കുഞ്ഞന്നക്കിതുമതി...

മുല്ലപ്പൂക്കളിറുത്ത്‌
മാലകോര്‍ത്ത്‌,
മുടിയില്‍ചൂടി
ആര്‍ത്തു രസിച്ചൂ
കുഞ്ഞന്നയുടെ കൂട്ടുകാരികള്‍.

വിരിഞ്ഞുനിന്ന പൂ-
വിനൊരുമ്മ കൊടുത്ത്‌
വീണപൂവൊന്നെടുത്ത്‌
മുടിയില്‍ചൂടി
കുഞ്ഞന്ന പറഞ്ഞു
"കുഞ്ഞന്നക്കിതുമതി"

പാല്‍പ്പായസംകഴിക്കുമ്പോള്‍
കുറിഞ്ഞിപ്പൂച്ച പിന്നില്‍ കൂടി.
കുഞ്ഞന്നക്കു കിട്ടിയതില്‍ പാതി
കുറിഞ്ഞിക്കു കൊടുക്കുമ്പോള്‍
കുഞ്ഞന്ന പറഞ്ഞു
"കുഞ്ഞന്നക്കിതുമതി"

പനിപടര്‍ന്നു പിടിച്ചപ്പോള്‍
കുഞ്ഞന്നയുടെ വീതം
കുഞ്ഞന്നക്കുതന്നെ കിട്ടി.
പാവം കുഞ്ഞന്ന
'കുഞ്ഞന്നക്കിതുമതീ'ന്ന്
പറയാന്‍പോലും
അവള്‍ അശക്ത.

രാത്രി,
ചീറിപ്പാഞ്ഞ കാറിനുള്ളില്‍
കുഞ്ഞന്ന തളര്‍ന്നു കിടന്നു.
ഉറക്കം ശരിയാകാഞ്ഞതിന്റെ
ദേഷ്യത്തിലായിരുന്നുവോ ഡോക്ടര്‍.
ഇഞ്ചക്ഷനും മരുന്നും;
കുഞ്ഞന്നയുടെ വീതം
കുഞ്ഞന്നക്കു കിട്ടി.
കുഞ്ഞന്ന തളര്‍ന്നുറങ്ങി.
കുഞ്ഞന്ന പിന്നെയുമുറങ്ങി.
പിന്നെയും,
'കുഞ്ഞന്നക്കിതുമതി'യെന്നു
പറയാതെ......*


2/2/07

14 അഭിപ്രായങ്ങള്‍:

Peelikkutty!!!!! said...

കിനാവിന്റെ ഖല്‍‌ബിലെ കൂട്ടുകാരി ആരാ..

ഇട്ടിമാളു അഗ്നിമിത്ര said...

:( :( :(

സജീവ് കടവനാട് said...
This comment has been removed by the author.
Kaithamullu said...

കുഞ്ഞന്നക്കതത്ര മതിയായിരിക്കും, പക്ഷേ ഞങ്ങക്കിത്ര പോരല്ലോ, കിനാവേ.

സജീവ് കടവനാട് said...

കൈതമുള്ളേ നന്ദി, വായിച്ചതിനും കമന്റിയതിനും

സുല്‍ |Sul said...

കിനാവേ ഇതിപ്പോഴാ കണ്ടത്. നന്നായിരിക്കുന്നു.

-സുല്‍

Anonymous said...

ലളിതമായ വാക്കുകള്‍ കൊണ്ട് കോറിയിട്ട മനോഹരമായ വരികള്‍.
വായനയില്‍ നല്ല ഒഴുക്ക് അനുഭവപ്പെട്ടു. പിന്നെ ഈ കവിത മുന്നോട്ട് വയ്ക്കുന്നതെന്തെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഈ കവിതയിലൊരു രാഷ്ട്രീയ മുണ്ടെന്ന് തന്നെ ഞാന്‍ പറയും.

വല്യമ്മായി said...

നല്ല കവിത.

ഈ ബ്ളോഗിലെ കമന്റുകള്‍ പിന്മൊഴിയില്‍ വരുമ്പോള്‍ ലിങ്ക് വരുന്നില്ലല്ലൊ?

chithrakaran ചിത്രകാരന്‍ said...

പ്രിയ സജിവ്‌, കുഞ്ഞന്നയെ കുരുതികൊടുത്തു അല്ലെ?
കവിത നന്നായി ;
കുട്ടി മരിച്ചുപോയി.
കൊന്നൂന്ന് ചിത്രകാരന്‍!!!!
കാര്യായി പറഞ്ഞതല്ല .., വീണ്ടും കാണാം.

വേണു venu said...

കുഞ്ഞന്നക്കിതുമതി,
നന്നായിരിക്കുന്നു.

സജീവ് കടവനാട് said...

സുല്‍,ഇരിങ്ങലുമാഷ്,വല്യമ്മായി,ചിത്രകാരന്‍, വേണു കവിത വായിച്ചതിനും കമന്റിട്ടതിനും നന്ദി.
ഇരിങ്ങലുമാഷേ,ഒരുപാടു ബ്ലോഗുകളില്‍ താങ്കളുടെ വിമര്‍ശ്ശനങ്ങളും വിശകലനങ്ങളും കണ്ടിട്ടുണ്ട്‌, നല്ലതും, വല്ലതും. എന്റെ കവിതയിലെ രാഷ്ട്രീയത്തെക്കുറിച്ചൊന്ന് വിശദമായി പറഞ്ഞിരുന്നെങ്കില്‍...
വല്ല്യമ്മായീ, എനിക്ക്‌ അതേക്കുറിച്ചൊന്നും അറിഞ്ഞുകൂടാ... ശരിയാകുമായിരിക്കും.
ചിത്രകാരാ എന്നെ കൊലയാളിയാക്കരുത്‌.

Anonymous said...

താങ്കളുടെ കവിതയിലെ രാഷ്ട്രീയം എന്നു പറഞ്ഞത് എന്തിന്‍ എന്നതിനെ കുറിച്ച്.

എന്തു കൊണ്ട് രാഷ്ട്രിയം. പറയാം.

എല്ലാ കൃതികളും അതിന്‍ റെ തായ രാഷ്ട്രീയം കൊണ്ട് തന്നെ ശ്രദ്ധേയമാണ്‍. താങ്കള്‍ മുന്നോട്ട് വയ്ക്കുന്നത് അതില്‍ ചിലത് തന്നെ.



കവിതയെ കുറിച്ചൊരു വിശകലനം:


വിരിഞ്ഞുനിന്ന പൂ-
വിനൊരുമ്മ കൊടുത്ത്‌
വീണപൂവൊന്നെടുത്ത്‌
മുടിയില്‍ചൂടി
കുഞ്ഞന്ന പറഞ്ഞു
"കുഞ്ഞന്നക്കിതുമതി"



വീണ പൂവൊന്നെടുത്തു മുടിയില്‍ ചൂടി എന്നാണ്‍ പറയുന്നത്. സാധാരണ ചെടികളിലെ പൂവിറിത്താണ് തലയില്‍ ചൂടാറുള്ളത്. മാത്രമല്ല അത് കഴിഞ്ഞ് കുഞ്ഞന്ന പറയുന്നു ‘"കുഞ്ഞന്നക്കിതുമതി".

അതിലെന്തോ ചില കാര്യങ്ങള്‍ ഒളിഞ്ഞു കിടപ്പില്ലേ…

1. വേറെ ആരോ നല്ല പൂക്കള്‍ തലയില്‍ ചൂടുന്നു.

2. അതു കൊണ്ട് കുഞ്ഞന്നയ്ക്ക് വീണ പൂവ് ചൂടേണ്ടി വരുന്നു

3. മാത്രവുമല്ല വീണ പൂവ് ചൂടേണ്ടി വരുമ്പോള്‍ കുഞ്ഞന്നയ്ക്ക് വിഷമമുണ്ട് എന്ന ധ്വനി കൂടാതെ കോരന്‍ കുമ്പിളില്‍ തന്നെ കഞ്ഞി എന്നതു പോലെ കുഞ്ഞന്നയ്ക്ക് എന്നു വീണ പൂവ് എന്നൊരു അര്‍ത്ഥം കിടപ്പില്ലേ

4. പാല്‍പ്പയസം കഴികുമ്പോല്‍ ആദ്യം പറഞ്ഞ ഇന്‍ഫ്യൂരിയോറിറ്റ് കോപ്ലക്സ് മാറുകയും അത് പങ്കു വയ്ക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. ഇത് ശക്തമായ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ട് എന്നു തന്നെ ഞാന്‍ വിചാരിക്കുന്നു. മാര്‍ക്സ് പറയുന്നത് അന്യ് ന്‍ റെ ശബദം സംഗീതമാകുന്ന ഒരു നാള്‍’ ഇവിടെ സോഷിലിസത്തിലേക്കുള്ള ചവിട്ടു പടിയാണ്‍ കുറിഞ്ഞി പൂച്ചയ്ക്ക് പങ്കുവയ്ക്കപ്പെടുന്നത്.
സ്നേഹത്തിന്‍ റെ ഭാഷ പങ്കുവയ്ക്കപ്പെടുമ്പോളുള്‍ല ഒരു കവിതയിലെ രാഷ്ട്രീയം എന്തു തന്നെ ആയാലും ശക്തമാകുന്നതങ്ങിനെയാണ്‍.

5. പനിപിടിച്ചു തളര്‍ന്നപ്പോള്‍ അവള്‍ എല്ലാറ്റിനും കീഴെ അശക്തയായി കിടക്കുന്നു. എനിക്കിതു മതി എന്ന് പറയാന്‍ പോലും കഴിയാതെ.. ഇത് സത്യത്തില്‍ ഇന്നത്തെ അശരണരുടെ ഒരു സ്ത്ഥിതി തന്നെയാണ്‍. ഇവിടെ രാഷ്ട്രീയമില്ലേ..

6. ഒടുക്കം ഉറക്കം കിട്ടാന്‍ മരുന്നുകള്‍ വേണ്ടി വരുന്നു. പ്രഖ്യാപനങ്ങളുടെ മരുന്ന്. സ്വപ്നങ്ങള്‍ കാണുവനല്ലാതെ ജീവിതത്തിലൊന്നു നടക്കില്ലെന്ന് അറിയാതെ ഉറങ്ങുമ്പോഴും അവള്‍ക്ക് പറയുവാന്‍ സാധിക്കുന്നില്ല ‘കുഞ്ഞന്നയ്ക്കിതു മതി’ എന്ന്.



ഇതൊക്കെ ഈ കവിതയിലെ രാഷ്ട്രീയമാണ്‍. താങ്കള്‍ ഒന്നും ഉദ്ദേശിച്ചില്ലെങ്കിലും വായനക്കാരന്‍ കണ്ടെടുക്കെണ്ടുന്ന സത്യങ്ങള്‍.



സ്നേഹത്തോടെ

രാജു. ഇരിങ്ങല്‍ (ഞാന്‍ ഇരിങ്ങല്‍)

Sanal Kumar Sasidharan said...

കുഞ്ഞന്നക്കിതുപോര കിനാവേ .ഈ കവിത ഇതിലും കൂടുതല്‍ അര്‍ഹിക്കുന്നു

സജീവ് കടവനാട് said...

സനലേ, പാവം കുഞ്ഞന്ന...

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP