Showing posts with label സനാതനന്‍. Show all posts
Showing posts with label സനാതനന്‍. Show all posts

‘ഭക്തന്‍’ - ഒരു നിരീക്ഷണം.

ഒരു കവിത അല്ലെങ്കില്‍ കഥ എത്ര ഭംഗിയിലെഴുതാം എന്നത് എഴുത്തുകാരന്റെ ചിന്തയില്‍ വരുന്നതാണ്. എഴുത്തുകാരന്റെ ഭാവനക്ക് അനുസരിച്ച് അതിന് മനോഹാരിത വന്നുചേരുകയും ചെയ്യും. തന്റെ ഭാവനയെ ഉണര്‍ത്തി എഴുത്തിനെ മനോഹരമാക്കുന്നതുപോലെ വായനക്കാരന്റെ ഭാവനയേയും ഉണര്‍ത്താന്‍ എഴുത്തുകാരനു കഴിയുന്നെങ്കില്‍ ആ സൃഷ്ടി എഴുത്തുകാരന്റെ വിജയം തന്നെ. വായനക്കാരന്റെ ഭാവനയെക്കൂടി ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന ഒരുപിടി കവിതകളെങ്കിലും സനാതനന്റെ സനാതനത്തിന്റെ താളുകളില്‍ നമുക്ക് കണ്ടെത്താനാകും.

ചില കവിതകള്‍ പാത്രത്തിന്റെ ആകൃതിക്കനുസരിച്ച് രൂപം മാറുന്ന വെള്ളം പോലെയാണ്. വായനക്കാരന്റെ ചിന്തകള്‍ക്കനുസരിച്ച് സംവേദിക്കാന്‍ കഴിവുള്ള ഒന്നാണ് ‘ഭക്തന്‍’ എന്ന കവിത.

കമ്പോളമൂല്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറിക്കൊണ്ടിരിക്കുന്ന സമൂഹം, സമൂഹത്തെ കീഴടക്കികൊണ്ടിരിക്കുന്ന അധാര്‍മ്മികത, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഏത് കോമാളിക്കുമുന്നിലും ഭക്തനാകാന്‍ തയ്യാറുള്ള ജനത (ഈ കോമാളി സാമ്രാജ്യത്വമാകാം, ആള്‍ദൈവമാകാം). ഇത് നാം തന്നെയാണ്. കവി നമുക്ക് നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ഗോമാതാ സങ്കല്‍പ്പമാകാം പശുവിനെ അമ്മയായി സങ്കല്‍പ്പിക്കാന്‍ കവിയെ പ്രേരിപ്പിച്ചത്. ‘ഭൂമിയുടെ അവകാശികള്‍’ എന്ന കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ തുല്ല്യ അവകാശമാണെന്ന് വാദിക്കുന്നു. ആ അവകാശങ്ങളെ മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥതക്കു വേണ്ടി ബലികഴിക്കുന്നു. അവയുടെ സ്വാതന്ത്ര്യം, ഭക്ഷണം, ലൈംഗികത തുടങ്ങി എല്ലാം തീരുമാനിക്കുന്നത് മനുഷ്യനാണ്. വരും കാലങ്ങളില്‍ മനുഷ്യനും ഇത്തരം ഒരു ഗതി വന്നാല്‍ എങ്ങിനെയായിരിയ്ക്കുമെന്ന് ആ സങ്കല്‍പ്പം നമ്മെ ചിന്തിപ്പിക്കുന്നന്നു.

ആണ്‍ കുഞ്ഞെങ്കില്‍
ആറാം നാള്‍ വരും
അറവുകാരന്‍.

ആണ് വെറും മാംസം മാത്രമാണ്. വംശ നിലനില്‍പ്പിന് ബീജം കുത്തിയെടുക്കാന്‍ വേണ്ടിമാത്രം അഞ്ചോപത്തോ ആണുങ്ങള്‍ മാത്രം മതി സമൂഹത്തില്‍ എന്ന് ഏതെങ്കിലും (ആണ്‍/പെണ്‍)ഭരണാധികാരിക്ക് തോന്നിയാല്‍?

പലരും പല രീതിയിലായിരിക്കും ഈ കവിത വീക്ഷിക്കുന്നത്. ഇവര്‍ ഇങ്ങിനെയൊക്കെയായിരിക്കുമോ ഈ കവിത വീക്ഷിക്കുന്നത്?

1. ‘ഹൈന്ദവ’ വീക്ഷണം.
ഗോമാതാവ് സങ്കല്പ പ്രകാരം പശുവിന് അമ്മയ്ക്കു തുല്ല്യമായ സ്ഥാനമാണ്. അതുകൊണ്ടു തന്നെ അമ്മയോട് ചെയ്യാന്‍ പാടില്ലാത്തതൊന്നും പശുവിനോടും ചെയ്യാന്‍ പാടില്ലെന്നാണ് കവിതകൊണ്ട് കവി ഉദ്ദേശിക്കുന്നത്.


2. ‘അഹൈന്ദവ’ വീക്ഷണം.

ഗോമാതാവ് അഥവാ പശു അമ്മയാണ് എന്ന വീക്ഷണക്കാരോടുള്ള എതിര്‍പ്പാണ് കാഞ്ചാ‌ഐലയ്യയുടെ ‘എരുമദേശീയത’. ഏകദേശം അതേ ആശയം തന്നെയാണ് ഈ കവിതയില്‍ കവിക്കുമുള്ളത്.

വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.
കവി പശുവിനെ അമ്മയായി സങ്കല്‍പ്പിക്കുന്നു. ഇത് ഗോമാതാവ് എന്ന സങ്കല്പത്തോടുള്ള പരിഹാസമാണ്. പിന്നീട് വരുന്ന വരികളില്‍ അത് വ്യക്തമാകുന്നു. പശു അമ്മതന്നെയാണ് എന്ന് സങ്കല്‍പ്പിക്കുന്നവര്‍ക്ക് പിന്നീട് വരുന്ന;

ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
മദി വരുവോളം
ഭോഗിക്കും
അയാള്‍.

തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.

തുടങ്ങിയ വരികള്‍ എത്രമാത്രം അരോചകമായിരിക്കും. ഒരു പശുവിനെക്കുറിച്ചാണെങ്കില്‍ ഈ വരികള്‍ കാര്യമായൊന്നും പറയുന്നില്ലായിരിക്കും. പക്ഷേ പശു അമ്മയാണെന്ന് സങ്കല്‍പ്പിക്കുന്നവരോട് ഈ കവിത കയര്‍ക്കുകയല്ലേ ചെയ്യുന്നത്. മാത്രമല്ല നെറികേടിന് കൂട്ടു നിന്നതിന്റെ പ്രതിഫലം പറ്റിയാണ് ‘ഞാന്‍’ അമ്മഭക്തനാകുന്നത്. അതുകൊണ്ടു തന്നെ ഈ കവിത പശു മറ്റുമൃഗങ്ങളെപ്പോലെ വെറും മൃഗമാണ് എന്ന സന്ദേശമാണ് നല്‍കുന്നത്.

3. ‘നാച്വറലിസ്റ്റ്’ വീക്ഷണം.

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതിയില്‍ തുല്ല്യ അവകാശമാണ് ഉള്ളത്. എന്നാല്‍ മനുഷ്യന്‍ അവന്റെ ആവശ്യത്തിന് അനുസരിച്ച് പ്രകൃതിയെ തന്നെ മെരുക്കിയെടുത്ത് അവന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുന്നു. പ്രകൃതി നിയമങ്ങളെ ലംഘിക്കുന്നു. മൃഗങ്ങളെ അവന്റെയിഷ്ടത്തിന് കൂട്ടിലടക്കുന്നു. സ്വതന്ത്രമായി ഇണചേരാന്‍പോലും സമ്മതിക്കാതെ മികച്ച വിത്ത് കുത്തിവെക്കുന്ന കൃത്രിമ പ്രജനനരീതി അവയ്ക്കുമേലെ അടിച്ചേല്‍പ്പിക്കുന്നു. ഇതു തന്നെയാണ് പ്രജനനശേഷിയില്ലാത്ത വിത്തുകള് വിതരണം ചെയ്യുന്നതിലൂടെ സാമ്രാജ്യത്വവും ചെയ്യുന്നത്. ഈ കവിതയിലൂടെ കവി വിശദീകരിക്കാന്‍ ശ്രമിക്കുന്ന ആശയം ഇതാണ്.

4. ‘ഫെമിനിസ്റ്റ്’ വീക്ഷണം

അമ്മയായാലും പശുവായാലും പെണ്‍‌വര്‍ഗ്ഗത്തോടുള്ള ആണ്‍‌വര്‍ഗ്ഗത്തിന്റെ സമീപനമെങ്ങിനെയാണ് എന്ന് കവി വരികളില്‍ വ്യക്തമാക്കുന്നു.ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച് ആണ്‍‌വര്‍ഗ്ഗം കരുത്തുകൊണ്ട് പെണ്ണിനെ കീഴ്പ്പെടുത്തുന്നു. പെണ്ണ് പലപ്പോഴും ആണിന്റെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന വെറും യന്ത്രം മാത്രമാണ്. അവനോ വിത്തു കുത്തിക്കഴിഞ്ഞാല്‍ സോപ്പും ടവ്വലും കൊണ്ട് കഴുകിത്തുടച്ച് സമൂഹത്തിലേക്കിറങ്ങുന്ന മാന്യനും.

ഇനിയും പലതരത്തിലുള്ള വീക്ഷണങ്ങളുണ്ടായിരിക്കാം ഈ കവിതക്ക്. ഒരുപക്ഷേ ഈ വീക്ഷണമൊന്നും ശരിയെല്ലെന്നുമിരിക്കും. അങ്ങിനെയെങ്കില്‍ ഇത് എന്റെ വീക്ഷണം. എന്റെ മാത്രം വീക്ഷണം.

*വാരഫലത്തിന് വേണ്ടി എഴുതാനിരുന്നതാണ്. വലുതായിപ്പോയതിനാല് പ്രത്യേക പോസ്റ്റായി ഇടുന്നു.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP