അപ്പുക്കുട്ടന്റെ വിധി!!!


അപ്പുകുട്ടന്‍ മരിച്ചു. കെട്ടിത്തൂങ്ങിയാണ്‌ മരിച്ചത്‌. അപ്പുക്കുട്ടന്റെ ജാതകപ്രകാരം അപ്പുക്കുട്ടന്‌ 95 വയസ്സുവരെ ആയുസ്സുണ്ട്‌. എന്നിട്ടും അപ്പുക്കുട്ടന്‍ 45-ല്‍ വിരാമമിട്ടു. അപ്പുക്കുട്ടന്റെ വിധി!

ഗജകേസ്സരി യോഗമായിരുന്നു അപ്പുക്കുട്ടന്‌, ജാതകത്തില്‌. എന്നിട്ടും അപ്പുക്കുട്ടന്‍ ഒരു മൂന്നാംതരം റൌഡിയായി. ചെറുപ്പത്തില്‍ തന്റെ മൂന്നു ജ്യേഷ്ടന്മാരേയും അപ്പുക്കുട്ടന്‍ വല്ലാതെ ഉപദ്രവിക്കുമായിരുന്നെങ്കിലും അമ്മ അവനെ വഴക്കുപറയില്ലായിരുന്നു. അവനെക്കൊണ്ടാണത്രേ അവര്‍ക്ക്‌ രാജയോഗം.

അപ്പുക്കുട്ടന്‍ വളര്‍ന്നു. ചെറുപ്പത്തിലെ വികൃതി വലുപ്പത്തില്‍ തകൃതിയായി. അപ്പുക്കുട്ടന്‍ മദഗജനായി. എങ്കിലും അമ്മ പ്രതീക്ഷിച്ചു, 'ഗജകേസരിയോഗം വരും'.

അപ്പുക്കുട്ടന്റെ വിധിപറയുന്ന ദിവസം കോടതിയില്‍ പതിവിലധികം ആളുകളുണ്ടായിരുന്നു, രണ്ടു പക്ഷം പിടിക്കുന്നവര്‍. അപ്പുക്കുട്ടന്റെ വിധിയെന്താകുമെന്ന ആകാംക്ഷയിലായിരുന്നു അവര്‍. ഒടുവില്‍ വിധി വന്നു. അപ്പുക്കുട്ടന്‌ ജീവപര്യന്തം. അതുപോരെന്നു പറഞ്ഞവരും കഷ്ടമെന്നു പറഞ്ഞവരും തമ്മില്‍ ചെറിയ രീതിയില്‍ ഉരസലുണ്ടായി. വീണ്ടുമൊരു സംഘര്‍ഷമുണ്ടാകാതെ പിരിഞ്ഞതു ഭാഗ്യം!

വിധി പറയുന്നതിനു മുമ്പ്‌ കോടതി അപ്പുക്കുട്ടനോട്‌ ചോദിച്ചു "എന്തിനു നീയവനെ കൊല്ലാക്കൊല ചെയ്തെടോ?" "അവന്റെ വിധി" അപ്പുക്കുട്ടന്‍ കൂസലില്ലാതെ മറുപടി പറഞ്ഞു. അപ്പുക്കുട്ടനെ അനുകൂലിക്കുന്നവരായിരുന്നു കേള്‍വിക്കാരിലധികവും."നിന്റെ വിധി എന്തെന്നറിയാമോ?" കോടതി ചോദിച്ചു. നിസ്സംഗ ഭാവത്തില്‍ അപ്പുക്കുട്ടന്‍ നിന്നു. "ജീവപര്യന്തം" കോടതി വിധിച്ചു.

കോടതി വിധിയോട്‌ അപ്പുക്കുട്ടന്‌ പുച്ഛം തോന്നി. കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി. "ഓ, ഇയാളാരാ ദൈവമോ, ദൈവമല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു അപ്പുക്കുട്ടനെങ്കിലുമാകണം അപ്പുക്കുട്ടന്റെ വിധി പറയാന്‍" എന്ന് പതുക്കെ പറഞ്ഞു.

കോടതി പിരിഞ്ഞു. അപ്പുക്കുട്ടന്‍ കാരാഗൃഹത്തിലേക്ക്‌. അപ്പുക്കുട്ടന്‍ എന്തോചിന്തിച്ചുകൊണ്ടാണ്‌ നടക്കുന്നത്‌. അപ്പുക്കുട്ടന്‍ ചിന്തിക്കട്ടെ. നമുക്കല്‍പം മാറി നില്‍ക്കാം.

അല്ലേലും അതങ്ങിനെയേ വരൂ. അത്രേം നേരം കൂടെയുണ്ടായിട്ടും ആ നേരത്തത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അല്ലേലും ശ്രദ്ധിച്ചിട്ടും കാര്യമുണ്ടാകുമായിരുന്നെന്ന് യാതൊരുറപ്പുമില്ല. കാരണം, അപ്പുക്കുട്ടന്റെ വിധിയാണത്. നിങ്ങളു കണ്ടില്ലായോ അത്, ‌അപ്പുക്കുട്ടന്‍ ചിന്തകള്‍ക്കു മീതെ ടെലഫോണ്‍ വയറു കുരുക്കി കെട്ടിത്തൂങ്ങിയാടുന്നത്. എന്തു ചെയ്യാം? അപ്പുകുട്ടന്റെ വിധി. അല്ലേ....

എഴുതിത്തീരാത്ത കവിത

എന്റെ വീട്‌ വാടകക്കാണെന്നറിഞ്ഞപ്പോള്‍
‍അവളൊന്നു ഞെട്ടി.
ജോലിസ്ഥിരമല്ലെന്നു പറഞ്ഞപ്പോള്‍
‍അവളുടെ മുഖം വികൃതമായി.
സത്യം മുഴുവനും പറഞ്ഞപ്പോള്‍
‍അവളെന്നെയുപേക്ഷിച്ചു,
എന്റെ കൊച്ചു കവിത കീറിക്കളഞ്ഞു.

ചോരവറ്റിയപ്പോള്‍
ജോലിതന്നവര്‍പുറം തള്ളി.
വാടക നിന്നപ്പോള്‍
വീട്ടുടമപടിയിറക്കി.
തെരുവില്‍ നിന്നപ്പോള്‍
തെണ്ടികളുംകളിയാക്കി.
കുട്ടികള്‍ കൂകിവിളിച്ചാര്‍ത്തോടിച്ചു,
ഭാണ്ഡത്തിലെ ജീവിതത്താളുകള്‍ ചുട്ടുകരിച്ചു.

ഒടുവില്‍, നിളയെനിക്കഭയമെന്നുകരുതി
ഞാന്‍ ചെന്നു.
പൂഴിമണല്‍പ്പുഴയുടെ കണ്ണീര്‍ച്ചാലില്‍
പുഴയ്ക്കു ബലിതര്‍പ്പണം.
ഇനി കാട്‌, മല-ഭ്രാന്താചലം.
"നീ കല്ലെവിടേക്കുരുട്ടിക്കയറ്റും,
കയറ്റങ്ങളില്ല, ഇറക്കങ്ങളില്ല,
കുന്നില്ല, പാടങ്ങളില്ല,
സമതലം മാത്രം."
പൂര്‍വ്വഭ്രാന്തന്റെ പരിഹാസം.
ഞാന്‍ തിരികെ നടന്നു,
പിഞ്ഞിയ താളുകളില്‍ പിന്നെയുമെഴുതി.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP