എഴുത്തുകാരിയും പെണ്ണെഴുത്തും.

വെങ്കലവും കണ്ണാടിയും രണ്ടും ലോഹമാണ്. പ്രകാശം പ്രതിഫലിക്കുമ്പോഴാണ് ഒന്ന് കണ്ണാടിയായി മാറുന്നത് എന്ന് ഒരു വചനം കവിതയുണ്ട്. എനിക്ക് കഥ കണ്ണാടിയാവണം. അതില്‍ മുഖം നോക്കുന്ന വായനക്കാരന്റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തിനോടാണ് ചായ്‌വ്, സ്നേഹത്തിനോടല്ല. ഇതെനിക്ക് പ്രധാനമായ ഒരു സംഗതിയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പല തലങ്ങളിലായി സത്യം വിന്യസിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ വാക്കുകളില്‍ കാണുന്നതല്ല പലപ്പോഴും അവയുടെ മനശാസ്ത്രപരമായ സത്യം. മനശാസ്ത്രപരമായതല്ല ദാര്‍ശനികമായ സത്യം. ദാര്‍ശനികമായതല്ല മൌനമായിരിക്കുന്ന സത്യം. ഇങ്ങനെയാണ് കഥയില്‍ മൌനവും എനിക്ക് പ്രധാനമായി വരുന്നത്. വരികള്‍ക്കിടയില്‍ പറയാതെയിരിക്കുന്ന കഥയുടെ ആ തലം സുപ്രധാനമായിത്തീരുന്നത്.-അഷിത-

എഴുത്തിന്റെ പക്ഷം ചേരല്‍


വായന. സുധാകര്‍ മംഗളോദയത്തിലും ബാറ്റണ്‍ബോസിലും തുടങ്ങി കാനം ഇ.ജെയിലും മുട്ടത്തുവര്‍ക്കിയിലും അവസാനിക്കുന്ന വായന. എം.ടിയിലും സി.രാധാകൃഷ്ണനിലും തുടങ്ങി ആനന്ദിലവസാനിക്കും ചിലത്. വിശ്വസാഹിത്യത്തിലൂടെ മാത്രം കടന്നു പോകുന്ന വായനയുമുണ്ട്. ഇടക്കൊക്കെ ഓരോ കവിതയും ചെറുകഥയും. വായനശാലയിലെ സൂക്ഷിപ്പുപുസ്തകം വായനയെക്കുറിച്ച് ഇത്രയൊക്കെയെ പറയൂ. എഴുത്തുകാരെകുറിച്ചാണെങ്കില്‍ നോവലെഴുത്തുകാരെ കുറിച്ചു മാത്രവും.

ലൈബ്രറിയിലെ സൂക്ഷിപ്പുപുസ്തകത്തെപ്പോലെ തന്നെ പക്ഷം പറയുന്ന സുഹൃത്തുക്കളുണ്ട്. പെണ്ണെഴുത്തിന്റെ പക്ഷം. വേറെ ചിലരാകട്ടെ ദളിതെഴുത്തുകാരെക്കുറിച്ചും പറയുന്നു. എഴുത്തിന് പക്ഷമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ മറുപടി. കഥയുടേയും കവിതയുടേയും ലോകത്തെ പക്ഷപാതപരമായി വേര്‍തിരിക്കേണ്ടതുണ്ടോ എന്നത് ചോദ്യമായി തന്നെ നില നില്‍ക്കുകയും ചെയ്യും. കഥ കണ്ണാടിയാകാതെ, വായനക്കാരന്റെ കണ്ണില്‍ പുകമറ തീര്‍ത്ത് വായുവില്‍ അലിഞ്ഞു തീരും. സത്യമല്ലാതെയിരിക്കുന്ന സത്യത്തെക്കുറിച്ച് വാചാലമാകും.

സാറാജോസഫിന്റെ എഴുത്ത് എടുത്ത് പരിശോധിച്ചാല്‍ അറിയാം പെണ്ണെഴുത്തിലേക്കു തിരിയുന്നതിനുമുമ്പുള്ള അവരുടെ എഴുത്തും ഇപ്പോഴത്തെ എഴുത്തും തമ്മിലുള്ള വ്യത്യാസം. ഒരു ‘ആലാഹയുടെ പെണ്മക്കള്‍’ അല്ലാതെ ഓര്‍മ്മിച്ചു വെക്കാവുന്ന ഒന്നും പുതിയതായി അവരുടേതില്ല.

പ്രകാശം പരത്തുന്ന എഴുത്ത്

വായിച്ചശേഷം ഒന്നുകില്‍ കരയുക അല്ലെങ്കില്‍ ചിരിക്കുക അതുമല്ലെങ്കില്‍ എഴുത്താള്‍ക്ക് ഒരു കത്തെഴുതണമെന്ന് തോന്നിക്കുക, അതിലൊതുങ്ങിയിരുന്ന ചെറുകഥാ വായനയില്‍ നിന്നും കൈ പിടിച്ചുയര്‍ത്തിയത് കഥയിലെ ‘കാലഭൈരവനാ’ണ്. ടി. പത്മനാഭന്‍. എംടിയും കാരൂരുമൊക്കെ ഇല്ലായിരുന്നെന്നല്ല. ഓ.വി വിജയന്റെ ‘കടല്‍ തീര’ത്തെ മറന്നതുമല്ല. ‘പുഴകടന്ന് മരങ്ങളുടെയിടയിലേക്കെ’ത്തിയപ്പോഴെക്കും അത്ര പോരല്ലോ എന്ന് തോന്നാന്‍ തുടങ്ങിയെങ്കിലും നളിനകാന്തിയും മഖന്‍സിങ്ങും ഗൌരിയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുമടങ്ങുന്ന മലയാള ചെറുകഥയിലെ ‘പൂച്ചക്കുട്ടികളുടെ വീട്’ ഇടക്കിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുക എന്നത് ഓരോ ചെറുകഥാ ആസ്വാദകന്റേയും പതിവുശീലമാകാം.

ചെറുകഥകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോളാണ് എഴുത്തുകാരനേക്കാള്‍ എഴുത്തുകാരികള്‍ വായനയിലേക്ക് സ്ഥിരപ്പെടാന്‍ തുടങ്ങിയത്. മാധവിക്കുട്ടിയും പുതിയ തലമുറയിലെ മാധവിക്കുട്ടിയായ പ്രിയ ഏ.എസും അഷിതയുമൊക്കെ പെണ്ണെഴുത്ത് എന്നതിനേക്കാള്‍ എഴുത്തിലെ വൈകാരികതകൊണ്ടാകണം ആകര്‍ഷിക്കപ്പെട്ടത്. അല്ലെങ്കിലും ഈ മൂന്നെഴുത്തുകാരികളേയും പെണ്ണെഴുത്തിന്റെ ചട്ടക്കൂട്ടിലേക്കൊതുക്കി നിര്‍ത്താന്‍ ആര്‍ക്കാണു കഴിയുക.

അഷിതയുടെ എഴുത്ത്.

അഷിതയുടെ ‘നിലാവിന്റെ നാട്ടില്‍’ എന്ന കഥാസമാഹരത്തിലെ ചില കഥകളെക്കുറിച്ച് കുത്തിക്കുറിക്കാന്‍ പ്രേരിപ്പിച്ചത് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഈവന്റാണ്.

സ്ത്രീ വിമോചന സെമിനാറാണ് ‘ശ്രേഷ്ടമായ ചില നുണകള്‍’ എന്ന കഥയുടെ വിഷയം. ശോഭയും കൂട്ടുകാരും സെമിനാറിനു പോരുന്നോ എന്ന് കണ്ണിറുക്കി ചോദിച്ചപ്പോള്‍ ജയകൃഷ്ണന്‍ ചാടിപുറപ്പെട്ടു. കൂടെ ആന്റണിയും. സെമിനാറില്‍ പുരുഷന്മാര്‍ക്കു നേരെ മുനവെച്ച ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ജയ്കൃഷ്ണനാകട്ടെ അപ്പോള്‍ ശോഭയുടെ പിന്‍‌കഴുത്തിന്റെ ആകര്‍ഷണീയതയില്‍ മുഴുകി ഇരിക്കുകയായിരുന്നു. അതു തന്നെയായിരുന്നു വേണ്ടിയിരുന്നത് ശോഭയ്ക്കും മറ്റ് വിമോചകര്‍ക്കും.

വിമോചനപന്തലില്‍ നിന്നും ജയകൃഷ്ണനും ആന്റണിയും പുറത്തിറങ്ങുന്നത് ഒരു ആള്‍കൂട്ടത്തിലേക്കാണ്. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒരു തെരുവുപെണ്ണിനെ അവളുടെ കെട്ടിയവന്‍ തലമുടി കുത്തിപ്പിടിച്ച് കാലു മടക്കി തൊഴിക്കുന്നു. മുലകുടിച്ചുകൊണ്ടിരുന്ന അവളുടെ കുഞ്ഞുമായി അവള്‍ താഴെ വീഴുന്നു. മൈക്കില്‍ പ്രസംഗം ഒഴുകി വരുന്നുണ്ട് - കന്യകയുടെ പുല്ലിംഗം, വേശ്യയുടെ എതിര്‍ ലിംഗം.....നീണ്ട കരഘോഷവും. സത്യത്തിലേക്കിറങ്ങി വരാത്ത വിമോചകരുടെ പുറംപോളിഷിനെ തുറന്നു കാണിക്കുന്നു എഴുത്തുകാരി.

സെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഒരോ പെണ്‍കുട്ടിയുടെ നോട്ടത്തിലും ഉത്കടമായ വൈരാഗ്യം വമിക്കുതുപോലെ. ഓരോ പുരുഷനും തോല്പിക്കപ്പെടേണ്ട എതിരാളിയാണെന്ന പോലെ ക്രുദ്ധമായ ഒരു നോട്ടത്തോടെ ശോഭയും കൂട്ടരും തലവെട്ടിച്ചു കടന്നു പോകുന്നു. ആന്റണിയും ജയകൃഷ്ണനും ആ തിരസ്കാരത്തിന് പകരം വീട്ടാന്‍ തെരുവുപെണ്ണിനെ ബലാല്‍ക്കാരം ചെയ്യുകയും അവള്‍ കുഞ്ഞുങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത മറ്റൊരു പത്രവാര്‍ത്തയായി മാറുകയും ചെയ്യുന്നു. സമത്വം, സ്വാതന്ത്ര്യം എന്തിന്, ജീവിതം തന്നെയും- ശ്രേഷ്ടമായ നുണകളായി അങ്ങനെയങ്ങനെ രൂപാന്തരം പ്രാപിക്കുകയാണെന്ന് പറഞ്ഞ് കഥാകാരി പിന്‍‌വാങ്ങുന്നു.

ലോകത്തിന് ചില വിടവുകള്‍’ എന്ന കഥയിലെ അഭിരാമിയോട് കൂട്ടുകാരിയായ പാര്‍വ്വതി, വിവാഹം ഒരു ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാടാണെന്നും താനൊരിക്കലും വിവാഹം കഴിക്കുകയില്ലെന്നും ഒരു ഫെമിനിസ്റ്റാകുമെന്നും പറയുന്നത് ഫെമിനിസത്തെ കളിയാക്കുന്ന എഴുത്തുകാരിയുടെ മനോഭാവത്തിന്റെ സാക്ഷ്യമല്ലാതെ മറ്റൊന്നല്ല. രസകരമാണ് അഭിരാമിയുടെ കഥ. മുതിര്‍ന്നവരുടെ ലോകത്തിലെ നുണകളുടെ അനന്തസാധ്യതകളും വൈരുദ്ധ്യത്തിലെ അപാരസ്വാതന്ത്ര്യവും ചുണ്ടനങ്ങാതെ നുണപറയാന്‍ മിടുക്കിയായ അഭിരാമിയെ കൊതിപ്പിക്കുന്നു. മനസിനും വാക്കിനും ഇടയിലൊരു വിടവ്, വാക്കിനും പ്രവൃത്തിക്കും ഇടയില്‍ മറ്റൊരു വിടവ്... മുതിര്‍ന്ന വ്യക്തിയാകുന്നതിന് അത്യാവശ്യം വേണ്ട ഗുണം ഇതാണെന്ന നിഗമനത്തിലെത്തിച്ചേരുന്നു അഭിരാമി.

പതിനാലാം വയസില്‍ അഭിരാമിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന രണ്ടു സുപ്രധാന കാര്യങ്ങളാണ് അവള്‍ക്ക് ആദ്യമായി ഒരു പ്രേമലേഖനം ലഭിക്കുന്നതും അവള്‍ മുതിര്‍ന്നകുട്ടിയാകുന്നതും. ഏകദേശം ആറുമാസം കഴിഞ്ഞപ്പോള്‍ അയല്പക്കക്കാരന്‍ ജസ്‌‌വീന്ദറുമായുള്ള പ്രണയത്തിന്റെ സുഖമമായ പോക്കിന് അവള്‍ ഒരു ട്വിസ്റ്റു കൊടുത്തു. അത് അവന്റെ ആത്മഹത്യാശ്രമത്തില്‍ കലാശിക്കുകയും ആ വാര്‍ത്തയറിയുമ്പോള്‍ -ഞാന്‍ പറഞ്ഞില്ലേ ജാന്വമ്മേ, ഈ ലോകം ഭയാനകമാണെന്ന്? എന്ന നിര്‍വ്വികാരമായ ഒരു ചോദ്യത്തിലൂടെ അവള്‍ എന്നെന്നേക്കുമായി മുതിര്‍ന്നവരുടെ ലോകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

നിരാശാഭരിതമായ തന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ മഹത്തരമായ ഒരു കഥയെഴുതുന്ന കഥാകാരനാണ് ‘കഥാവശേഷന്‍’ എന്ന കഥയിലെ നായകകഥാപാത്രം. കഥയും കഥാകാരനും തമ്മില്‍ കണ്ടുമുട്ടുന്ന അവസരത്തില്‍ കഥയുടെ ഉജ്ജ്വലമായ മുഖം കണ്ട് താന്‍ എഴുതിയിരുന്നതെല്ലാം കോപ്രായങ്ങളായിരുന്നു എന്ന് കഥാകാരന്‍ മനസിലാക്കുകയും -കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ എന്ന തിരിച്ചറിവിലേക്ക് പ്രവേശിക്കുകയും ആ നിമിഷം കഥ അയാളെ ഗാഢമായി ആശ്ലേഷിക്കുകയും ചെയ്യുകയാണ്. അതിനു ശേഷം അയാളും കഥയും ഏത് പൂവ്, ആരുടെ ചില്ല എന്ന് തിരിച്ചറിയപ്പെടാനാകാത്ത വിധം ഒന്നിക്കുകയും അയാള്‍ കഥാവശേഷനാകുകയും ചെയ്യുന്നു.

‘കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ’ എന്ന ബോധ്യമായിരിക്കണം തന്റെ ഭാവനയെ സ്വതന്ത്രമായി വിട്ടുകൊണ്ട് മലയാള ചെറുകഥാലോകത്തിലേക്ക് മികച്ച കഥകളെ സംഭാവനചെയ്യാന്‍ കഥാകാരിക്കു കഴിഞ്ഞത്. അല്ലെങ്കിലും, സ്വയം മറന്ന് നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാകുകയും അരങ്ങില്‍ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതി എഴുതി താന്‍ ഇല്ലാതാകുകയും കഥ മാത്രം അവശേഷിക്കുകയും ചെയ്യണം എന്ന് തന്റെ കഥാജീവിതത്തെക്കുറിച്ച് പറയുന്ന അഷിതയ്ക്കെങ്ങിനെയാണ് അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ട ചിന്തകള്‍ കൊണ്ട് തന്റെ ഭാവനയെ പരിമിതപ്പെടുത്താന്‍ സാധിക്കുക.

0 അഭിപ്രായങ്ങള്‍:

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP