ലാ യംക്ന്‍ അല്ല്‌ത്‌സാല്‍ ഹാലിയന്‍ ബിറക്കമല്ലതി തലബ്ത!!

മേഘസന്ദേശവും
ഹംസദൂതും
എത്ര പഴകിയെന്നോ
ദൂതുപേറിയിരുന്ന
മണിപ്രവാളങ്ങളും
അഞ്ചലും പുരാതനം.

പ്രണയത്തിന്റെ
പരാഗങ്ങളും പേറി
വിരഹത്തിന്റെ
വിഷാദവും നിറച്ച്
എത്ര സന്ദേശങ്ങള്‍
നമുക്കു ചുറ്റും
വൈദ്യുത കാന്തിക-
തരംഗങ്ങളായ്...

ഒറ്റ മിസ്കോളെങ്കില്‍
അത് കിസ്കോള്‍
രണ്ടെങ്കില്‍
തിരിച്ചും വേണം
മൂന്നെങ്കില്‍
സംസാരിക്കണം
പിണക്കത്തിനും
കോഡുണ്ട്!

ദാ പോകുന്നു
ഒന്ന്, രണ്ട്...
നൂറ്,ആയിരം...
എന്തൊരുവേഗം
തലങ്ങും വിലങ്ങും
ചുറ്റിലും നോക്ക്
ഉച്ഛ്വാസം പോലും
പേറുന്നു ദൂതിനെ.

*തലക്കെട്ടിലെ (അക്ഷര)പിശകുകള്‍ എന്റെ പിഴ ...ആമേന്‍!

വാര്‍ഷികം

........’
'എന്നിട്ട്...’
‘ഞാന്‍ നിന്റെ മടിയില്‍ തല ചായ്ച് കിടക്കും...’
‘എന്നിട്ട്...’
‘മണിയറയില്‍ തൂക്കിയിട്ട നാണംകുണുങ്ങിപൂക്കളിലൊന്നിനെ പതുക്കെ ചുംബിച്ച്...’
‘ഉം, പറ...’
‘എന്നിട്ട് നിന്നോടു പറയും...’
‘ഉം, പറയ്...’
‘പാട്ടുപാടിയുറക്കാം ഞാന്‍... ആ പാട്ടൊന്ന് പാടിത്താ, ന്ന് ...’
‘ഹൌ, ഇമ്മാതിരിയൊരു കാട്ടുജാതീനെ കേറി പ്രേമിച്ചൂലോ...!’
‘ബൂത്തില് കേറി കൂട്ടുകാരിയെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ച് ക്വാളിറ്റിചെക്കുചെയ്തപ്പൊ അതുംകൂടി ചെക്ക് ചെയ്യാര്‍ന്നു’
‘അത് പിന്നെ... ചീറ്റ്ചെയ്യ്‌വോന്ന് അറിയണ്ടേ...’
‘ഉം..ഉം...’
‘ഒരു വര്‍ഷം ആവാറായി...!’
‘ആഘോഷിക്കണ്ടേ...’
‘ഉം...’
‘എങ്ങിനെ...?’
‘എങ്ങിനെ?’
‘പടക്കം പൊട്ടിച്ചായാലോ...?’
‘ഓ, തൊടങ്ങി... ഉം!!?’
‘പിന്നെങ്ങിനെ...?’
‘ഞാന്‍ കാലത്ത് എണീറ്റ ഉടനെ ഒരു മിസ്ഡ്‌കാള്‍...‍’
‘നീ എത്ര മണിക്ക് എഴുന്നേല്‍ക്കും...’
‘നാലര...’
‘അപ്പൊ ഇവിടെ രണ്ടുമണി, മോള് ബുദ്ധിമുട്ടണംന്നില്ല...’
‘ഓ...’
‘എന്നിട്ട്...’
‘കുളിയൊക്കെ കഴിഞ്ഞ് അമ്പലത്തില്‍...’
‘നിര്‍ത്ത്, നിര്‍ത്ത്... നമ്മളാഘോഷിക്കാന്‍ പോണത് പ്രേമവാര്‍ഷ്യാ, വിവാഹവാര്‍ഷ്യാ ...?’
‘അത്...’

ലൂക്ക കൊല്ലപ്പെട്ടത്...!

കൃത്യം നാലേകാലിനാണ്
ലൂക്ക കൊല്ലപ്പെട്ടത്...
കിഴക്കുനിന്നും
പുലരിവണ്ടിയെത്താന്‍
സമയമേറെയില്ല
നഗരത്തിന്റെ
തെക്കേ അതിരിലെ
റെയിലിനപ്പുറം
നത്തും കുറുനരിയും
ഭയപ്പാട് വിളമ്പുന്നു

വെളുത്തതൊക്കെയും
മറച്ചുവയ്ക്കുവാന്‍
കറുത്തകോട്ടെന്തു പാടുപെട്ടിട്ടും
ആമാശയത്തിലെ
കറകളൊക്കെയും
വിയര്‍പ്പിനൊപ്പം
കിനിഞ്ഞിറങ്ങി
അറപ്പ് തീര്‍ത്ത് ഒലിച്ചൊഴുകി

കുറ്റവാളികളുടെ
എണ്ണം‌പറഞ്ഞായി കശപിശ
പതിനാലെന്ന് വാദിഭാഗം
പതിനഞ്ചെന്ന് പ്രതിഭാഗം...

നക്ഷത്രഹോട്ടലിലെ
സല്‍ക്കാരഹാളില്‍,
മിന്നാമിനുങ്ങുപൊതിഞ്ഞ പെണ്ണെന്ന്
വിരുന്ന് നുണയാനെത്തിയവര്‍
അതിശയപ്പെട്ടത്
പതിനാലുപേരോടൊപ്പം
ലഹരിമൂത്ത് ആടിപ്പാടുമ്പോള്‍
അടിയുടുപ്പില്‍ തിളങ്ങിയ മുത്തുകള്‍ കണ്ടാണ്

ശരീരംകൊണ്ട് വിരുന്നൊരുക്കിയപ്പോള്‍
തുടക്കക്കാരനുകിട്ടിയ സല്‍ക്കാരമൊന്നും
പതിനാലാമനുകിട്ടിയില്ലായിരിക്കാം
എങ്കിലും അവന്റെ വീതവും പകുത്തെടുത്തു കൃത്യം

തളംകെട്ടിനിന്ന
ആര്‍ത്തവത്തിന്റെ നനവിലാണ്
അവരുണര്‍ന്നത്
അവസാനഞരക്കം വരെ
ആശയക്കുഴപ്പവും ആശങ്കയും മാത്രം.

പതിനഞ്ചാം‌പ്രതിക്ക് പങ്കില്ലായിരുന്ന
കുറ്റം ചെയ്തത് പിന്നീടാണ്.
ചത്തത്
ആണായാലെന്ത്, പെണ്ണായാലെന്ത്
ആടായാലെന്ത്, പശുവായാലെന്ത്
വെറും ജഢം!
ഏതുവണ്ടിയും കയറിയിറങ്ങും വിധം
പാളത്തിലുപേക്ഷിച്ചത്
ചെറിയപിഴകിട്ടാവുന്ന കുറ്റം മാത്രം.

പിഴയൊടുക്കി പുറത്തിറങ്ങുമ്പോഴും
പുതിയ സല്‍ക്കാരങ്ങളിലേക്കുള്ള
ഇരകളുമൊരുക്കങ്ങളുമായിരുന്നു
ചര്‍ച്ചയില്‍ നിറഞ്ഞുനിന്നത്.

ഫിലിപ്പീനി

അവളില്ലായിരുന്നെങ്കില്‍
ഇന്നലെ രാത്രി ഞാന്‍
പട്ടിണിയായേനെ.

അഴകാര്‍ന്ന്
വടിവൊത്തോരുടല്‍
ഒറ്റ നോട്ടത്തിലേ
മോഹമുണര്‍ത്തും നിറം.

നഗ്നമാക്കപ്പെട്ടതിന്‍
ശേഷിപ്പായ്
അവളുടെയുടയാട
ചവറ്റുകൊട്ടക്കരികില്‍

ഡാന്‍സ് ബാറിനരികിലെ
കോള്‍ഡ് സ്റ്റോറില്‍
അവളുടെ വില നല്‍കുമ്പോഴേ
അതിശയപ്പെട്ടിരുന്നു
ഫിലിപ്പീനിലെ പെണ്ണിനേക്കാള്‍
സുന്ദരിയാണല്ലോ
അവിടത്തെ വാഴപ്പഴമെന്ന്.

മലകയറ്റം

കല്ലും മുള്ളും ചവിട്ടിയാണ്‌
ഇരുണ്ട മല കയറിയത്‌

തടിച്ചുരുണ്ട പരുത്ത പാറതന്‍
വഴുക്കടിഞ്ഞ വീര്‍ത്ത വയറിന്മേല്‍
ശാപമോക്ഷത്തിന്നു കാലുയര്‍ത്തെ കേട്ടു
'ഉണ്ണീ, ചുവടുകളോരോന്നും സൂക്ഷിച്ച്‌, സൂക്ഷിച്ച്‌...'

കഴച്ചകാലുമായ്‌ വേച്ചുനില്‍ക്കേ
തൊഴിച്ച കാലുകള്‍:(
താങ്ങായ കൈകള്‍!:)
ഹാ! ഇരുളും വെളിച്ചവും കലര്‍ന്ന കാലം പോല്‍.

എത്ര ഉയരം കയറുവാന്‍ ബാക്കി?
എത്ര ഉയരം കയറിക്കഴിഞ്ഞു?
എവിടെയാണിപ്പോള്‍-
ഉയരെയോ താഴെയോ പാതിവഴിയിലോ?

'അകലെ തെളിയുന്ന ദിവ്യവെളിച്ചത്തെ
മോക്ഷമായ്‌ കരുതാതെ വീണ്ടും കയറുക.
ഉണ്ണീ, തളര്‍ന്നുവീഴല്ലേ,
ചുവടുകളോരോന്നും സൂക്ഷിച്ച്‌, സൂക്ഷിച്ച്‌...'

ഒന്ന് കിതപ്പാറ്റി പിന്നെയും കയറുന്നു
കീഴെയൊഴുകുന്ന കാട്ടാറിന്‍ ചിരികേട്ട്‌.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP