, കടലിനോട് ചേര്‍ത്തൊരുക്കിയ ഇരിപ്പിടത്തിലിരുന്ന് അസ്തമയം കണ്ടശേഷം നേരെ വീടു പിടിക്കണം. ഷെല്‍‌വിയെ വിളിച്ചുപറയണം. ഡയറി നേരിട്ട് അവനെയേല്‍പ്പിക്കാം. ഭാഷാപരമായ തിരുത്തൊക്കെ അവന്‍ നടത്തട്ടെ. കൂട്ടിചേര്‍ക്കുകയോ വെട്ടിത്തിരുത്തുകയോ ചെയ്യട്ടെ.

ബോട്ട് ഇപ്പൊ പോയേ ഉള്ളൂ എന്നാണ് പള്ളിക്കടവിലെ ടോളുപിരിവുകാരന്‍ പറഞ്ഞത്. താഴെ പാകിയ കരിങ്കല്ലുകള്‍ക്കു മുകളില്‍ ചെങ്കല്ലുകൊണ്ട് മതിലു തീര്‍ത്തിട്ടുണ്ട് കടവില്‍. കടവിലേക്കുള്ള പ്രവേശനകവാടം മുള കുറുകെ വച്ച് അടച്ചിരിക്കുന്നു. പടിഞ്ഞാട്ടു നടന്നാല്‍ മതിലുതീരുന്നിടത്തുവെച്ച് പുഴയിലിറങ്ങാം. പാകിയ കല്ലുകള്‍ക്ക് മുകളിലൂടെ നടക്കുമ്പോള്‍ ഡയറി ഒന്നുകൂടി മറിച്ചു നോക്കി. വീണ്ടും മറിച്ചുനോക്കി ആത്മരതിയില്‍ മുഴുകി. പാകിയ പാറക്കുമുകളിലേക്ക് ഓളങ്ങള്‍ അടിച്ചുകയറുന്ന പുഴയുടെ അതിരില്‍ നിന്നു. പുഴയോടൊത്ത് ദിവസങ്ങളായുള്ള സഹവാസമാണ്. പുഴയുടെ മിടിപ്പറിയാവുന്നവനെപ്പോലെ കാലെടുത്തുവച്ചു. ‘അമ്മേ....!!!’

നല്ല അടിയൊഴുക്ക്. വെള്ളത്തിനു മുകളില്‍ ഡയറിയുടെ താളുകള്‍ പരന്നൊഴുകി. തൊണ്ടയില്‍ നിന്നും മുകളിലേക്കുവരാഞ്ഞ ഒച്ച കണ്ഠനാളത്തില്‍ അലഞ്ഞു തിരിഞ്ഞു.



(മണ്മറഞ്ഞ ഷെല്‍‌വിച്ചായാ ക്ഷമീര്. ഹല്ല പിന്നെ!!)

ബ്ലമ്മൂഞ്ഞ്

ഒന്നും പറയാനില്ല
എനിക്കൊന്നും പറയാനില്ലെ-
ന്നിടക്കിടെ പറയുന്നതെന്തിന്
നിനക്കൊന്നും പറയാനില്ലേല്‍
നിനക്കെന്താ മിണ്ടാതിരുന്നാല്‍?

ബ്ലമ്മൂഞ്ഞ്.
വടക്കേലെ ലക്ഷ്മികുട്ടി
പേറ്റുനോവറിയാതെ പെറ്റത്
ബ്ലോഗുവായിച്ചാണെന്ന്
ലേബര്‍ റൂമില്‍
അടക്കിപ്പിടിപ്പിടിച്ച സംസാരം
എനിക്ക് ഉറക്കെ വിളിച്ചുപറയാന്‍ തോന്നി
‘അതിന്റെ ഉത്തരവാദി ഞാനാ...’

ഏകലവ്യന്‍
ദക്ഷിണയായ്
വിരലു ചോദിക്കുന്ന
ഗുരുവിന്റെ
കണ്ണ് ചൂഴ്ന്നെടുത്താലേ
ശിക്ഷണം പൂര്‍ണ്ണമാകൂ.

Related Posts with Thumbnails

Blog Archive

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP