നഗരത്തിലെ പാതകള്‍

നഗരത്തിലെ യാത്രകളില്‍
തെക്കും വടക്കുമില്ല
കിഴക്കും പടിഞ്ഞാറുമില്ല
ലെഫ്റ്റും റൈറ്റും മാത്രം

റൈറ്റിന്
‘നേരായത്’ എന്ന് അര്‍ത്ഥം പറഞ്ഞ്
വലത്തേ വഴികളിലൂടെ മാത്രം
പൊയ്ക്കൊണ്ടേയിരുന്നാല്‍
ഓടയിലെ മാലിന്യങ്ങളൊക്കെ
ചെന്നടിയുന്നൊരു
അരക്ഷിത മേഖലയിലെത്തിപ്പെട്ടേക്കാം.

ഇടത്തേ വഴിയിലുമുണ്ട് ചുഴികള്‍
കൃത്യമായ മാര്‍ഗ്ഗരേഖ കൂടാതെ
തുടര്‍ച്ചയായി
മൂന്നോ നാലോ തവണ
ഇടത്തോട്ടുമാത്രം തിരിഞ്ഞുപോയാല്‍
ഒരു പക്ഷേ
തുടങ്ങിയേടത്തു തന്നെയോ
അതിനും പിറകിലോ
ചെന്നെത്തിയേക്കാം

നഗരത്തിലെ വഴികള്‍ ചിലപ്പോള്‍
പാമ്പും കോണിയും കളിക്കുന്ന
ചതുരപ്പലകയെ ഓര്‍മ്മിപ്പിക്കും

തിരിച്ചുപോരുമ്പോഴാണ്
എല്ലാം കീഴ്മേല്‍ മറിയുക
ഇടത്തുണ്ടായിരുന്നതൊക്കെ
വലത്തും
വലത്തുണ്ടായിരുന്നതൊകെ
ഇടത്തുമാകും.
നമ്മളാണ്
ദിശമാറിയതെന്ന്
ചിന്തിക്കയേ അരുത്
മാറിയത് അവയാണെന്നങ്ങ്
തറപ്പിച്ചു പറഞ്ഞേക്കണം
ആവര്‍ത്തിച്ചു പറഞ്ഞാല്‍
ഏതു നുണയാണ് നേരാകാതിരിക്കുക.

20 അഭിപ്രായങ്ങള്‍:

സജീവ് കടവനാട് said...

നഗരത്തിലെ വഴികള്‍ ചിലപ്പോള്‍
പാമ്പും കോണിയും കളിക്കുന്ന
ചതുരപ്പലകയെ ഓര്‍മ്മിപ്പിക്കും

ലേഖാവിജയ് said...

ആവര്‍ത്തിച്ചു പറഞ്ഞാല്‍
ഏതു നുണയാണ് നേരാകാതിരിക്കുക.

ആകെക്കൂടി മനസ്സിലായതു ഇതു മാത്രമാണ്.

ഓഫ്:വഴിപറഞ്ഞുതരാന്‍ ആളില്ലാത്തതുകൊണ്ട്

മരുഭൂമിയില്‍ ആര്‍ക്കും വഴിതെറ്റാറില്ലാത്രേ. :)

aneeshans said...

എപ്പോഴത്തേയും പോലെയല്ല ഈ കവിത. അതി ശക്തമായ വാക്കുകളില്‍ സമകാലീന രാഷ്ട്രീയത്തെ നിരീക്ഷിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. ഏറെയെഷ്ടമായി

Nachiketh said...

രണ്ടായി പിരിയുന്ന വഴിയുടെ ഇടതു ഭാഗത്ത് രക്തസാക്ഷിമണ്ഡപവും വലതു ഭാഗത്ത് ഭണ്ഡാരപ്പെട്ടിയും..പിന്നെയുള്ള വഴി ഒരു ഫ്ലൈഓവറാണ്....


പാമ്പും കോണിയും പറ്റി പറഞ്ഞപ്പോള്‍ തോന്നിയതാ.........

കലക്കി..

അനില്‍ വേങ്കോട്‌ said...

സത്യത്തിൽ തിരിച്ചു പോവാൻ നോക്കുമ്പോഴാണു മനസ്സിലായത് ഇടത്തുണ്ടായിരുന്നതെല്ലാം വലത്തും വലത്തുണ്ടായിരുന്നതെല്ലാം ഇടത്തുമായിട്ടുണ്ടെന്ന്. അത്തരത്തിൽ പുതിയ കാലത്തിന്റെ ഭ്രമിപ്പികുന്ന കളിചതുരങ്ങളിൽ വഴിയേതെന്നറിയാതെ നിൽക്കുന്ന ഇക്കാലത്ത് ലെഫ്റ്റും റൈറ്റുമുള്ള തിരുവുകൾ അർക്ഷിതമായോരിടത്തോ അതുമല്ലങ്കിൽ തുടങ്ങിയതിനും പിറകിലോ കൊണ്ടെത്തികുമെന്നു ഓർമ്മിപ്പിക്കുന്ന ചിലമുളകൾ ഇപ്പോഴും മലയാളകവിതയിൽ ഉണ്ടെന്നു ശ്രീ. സജി കടവനാടിന്റെ ‘നഗരത്തിലെ കാഴ്ച്ചകൾ’ എന്ന കവിത അടയാളപ്പെടുത്തുന്നു. ചിന്തയുടെ സൂക്ഷ്മ മുനകൾ നഷ്ടപ്പെട്ടില്ലാത്ത ഈ ബ്ലോഗറെ സ്നേഹിച്ചുപോകുന്നു.

saju john said...
This comment has been removed by the author.
saju john said...

ഞങ്ങള്‍ നീട്ടിപരത്തിയെഴുതുന്നത്......നിങ്ങള്‍ കവികള്‍ കാച്ചിക്കുറുക്കി കവിതയില്‍ കൊണ്ടുവരുന്നു.....

കാച്ചിക്കുറുക്കുമ്പോള്‍ തീവ്രതയും കൂടുമല്ലോ.......

അഭിനന്ദനങ്ങള്‍....കിനാവ്.....

ഇനിയും നല്ല കിനാവുകള്‍ കാണാറാവട്ടെ....

Jayasree Lakshmy Kumar said...

‘നമ്മളാണ്
ദിശമാറിയതെന്ന്
ചിന്തിക്കയേ അരുത്
മാറിയത് അവയാണെന്നങ്ങ്
തറപ്പിച്ചു പറഞ്ഞേക്കണം
ആവര്‍ത്തിച്ചു പറഞ്ഞാല്‍
ഏതു നുണയാണ് നേരാകാതിരിക്കുക‘

അതിലാണ് കാര്യം. നല്ല ചിന്തകൾ

സജീവ് കടവനാട് said...

ചേച്ചി, വഴികളില്ലാത്തതുകൊണ്ടാണ് മരുഭൂമിയില്‍ ആര്‍ക്കും വഴി തെറ്റാത്തത് :)

അനീഷേ സന്തോഷം.

ബിജ്വേട്ടന്‍ ഫൂട്ട്പാത്തില്‍ നമുക്ക് അന്തം വിട്ടങ്ങിനെ നില്‍ക്കാം :)

അനിലേട്ടന്‍ സ്നേഹം തിരിച്ചും(കമന്റു വായിച്ചെന്റെ കണ്ണുനിറഞ്ഞു), വഴിയേതെന്നറിയാത്ത ഒരു അന്തം വിട്ടുനില്‍ക്കല്‍ തന്നെ ഈ എഴുത്തും.

ന.പി> അവിടെയെന്താ തീവ്രതക്കു മോശം!

ലക്ഷ്മി > സന്തോഷം.

smitha adharsh said...

ആവര്‍ത്തിച്ചു പറഞ്ഞാല്‍
ഏതു നുണയാണ് നേരാകാതിരിക്കുക

True..!!

സജീവ് കടവനാട് said...

നന്ദി, സ്മിത.

ഞാന്‍ ഇരിങ്ങല്‍ said...

സജി..,
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ താങ്കളുടെ ഒരു നല്ല കവിത വായിക്കുന്നത്. അഭിനന്ദനങ്ങള്‍ ആദ്യം പിടിക്കൂ.

ഒന്നൂടെ നോക്കിയാല്‍, അത് കണ്ണാടിയെങ്കില്‍ ഇടത്തുള്ളതെല്ലാം വലത്തും വലത്തുള്ളതെല്ലാം ഇടത്തുമായി നമ്മെ കൊഞ്ഞനം കുത്തുന്നത് പലപ്പോഴും കാണാം.

നിന്റെ കാഴ്ചകളൊന്നും ശരിയല്ലല്ലോ എന്ന് വിളിച്ച് പറയുന്നത് ഇത്തരം കൊഞ്ഞനം കുത്തലുകളാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ‘ ആ റൈറ്റ്’ മാത്രമായിരിക്കുന്നു.
പുതിയ കാലത്തിന്റെ ലെഫ്റ്റും റൈറ്റും മാറി മറിയുകയല്ല ലെഫ്റ്റും റൈറ്റും ഇല്ലാതെ സ്ട്രേറ്റ് മാത്രമാവുകയും ആ സ്ത്രേറ്റുകളൊക്കെ ഓടയിലെ മാലിന്യങ്ങളൊക്കെ ചെന്നടിയുന്ന അരക്ഷിത മേഖലകളാണെന്ന് വര്‍ത്തമാനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

ഒരു പക്ഷെ അതു കൊണ്ടാണ് ‘ഷോര്‍ണ്ണൂര്‍‘ അഖിലേന്ത്യാ തലത്തില്‍ ‘ഞങ്ങള്‍ പഠിക്കും’ എന്ന് പറയാന്‍ ഒരു യെച്ചൂരിയെങ്കിലും ഉണ്ടായത്.

ഇടത്തേ വഴിയില്‍ ചുഴികള്‍ മാത്രമല്ല ഗര്‍ത്തങ്ങള്‍ തന്നെ ഉണ്ടായിരിക്കുന്നുവെന്ന് പറഞ്ഞ് മടുക്കുകയും നോക്കിയിരിക്കുന്ന നിങ്ങളെയോക്കെ ഗര്‍ത്തങ്ങള്‍ ആകര്‍ഷിക്കുകയും ഇടത്തുള്ള ഗര്‍ത്തത്തില്‍ വലത്തിന്റെ മുഖം കാണുകയും ചെയ്യുന്നത് കൃത്യമയാ മുതലാളിത്തത്തിന്‍ റെ ‘മാര്‍ഗ്ഗരേഖ’ ഉള്ളതു കൊണ്ടാണെന്ന് നമ്മള്‍ തിരിച്ചറിയപ്പെടാതെ പോകുന്നു.
അതു കൊണ്ട് തന്നെ ഇന്ന് പാമ്പും കോണും കളിയുടെ ആവശ്യമില്ലെന്നും എന്റെ നേതാവ് ‘പ്രൊഫഷണല്‍‘ ആണെന്ന് നീട്ടി പ്പറയാന്‍ തുനിയുകയും ചെയ്യുന്നത് വെറുതെ ആണെന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ അങ്ങിനെയല്ല ഇങ്ങനെ ഇതൊക്കെയും പ്രെഫഷനാക്കേണ്ടുന്ന സമയമായെന്നു ഓര്‍മ്മപ്പെടുത്തുകയും കയ്യില്‍ കുട്ടുന്നത് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയുമാണ് വേണ്ടെതെന്ന് നമ്മളറിയാതെ ഇടതു വശം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

എന്നെങ്കിലും ഒരു ചിന്തയില്‍ എനിക്ക് ഇടത്തോട്ടാണ് പോകേണ്ടെതെന്ന് തിരിച്ച് ചിന്തിച്ചാല്‍ ഇത് ഇടത് തന്നെ എന്ന് ഉറക്കെ പറയുമ്പോള്‍ നമ്മുടെ വായ തനിയെ അടഞ്ഞു കൊള്ളും എന്നും ഇന്നത്തെ വര്‍ത്തമാന ഇടത് വലതുകള്‍ക്ക് നന്നായി അറിയാം.

ഇങ്ങനെ വര്‍ത്തമാനകലാത്തു നിന്ന് കവിത എഴുതുന്ന സജിയെ പോലുള്ളവരെ കാണുമ്പോഴാണ് ലെഫ്റ്റും റൈറ്റും തിരിച്ചറിയിപ്പിക്കാന്‍ പുതു കവികളില്‍ ചിലരെങ്കിലും ഒരുമ്പെടുന്നുവെന്ന് തിരിച്ചറിയുന്നത്.
അഭിനന്ദങ്ങള്‍ ഒരിക്കല്‍ കൂടി
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അനിലൻ said...

അങ്ങനെ ഇടത്തുള്ളതെല്ലാം വലത്താക്കി (മറിച്ചും) ഒരു തിരിച്ചുപോക്ക് ഏതെങ്കിലും പാതയില്‍ സാധ്യമാകുമോ കിനാവേ?
വെറുതേ കിനാവ് കാണുന്നോ! :)

നന്നായിരിക്കുന്നു.

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
ആവര്‍ത്തിച്ചു പറഞ്ഞാല്‍
ഏതു നുണയാണ് നേരാകാതിരിക്കുക

സജീവ് കടവനാട് said...

ഇരിങ്ങല്‍, അഭിനന്ദനങ്ങള്‍ വരവു വെച്ചിരിക്കുന്നു. ഈ വാ‍യനക്കു ലാത്സലാം.

അനിലേട്ടന്‍, കിനാവുകാണുന്നതു ചെലവില്ലാത്തൊരു കാര്യമല്ലേ. അസാധ്യമാണെന്നു തോന്നുകയും എന്നാല്‍ സാധ്യമാക്കേണ്ടതിന്റെ ചില സൂചനകള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ പിന്നെയും ഒരിത്.

ബാജി വായനക്ക് നന്ദി.

ബാജി ഓടംവേലി said...

ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു

ബഹറിനില്‍ നിന്നും
ബാജിയും കുടുംബവും

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നഗരത്തിലെ വഴികള്‍‍ പാമ്പും കോണിയും കളിക്കുന്ന ചതുരപ്പലകയെ ഓര്‍മ്മിപ്പിക്കും എന്നു പറഞ്ഞത് ശരിയാണ്. നഗരത്തിലെ ബില്‍ഡിംഗുകള്‍ക്കുമുണ്ട് ഈ ‘ചതുര‘ ഭാവം. എല്ലാം ഒരേ പോലിരിക്കും. മുന്നില്‍ നിന്നായാലും പിന്നില്‍ നിന്നായാലും വശങ്ങളില്‍ നിന്നായാലും ഒരേ പോലുള്ള ചതുരങ്ങള്‍. പിന്നെ ഈ തറപ്പിച്ചു പറയലും‍ (ആടിനെ പട്ടിയാക്കല്‍) ഒരു നഗര സ്വഭാവം തന്നെ. ഗ്രാ‍മങ്ങള്‍ നഗരങ്ങളിലേക്കു നഷ്ടപ്പെടുന്ന ഇക്കാലത്ത് ചതുരങ്ങളിലൂടെയുള്ള യാത്രകളായിരിക്കുമല്ലോ നമുക്കിനി ചെയ്യുവാനുള്ളത് എന്നോര്‍ക്കുന്നിടത്താണ് കിനാവിന്റെ കവിതയുടെ സാംഗത്യം തെളിഞ്ഞു വരുന്നത്.

ഗൗരിനാഥന്‍ said...

sathyam gramangalil thekkum vadakkum bharikkumpol nagarangal left nteyum right nteyum pidiyilanu...

ഗൗരി നന്ദന said...

സമകാലീന രാഷ്ട്രീയത്തെ വരികളിലേക്ക് നന്നായി സന്നിവേശിപ്പിച്ച ഒരു നല്ല കവിത...

നന്ദി....

സജീവ് കടവനാട് said...

മോഹനേട്ടന്‍, ഗൌരീനാഥന്‍ നന്ദി. ഗൌരീനന്ദന, നിങ്ങളുടെ കമന്റു കണ്ടപ്പോള്‍ ഞാനിതെഴുതിയതു റിസഷനുമുന്നെയല്ലേന്ന് എനിക്കുതന്നെ ഒരു ശങ്ക! നന്ദി, വായനക്ക്.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP