എഴുത്തുകാരിയും പെണ്ണെഴുത്തും.

വെങ്കലവും കണ്ണാടിയും രണ്ടും ലോഹമാണ്. പ്രകാശം പ്രതിഫലിക്കുമ്പോഴാണ് ഒന്ന് കണ്ണാടിയായി മാറുന്നത് എന്ന് ഒരു വചനം കവിതയുണ്ട്. എനിക്ക് കഥ കണ്ണാടിയാവണം. അതില്‍ മുഖം നോക്കുന്ന വായനക്കാരന്റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തിനോടാണ് ചായ്‌വ്, സ്നേഹത്തിനോടല്ല. ഇതെനിക്ക് പ്രധാനമായ ഒരു സംഗതിയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പല തലങ്ങളിലായി സത്യം വിന്യസിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ വാക്കുകളില്‍ കാണുന്നതല്ല പലപ്പോഴും അവയുടെ മനശാസ്ത്രപരമായ സത്യം. മനശാസ്ത്രപരമായതല്ല ദാര്‍ശനികമായ സത്യം. ദാര്‍ശനികമായതല്ല മൌനമായിരിക്കുന്ന സത്യം. ഇങ്ങനെയാണ് കഥയില്‍ മൌനവും എനിക്ക് പ്രധാനമായി വരുന്നത്. വരികള്‍ക്കിടയില്‍ പറയാതെയിരിക്കുന്ന കഥയുടെ ആ തലം സുപ്രധാനമായിത്തീരുന്നത്.-അഷിത-

എഴുത്തിന്റെ പക്ഷം ചേരല്‍


വായന. സുധാകര്‍ മംഗളോദയത്തിലും ബാറ്റണ്‍ബോസിലും തുടങ്ങി കാനം ഇ.ജെയിലും മുട്ടത്തുവര്‍ക്കിയിലും അവസാനിക്കുന്ന വായന. എം.ടിയിലും സി.രാധാകൃഷ്ണനിലും തുടങ്ങി ആനന്ദിലവസാനിക്കും ചിലത്. വിശ്വസാഹിത്യത്തിലൂടെ മാത്രം കടന്നു പോകുന്ന വായനയുമുണ്ട്. ഇടക്കൊക്കെ ഓരോ കവിതയും ചെറുകഥയും. വായനശാലയിലെ സൂക്ഷിപ്പുപുസ്തകം വായനയെക്കുറിച്ച് ഇത്രയൊക്കെയെ പറയൂ. എഴുത്തുകാരെകുറിച്ചാണെങ്കില്‍ നോവലെഴുത്തുകാരെ കുറിച്ചു മാത്രവും.

ലൈബ്രറിയിലെ സൂക്ഷിപ്പുപുസ്തകത്തെപ്പോലെ തന്നെ പക്ഷം പറയുന്ന സുഹൃത്തുക്കളുണ്ട്. പെണ്ണെഴുത്തിന്റെ പക്ഷം. വേറെ ചിലരാകട്ടെ ദളിതെഴുത്തുകാരെക്കുറിച്ചും പറയുന്നു. എഴുത്തിന് പക്ഷമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ മറുപടി. കഥയുടേയും കവിതയുടേയും ലോകത്തെ പക്ഷപാതപരമായി വേര്‍തിരിക്കേണ്ടതുണ്ടോ എന്നത് ചോദ്യമായി തന്നെ നില നില്‍ക്കുകയും ചെയ്യും. കഥ കണ്ണാടിയാകാതെ, വായനക്കാരന്റെ കണ്ണില്‍ പുകമറ തീര്‍ത്ത് വായുവില്‍ അലിഞ്ഞു തീരും. സത്യമല്ലാതെയിരിക്കുന്ന സത്യത്തെക്കുറിച്ച് വാചാലമാകും.

സാറാജോസഫിന്റെ എഴുത്ത് എടുത്ത് പരിശോധിച്ചാല്‍ അറിയാം പെണ്ണെഴുത്തിലേക്കു തിരിയുന്നതിനുമുമ്പുള്ള അവരുടെ എഴുത്തും ഇപ്പോഴത്തെ എഴുത്തും തമ്മിലുള്ള വ്യത്യാസം. ഒരു ‘ആലാഹയുടെ പെണ്മക്കള്‍’ അല്ലാതെ ഓര്‍മ്മിച്ചു വെക്കാവുന്ന ഒന്നും പുതിയതായി അവരുടേതില്ല.

പ്രകാശം പരത്തുന്ന എഴുത്ത്

വായിച്ചശേഷം ഒന്നുകില്‍ കരയുക അല്ലെങ്കില്‍ ചിരിക്കുക അതുമല്ലെങ്കില്‍ എഴുത്താള്‍ക്ക് ഒരു കത്തെഴുതണമെന്ന് തോന്നിക്കുക, അതിലൊതുങ്ങിയിരുന്ന ചെറുകഥാ വായനയില്‍ നിന്നും കൈ പിടിച്ചുയര്‍ത്തിയത് കഥയിലെ ‘കാലഭൈരവനാ’ണ്. ടി. പത്മനാഭന്‍. എംടിയും കാരൂരുമൊക്കെ ഇല്ലായിരുന്നെന്നല്ല. ഓ.വി വിജയന്റെ ‘കടല്‍ തീര’ത്തെ മറന്നതുമല്ല. ‘പുഴകടന്ന് മരങ്ങളുടെയിടയിലേക്കെ’ത്തിയപ്പോഴെക്കും അത്ര പോരല്ലോ എന്ന് തോന്നാന്‍ തുടങ്ങിയെങ്കിലും നളിനകാന്തിയും മഖന്‍സിങ്ങും ഗൌരിയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുമടങ്ങുന്ന മലയാള ചെറുകഥയിലെ ‘പൂച്ചക്കുട്ടികളുടെ വീട്’ ഇടക്കിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുക എന്നത് ഓരോ ചെറുകഥാ ആസ്വാദകന്റേയും പതിവുശീലമാകാം.

ചെറുകഥകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോളാണ് എഴുത്തുകാരനേക്കാള്‍ എഴുത്തുകാരികള്‍ വായനയിലേക്ക് സ്ഥിരപ്പെടാന്‍ തുടങ്ങിയത്. മാധവിക്കുട്ടിയും പുതിയ തലമുറയിലെ മാധവിക്കുട്ടിയായ പ്രിയ ഏ.എസും അഷിതയുമൊക്കെ പെണ്ണെഴുത്ത് എന്നതിനേക്കാള്‍ എഴുത്തിലെ വൈകാരികതകൊണ്ടാകണം ആകര്‍ഷിക്കപ്പെട്ടത്. അല്ലെങ്കിലും ഈ മൂന്നെഴുത്തുകാരികളേയും പെണ്ണെഴുത്തിന്റെ ചട്ടക്കൂട്ടിലേക്കൊതുക്കി നിര്‍ത്താന്‍ ആര്‍ക്കാണു കഴിയുക.

അഷിതയുടെ എഴുത്ത്.

അഷിതയുടെ ‘നിലാവിന്റെ നാട്ടില്‍’ എന്ന കഥാസമാഹരത്തിലെ ചില കഥകളെക്കുറിച്ച് കുത്തിക്കുറിക്കാന്‍ പ്രേരിപ്പിച്ചത് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഈവന്റാണ്.

സ്ത്രീ വിമോചന സെമിനാറാണ് ‘ശ്രേഷ്ടമായ ചില നുണകള്‍’ എന്ന കഥയുടെ വിഷയം. ശോഭയും കൂട്ടുകാരും സെമിനാറിനു പോരുന്നോ എന്ന് കണ്ണിറുക്കി ചോദിച്ചപ്പോള്‍ ജയകൃഷ്ണന്‍ ചാടിപുറപ്പെട്ടു. കൂടെ ആന്റണിയും. സെമിനാറില്‍ പുരുഷന്മാര്‍ക്കു നേരെ മുനവെച്ച ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ജയ്കൃഷ്ണനാകട്ടെ അപ്പോള്‍ ശോഭയുടെ പിന്‍‌കഴുത്തിന്റെ ആകര്‍ഷണീയതയില്‍ മുഴുകി ഇരിക്കുകയായിരുന്നു. അതു തന്നെയായിരുന്നു വേണ്ടിയിരുന്നത് ശോഭയ്ക്കും മറ്റ് വിമോചകര്‍ക്കും.

വിമോചനപന്തലില്‍ നിന്നും ജയകൃഷ്ണനും ആന്റണിയും പുറത്തിറങ്ങുന്നത് ഒരു ആള്‍കൂട്ടത്തിലേക്കാണ്. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒരു തെരുവുപെണ്ണിനെ അവളുടെ കെട്ടിയവന്‍ തലമുടി കുത്തിപ്പിടിച്ച് കാലു മടക്കി തൊഴിക്കുന്നു. മുലകുടിച്ചുകൊണ്ടിരുന്ന അവളുടെ കുഞ്ഞുമായി അവള്‍ താഴെ വീഴുന്നു. മൈക്കില്‍ പ്രസംഗം ഒഴുകി വരുന്നുണ്ട് - കന്യകയുടെ പുല്ലിംഗം, വേശ്യയുടെ എതിര്‍ ലിംഗം.....നീണ്ട കരഘോഷവും. സത്യത്തിലേക്കിറങ്ങി വരാത്ത വിമോചകരുടെ പുറംപോളിഷിനെ തുറന്നു കാണിക്കുന്നു എഴുത്തുകാരി.

സെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഒരോ പെണ്‍കുട്ടിയുടെ നോട്ടത്തിലും ഉത്കടമായ വൈരാഗ്യം വമിക്കുതുപോലെ. ഓരോ പുരുഷനും തോല്പിക്കപ്പെടേണ്ട എതിരാളിയാണെന്ന പോലെ ക്രുദ്ധമായ ഒരു നോട്ടത്തോടെ ശോഭയും കൂട്ടരും തലവെട്ടിച്ചു കടന്നു പോകുന്നു. ആന്റണിയും ജയകൃഷ്ണനും ആ തിരസ്കാരത്തിന് പകരം വീട്ടാന്‍ തെരുവുപെണ്ണിനെ ബലാല്‍ക്കാരം ചെയ്യുകയും അവള്‍ കുഞ്ഞുങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത മറ്റൊരു പത്രവാര്‍ത്തയായി മാറുകയും ചെയ്യുന്നു. സമത്വം, സ്വാതന്ത്ര്യം എന്തിന്, ജീവിതം തന്നെയും- ശ്രേഷ്ടമായ നുണകളായി അങ്ങനെയങ്ങനെ രൂപാന്തരം പ്രാപിക്കുകയാണെന്ന് പറഞ്ഞ് കഥാകാരി പിന്‍‌വാങ്ങുന്നു.

ലോകത്തിന് ചില വിടവുകള്‍’ എന്ന കഥയിലെ അഭിരാമിയോട് കൂട്ടുകാരിയായ പാര്‍വ്വതി, വിവാഹം ഒരു ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാടാണെന്നും താനൊരിക്കലും വിവാഹം കഴിക്കുകയില്ലെന്നും ഒരു ഫെമിനിസ്റ്റാകുമെന്നും പറയുന്നത് ഫെമിനിസത്തെ കളിയാക്കുന്ന എഴുത്തുകാരിയുടെ മനോഭാവത്തിന്റെ സാക്ഷ്യമല്ലാതെ മറ്റൊന്നല്ല. രസകരമാണ് അഭിരാമിയുടെ കഥ. മുതിര്‍ന്നവരുടെ ലോകത്തിലെ നുണകളുടെ അനന്തസാധ്യതകളും വൈരുദ്ധ്യത്തിലെ അപാരസ്വാതന്ത്ര്യവും ചുണ്ടനങ്ങാതെ നുണപറയാന്‍ മിടുക്കിയായ അഭിരാമിയെ കൊതിപ്പിക്കുന്നു. മനസിനും വാക്കിനും ഇടയിലൊരു വിടവ്, വാക്കിനും പ്രവൃത്തിക്കും ഇടയില്‍ മറ്റൊരു വിടവ്... മുതിര്‍ന്ന വ്യക്തിയാകുന്നതിന് അത്യാവശ്യം വേണ്ട ഗുണം ഇതാണെന്ന നിഗമനത്തിലെത്തിച്ചേരുന്നു അഭിരാമി.

പതിനാലാം വയസില്‍ അഭിരാമിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന രണ്ടു സുപ്രധാന കാര്യങ്ങളാണ് അവള്‍ക്ക് ആദ്യമായി ഒരു പ്രേമലേഖനം ലഭിക്കുന്നതും അവള്‍ മുതിര്‍ന്നകുട്ടിയാകുന്നതും. ഏകദേശം ആറുമാസം കഴിഞ്ഞപ്പോള്‍ അയല്പക്കക്കാരന്‍ ജസ്‌‌വീന്ദറുമായുള്ള പ്രണയത്തിന്റെ സുഖമമായ പോക്കിന് അവള്‍ ഒരു ട്വിസ്റ്റു കൊടുത്തു. അത് അവന്റെ ആത്മഹത്യാശ്രമത്തില്‍ കലാശിക്കുകയും ആ വാര്‍ത്തയറിയുമ്പോള്‍ -ഞാന്‍ പറഞ്ഞില്ലേ ജാന്വമ്മേ, ഈ ലോകം ഭയാനകമാണെന്ന്? എന്ന നിര്‍വ്വികാരമായ ഒരു ചോദ്യത്തിലൂടെ അവള്‍ എന്നെന്നേക്കുമായി മുതിര്‍ന്നവരുടെ ലോകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

നിരാശാഭരിതമായ തന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ മഹത്തരമായ ഒരു കഥയെഴുതുന്ന കഥാകാരനാണ് ‘കഥാവശേഷന്‍’ എന്ന കഥയിലെ നായകകഥാപാത്രം. കഥയും കഥാകാരനും തമ്മില്‍ കണ്ടുമുട്ടുന്ന അവസരത്തില്‍ കഥയുടെ ഉജ്ജ്വലമായ മുഖം കണ്ട് താന്‍ എഴുതിയിരുന്നതെല്ലാം കോപ്രായങ്ങളായിരുന്നു എന്ന് കഥാകാരന്‍ മനസിലാക്കുകയും -കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ എന്ന തിരിച്ചറിവിലേക്ക് പ്രവേശിക്കുകയും ആ നിമിഷം കഥ അയാളെ ഗാഢമായി ആശ്ലേഷിക്കുകയും ചെയ്യുകയാണ്. അതിനു ശേഷം അയാളും കഥയും ഏത് പൂവ്, ആരുടെ ചില്ല എന്ന് തിരിച്ചറിയപ്പെടാനാകാത്ത വിധം ഒന്നിക്കുകയും അയാള്‍ കഥാവശേഷനാകുകയും ചെയ്യുന്നു.

‘കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ’ എന്ന ബോധ്യമായിരിക്കണം തന്റെ ഭാവനയെ സ്വതന്ത്രമായി വിട്ടുകൊണ്ട് മലയാള ചെറുകഥാലോകത്തിലേക്ക് മികച്ച കഥകളെ സംഭാവനചെയ്യാന്‍ കഥാകാരിക്കു കഴിഞ്ഞത്. അല്ലെങ്കിലും, സ്വയം മറന്ന് നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാകുകയും അരങ്ങില്‍ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതി എഴുതി താന്‍ ഇല്ലാതാകുകയും കഥ മാത്രം അവശേഷിക്കുകയും ചെയ്യണം എന്ന് തന്റെ കഥാജീവിതത്തെക്കുറിച്ച് പറയുന്ന അഷിതയ്ക്കെങ്ങിനെയാണ് അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ട ചിന്തകള്‍ കൊണ്ട് തന്റെ ഭാവനയെ പരിമിതപ്പെടുത്താന്‍ സാധിക്കുക.

രൂപം മാറുമ്പോള്‍ സ്വയം മാറുന്നത്...

പട്ടികളും പന്നികളുമൊക്കെ രൂപം മാറി. കുറച്ചുനേരത്തേക്ക്!

വെള്ളിയാഴ്ച. ബാറിലെ അരണ്ട വെളിച്ചം. ഗ്ലാസില്‍ നുരയുന്ന ബിയര്‍. കയ്യിലെ എരിഞ്ഞുതീരുന്ന സിഗരറ്റിലേക്ക് നോക്കി എരിയുന്ന ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട് ഗണേശ് ഇരുന്നു.

സര്‍, ഒരു ബിയറുകൂടിയെടുക്കട്ടേ...
പിന്നിലെ കിളിനാദം ഉടല്‍ചൂടു പകരും വിധം ചാരിനിന്നു. പതിയെ ചുമലിലൂടെ കൈകള്‍ അരിച്ചിറങ്ങി. അരിച്ചിറങ്ങിയ കൈകളോടൊപ്പം മുഖത്തേക്കു പതിച്ച ചൂടുള്ള നിശ്വാസത്തേയും തട്ടിയകറ്റി.
പോകൂ...
താഴെ വീണ ഗ്ലാസിന്റെ ചില്ലുടയല്‍ ശബ്ദം…
മൊബൈല്‍ ചിലക്കുന്ന ശബ്ദം.
കഴിഞ്ഞോ...
ഉം.. ഞാനിറങ്ങി. ബംഗാളി കോളനിക്കരികില്‍...ഒരു ലക്ഷണം കെട്ട സാധനമായിരുന്നു. നാശം...
ഉം... ഞാനവിടെയെത്താം.
കട്ടുചെയ്തു.

കോളനിക്കരികിലെത്തിയപ്പോഴേക്കും പിടിവലി തുടങ്ങി.
സര്‍, പതിനെട്ടു വയസേയുള്ളൂ...
സര്‍, ഒരു ചുള്ളത്തി ബംഗാളി...
സര്‍, മുപ്പതുകാരി പാക്കിസ്ഥാനി...
നാടന്‍ മലയാളിപ്പെണ്ണ്...
ഉത്തരേന്ത്യന്‍ ചരക്ക്...
ഇത്തിരി ബലപ്പെട്ടു തന്നെയാണ് ഒരുത്തനെ തള്ളിമാറ്റിയത്.

കോളനിയിലേക്കുള്ള റോഡ് തുടങ്ങുന്നതിന് തെല്ലകലെ ജയ്സണ്‍ നില്‍ക്കുന്നു, പ്രൊഫസര്‍ ഫ്രാങ്ക് റിച്ചാര്‍ഡ് തന്റെ കണ്ടെത്തലുമായി ലോകം ചുറ്റുന്നതിന്റെ ഒരു നെടുങ്കന്‍ ഫ്ലെക്സ് ബോര്‍ഡിനരികില്‍.
ഇനിയെന്താണ്?
നേരെ റൂമ്‌ പിടിക്കണം, ഒരു കുളി, ഒറ്റ ഉറക്കം...
ഒന്നു കണ്ടാലോ...
ഫ്രാങ്കിന്റെ ഫ്ലെക്സ് ബോര്‍ഡിലേക്ക് വിരല്‍ ചൂണ്ടി ഗണേശ്.

മുതുകാടിന്റെ മാജിക് ഷോയ്ക്ക് ഒരുക്കിയ സ്റ്റേജുപോലെ വലിയ സ്റ്റേജ്. മണിക്കൂറുകള്‍ നീണ്ട രസതന്ത്രം ലോജിക്കല്‍ കത്തി. മുതുകാട് പ്രാവിനെ മുയലാക്കി മാറ്റുന്നതുപോലെ സ്റ്റേജിലേക്കുകൊണ്ടുവന്ന പട്ടിയേയും പന്നിയേയും രൂപം മാറ്റിക്കാണിച്ചു പ്രൊഫസര്‍. പുതുതായി കണ്ടുപിടിച്ച മരുന്നിന്റെ ഫലം. ചെറിയമാറ്റമായിരുന്നെങ്കിലും പട്ടി പട്ടിയും പന്നി പന്നിയുമല്ലാതായി മാറി. കുറച്ചു നേരത്തേക്ക്. കുറച്ചുനേരത്തേക്കു മാത്രം!

എന്തിനാണ് ഇങ്ങനെയൊരു മരുന്നെന്ന് ആര്‍ക്കും മനസിലായില്ല. ആരും ചോദിച്ചുമില്ല. എങ്കിലും ഇത്തിരി മരുന്നു കിട്ടുമോ എന്ന് പലരും അന്വേഷിക്കാതിരുന്നുമില്ല. ഒരു പാടുനേരത്തെ ശ്രമഫലമായി കുറച്ച് മരുന്ന് ഒപ്പിച്ചെടുത്തു ജെയ്സണ്‍.

കഴിച്ചുനോക്കിയാലോ?
വല്ല കഴുതേടേം രൂപം കിട്ടും.
എങ്കിലും കുറച്ചുനേരത്തേക്കല്ലേ...
പറഞ്ഞു തീരും മുമ്പേ മരുന്ന് വായിലേക്കൊഴിച്ചു ഗണേഷ്.

ഉള്‍വലിഞ്ഞ മീശരോമങ്ങള്‍ നിന്നിടത്ത് അങ്ങിനെയെന്തെങ്കിലും ഉണ്ടായിരുന്നെന്നതിന് യാതൊരു തെളിവും അവശേഷിക്കുന്നില്ല. ചര്‍മ്മവും മിനുസപ്പെട്ടിരിക്കുന്നു. മാറിടം വളര്‍ന്ന് ഹുക്കുകള്‍ക്കിടയിലൂടെ പുറത്തു ചാടാന്‍ വീര്‍പ്പുമുട്ടി. സ്ത്രൈണത മുറ്റിനിന്നു ഭാവത്തിലും ചലനങ്ങളിലും.

കണ്ണുകള്‍ പറിച്ചെടുക്കപ്പെടാനാകാത്ത ഉടല്‍ കുരുക്ക്. ജയ്സണ്‍ അവനിലരിച്ചു നടന്നു, സ്ഥലകാലങ്ങളിലേക്ക് ബോധപ്പെടും വരെ.

മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. പഴയ രൂപത്തിലേക്കിനിയും തിരിച്ചു മാറപ്പെട്ടിട്ടില്ല. പ്രൊഫസറും സംഘവും എപ്പഴേ സ്ഥലം വിട്ടിരിക്കുന്നു. എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങി ഇരുവരും.

ഇല്ല. ഈ രൂപത്തില്‍ റൂമിലേക്ക് കയറിച്ചെല്ലാന്‍ കഴിയില്ല. അവന്മാരൊന്നും പറഞ്ഞാല്‍ വിശ്വസിക്കയുമില്ല. മണിക്കൂറുകള്‍ എത്ര കഴിഞ്ഞിരിക്കുന്നു. നമുക്ക് ഏതെങ്കിലും ഹോട്ടലില്‍ ഒരു റൂം നോക്കാം. അതിനു മുമ്പ് ഒരു പെണ്ണുടയാട കിട്ടുമോന്നു നോക്കട്ടെ...

ഹൈപ്പര്‍മാര്‍ക്കറ്റിലെ ഫാഷന്‍ ഷോറൂമില്‍ നിന്ന്‍ അളവ് ഊഹിച്ചു വാങ്ങിയ വസ്ത്രങ്ങളണിയുമ്പോള്‍ നാണം. മണിക്കൂറുകള്‍ക്കു മുമ്പുവരെ തങ്ങള്‍ക്കിടയില്‍ ഇത്തരത്തിലൊരു വികാരമുണ്ടാകുമെന്ന് ഊഹിക്കാനേ കഴിയുമായിരുന്നില്ല ഇരുവര്‍ക്കും.

ഹോട്ടല്‍മുറി. അടഞ്ഞ വാതിലിനിടയില്‍ അടക്കമില്ലാത്ത പെണ്‍‌വസ്ത്രം ഒന്നുകുരുങ്ങി. പതുക്കെ വലിച്ചെടുത്തപ്പോള്‍ തിളങ്ങുന്ന നൂലുകളില്‍ ഒന്നുരണ്ടെണ്ണം അനുസരണക്കേടു കാട്ടി. തീന്‍‌മേശയില്‍ നിരന്നിരുന്ന ഭക്ഷണം അവരുടെ വിശപ്പില്ലായ്മയെ കൊഞ്ഞനം കാട്ടി.

റൂമിലെ ബഹളങ്ങളില്‍ അടിച്ചും തൊഴിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും കിടന്നുറങ്ങിയിരുന്നവര്‍ക്ക് ഹോട്ടല്‍മുറിയിലെ വിശാലമായ ഒറ്റക്കട്ടിലില്‍ ഒന്നിച്ചുകിടക്കാന്‍ മടി. പെണ്ണിനോടൊപ്പം കിടന്നു ശീലമില്ലാത്തവനല്ല ജെയ്സണ്‍, പക്ഷേ ഇതങ്ങിനെയല്ലല്ലോ…

കിടന്നിട്ട് ഉറക്കം വരുന്നില്ല. നിശബ്ദമായ ഇരുളില്‍ ഉച്ഛ്വാസത്തിന് എന്തൊരു കനം. റൂമിലെ കൂര്‍ക്കം വലികള്‍ക്കിടയിലും ഉറക്കം ശീലമാണ്. എന്നിട്ടും...

തിരിഞ്ഞും മറിഞ്ഞും കിടന്നു. അസ്വസ്ഥത. എഴുന്നേറ്റിരുന്നു ഗണേശ്, കുറേനേരം. അകലെ കൂറ്റന്‍ ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും ഒഴുകിയൊലിക്കുന്ന വര്‍ണ്ണവെളിച്ചത്തിലേക്ക് നോക്കി ജനലരികില്‍ ചെന്നു നിന്നു കുറേനേരം. പിന്നെയും ചെന്നുകിടന്നു. ഏ.സിയില്‍നിന്ന് നേരിയ കുളിര്. ഉടലിനെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ചുരുണ്ടുകൂടി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല.
എന്തു ചെയ്യും നാളെ... ഈ രൂപത്തില്‍ തന്നെയാണെങ്കില്‍...
ജയ്സന്റെ പതിഞ്ഞ ശബ്ദം.
ഒന്നും പറഞ്ഞില്ല ഗണേശ്.
ജയ്സണ്‍ ഗണേശിനരികിലേക്ക് നീങ്ങി കിടന്നു.
ഗണേശ്…
മൌനം
നീ…ശരിക്കുപറഞ്ഞാല്‍... കൊതിതോന്നുന്നു.
ജയ്സണ്‍ ഒന്നുകൂടി ചേര്‍ന്നുകിടന്നു.
ഞാനൊന്നു തൊട്ടോട്ടെ...
ഞാനൊന്നു ചുംബിച്ചോട്ടെ...

ജയ്സന്റെ വിരലുകള്‍ അരിച്ചു നടന്നു ഗണേശില്‍...

അപ്രതീക്ഷിതമായാണ് ആ തിരിച്ചറിവ് കയ്യില്‍ തടഞ്ഞത്... ഗണേശ് പൂര്‍ണ്ണമായും ഒരു പെണ്ണായിട്ടില്ല...

ഷോക്കേറ്റതു പോലെ കൈ പിന്‍‌വലിച്ചു ജയ്സണ്‍.

ലൈംഗികതൃപ്തിക്കുവേണ്ടി പെണ്ണിനെ ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ... എന്നാല്‍ ഒരു ആണ്‍...അല്ല, ഷീമെയില്‍...

തിരിച്ചറിവ് കുറച്ചുനേരത്തേക്കുമാത്രം. ഉപേക്ഷിക്കപ്പെടാന്‍ വയ്യാത്തവിധം കൊതിപ്പിക്കുന്ന മാംസളത... ഊഷ്മളത... വീണ്ടു ചേര്‍ന്നുകിടന്നു.

ജനല്‍ച്ചില്ലിനുള്ളിലൂടെ വെളുത്ത പകല്‍ കര്‍ട്ടനേയും തുളച്ച് കണ്ണിലേക്കരിച്ചിറങ്ങിയപ്പോഴാണ് എഴുന്നേറ്റത്. അപ്പോഴും കൂര്‍ക്കം വലിച്ചുറങ്ങുന്നു ജയ്സണ്‍. ജോലിക്കു പോകാന്‍ കഴിയില്ല. സമയം ഒരുപാടായിരിക്കുന്നു. ശരീരത്തിലെ നീറ്റലുകളിലേക്ക് കണ്ണോടിച്ചു. തൊട്ടു നോക്കി. പഴയ രൂപം തിരിച്ചുകിട്ടിയതില്‍ ആശ്വസിച്ചു.

അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ താഴെ തിരക്കു പിടിച്ചുകൊണ്ടിരിക്കുന്ന തെരുവ്. കമ്പോളം. കോളനികള്‍... മാര്‍ക്കറ്റു ചെയ്യപ്പെടാമായിരുന്ന ഒരു സാധ്യത കൂടി ഇല്ലാതായതിന്റെ ദു:ഖത്തില്‍ കമ്പോളം ഗണേശിനെ നോക്കി പുച്ഛച്ചിരി ചിരിച്ചു.

വൈറസ്

ചില മുന്നറിയിപ്പുകളെ
കപടസ്നേഹത്തിന്റെ
മുറുമുറുപ്പുകളെന്ന്
അവഗണിച്ചാണ്
പുതിയ ശീലങ്ങളിലേക്ക്
തോന്ന്യാസപ്പെട്ടത്.

ചില തോന്ന്യാസങ്ങളുടെ
ആനന്ദമൂര്‍ച്ചകള്‍-
ക്കിടെയിലാകണം
ചിലതൊക്കെ തിരിച്ചും
കടന്നുകൂടപ്പെട്ടത്.

പ്രതിരോധകങ്ങളെ
നിര്‍വ്വീര്യമാക്കിയാ‍കണം
വേരുപായിച്ചത്.

ആകെപ്പടര്‍ന്നിനി
വയ്യെന്നു വന്നപ്പോ‍ള്‍
അഭയമിരന്ന
ശാസ്ത്രവും കൈവിട്ടു

എത്രപെട്ടെന്നാണ്
തരിപ്പണമായത്
എന്റെ കമ്പ്യൂട്ടറിനകത്തെ
ആവാസ വ്യവസ്ഥ.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP