കടലിനു നടുവിലെ കൊച്ചു ദ്വീപില്‍ താന്‍ തനിച്ചാണ്. എപ്പോഴാണ്, എങ്ങിനെയാണ് ഈ ദ്വീപില്‍ ഒറ്റപ്പെട്ടതെന്നൊന്നും അറിഞ്ഞൂടാ... മരപ്പച്ചയും തണലും കിളികളുമില്ലാത്ത, ഒച്ചയനക്കങ്ങളില്ലാത്ത തടവറ. ഈ ഏകാന്തത മടുത്തു തുടങ്ങിയിരിക്കുന്നു.
വെള്ളിയാഴ്ച. ഉച്ചയുറക്കത്തിലെ സ്വപ്നത്തില്‍ രണ്ട് മണ്ണും ഇടകലരുന്നു. ഓഫീസും സ്റ്റാഫുമൊക്കെ നിലവിലുള്ളവര്‍ പക്ഷേ തന്റെ മുന്നിലുള്ളതാകട്ടെ പഴയ ചിട്ടികമ്പനിയിലെ പണപ്പെട്ടി. ജാലകത്തിലൂടെ കടന്നുവരുന്നത് മാന്തോട്ടത്തിലെ കുളിര്‍കാറ്റ്. ഊഞ്ഞാലാടി രസിക്കുന്ന, കണ്ണാരം പൊത്തിക്കളിക്കുന്ന അറബി പിള്ളേര്. അറബിപ്പിള്ളേര് ഭയങ്കര വികൃതികളാണ്. തൊഴിലുതേടിയെത്തിയ വിദേശികളെ കണ്ടാല്‍ വികൃതി ഒന്നുകൂടി കൂടും. പട്ടിയെയെന്ന പോലെ കല്ലെറിയും. ഭയത്തോടെയാണെങ്കിലും അവരുടെ കളി കണ്ടിരിക്കാന്‍ നല്ല രസം.
മൊബൈല്‍ നിലക്കാതെ ചിലച്ചപ്പോഴാണ് എഴുന്നേറ്റത്. സ്ക്രീനില്‍ വെറും കാള്‍ എന്നേ കാണുന്നുള്ളൂ. നമ്പറില്ല. നാട്ടില്‍ നിന്ന് വിളിവരുമ്പോള്‍ ബെറ്റല്‍കോ നമ്പറുകാണിച്ചുതരില്ല. വിരോധം എന്തിനാണെന്നറിഞ്ഞൂടാ.
അറ്റന്റുചെയ്യുമ്പോഴേ ഉറപ്പുണ്ടായിരുന്നു. അമ്മ തന്നെ. അല്ലെങ്കിലും നാട്ടില്‍ നിന്ന് മറ്റാര് വിളിക്കാന്‍. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍, ശബ്ദം കേള്‍ക്കാണ്ട് മനസ്സമാധാനല്ല്യ... എന്ന് തുടങ്ങി നാട്ടുകാര്യങ്ങള്‍ മുഴുവന്‍ നൂറുറുപ്പ്യേടെ കാര്‍ഡിലൊതുക്കും. എനിക്ക് നീയേ ള്ളൂ... എന്ന് ഇടക്കിടെ ആവര്‍ത്തിക്കും. ന്റെ കുട്ടിക്ക് നല്ലതുവരാന്‍... കഴിച്ച വഴിപാടുകളെക്കുറിച്ച് വിവരിക്കുന്ന നൂലോളം നേര്‍ത്ത ശബ്ദം. അമ്മ.
ഞാനൊരു കാര്യം പറഞ്ഞാല്‍... എനിക്ക് വയ്യ ഒറ്റക്കിങ്ങനെ... നിനക്കറിയില്ലേ ദേവമ്മായീടെ എളേച്ചന്റെ മോളെ... ആ കുട്ടീം അമ്മായീം കൂടി ഇന്നലെ വന്നീര്ന്ന്... നല്ലകുട്ടി... ഞാനമ്മായിയോട് നിന്റെ കാര്യൊന്ന് സൂചിപ്പിച്ചു... അമ്മായി കുട്ടീടെ വീട്ടില്‍ അവതരിപ്പിക്കാംന്ന് പറഞ്ഞീണ്ട്...എന്താ നീയൊന്നും മിണ്ടാത്തേ... എല്ലാ പ്രാവശ്യത്തേം പോലെ എന്തേലും തടസം കൊണ്ടുവര്വോ...? നീ ഒന്ന് മൂള്യാ നാളെതന്നെ ഞാനാ കുട്ട്യേ ങ്ങട് വിളിച്ചോണ്ട് വരും. പിന്നെ എപ്പളാന്ന്വച്ചാ നീ വന്ന് താലികെട്ട്യാമതീലോ...
അമ്മ സീരിയല്‍ കാണാന്‍ തുടങ്ങീട്ടുണ്ടല്ലേ...
എനിക്കൊരു മറുപട്യാണ് വേണ്ടത്...
മൌനം...
കട്ടാകുന്നതിന് മുമ്പ്, ..മ്മടെ ദിനേശന്റെ ഭാര്യ വിനീത മരിച്ചതറിഞ്ഞോ നീ...എന്ന് തന്നെയാണോ ചോദിച്ചത്? മുഴുമിക്കും മുമ്പേ കട്ടായിരിക്കുന്നു.
തിരിച്ചുവിളിക്കാന്‍ നമ്പര്‍ ഡയല്‍ചെയ്തതാണ്. കട്ടുചെയ്തു. വേണ്ട. പ്രതീക്ഷിച്ചിരുന്ന വാര്‍ത്ത തന്നെയാണല്ലോ...
പുണ്യ-പാപങ്ങളിലൊന്നും താന്‍ വിശ്വസിക്കുന്നില്ല. എങ്കിലും സംഭവങ്ങളെ ശരിതെറ്റുകള്‍ കൊണ്ട് വേര്‍തിരിക്കാന്‍ ശ്രമിക്കാറുണ്ട്. ചില ശരികള്‍ മറ്റുചിലപ്പോള്‍ തെറ്റുകളായും ചില തെറ്റുകള്‍ ശരികളായും തോന്നാറുണ്ട്. ചെയ്തവ പലതും തെറ്റായിപ്പോയെന്ന് തോന്നുമ്പോള്‍ കുറ്റബോധവും.
രാജു... ഞാനെടുക്കുന്ന പുസ്തകങ്ങളൊന്നും അവള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ഒരു പുസ്തകം സെലക്ടുചെയ്തു താ...എന്ന് ലൈബ്രറിയില്‍ വെച്ച് ദിനേശേട്ടന് പറഞ്ഞതായിരിക്കണം തുടക്കം. പിന്നീട്... നിന്റെ സെലക്ഷനുകളൊക്കെ അവള്‍ക്ക് വളരെ ഇഷ്ടപ്പെടുന്നു, പുസ്തകം സെലക്ടുചെയ്ത് വീട്ടിലെത്തിക്കുന്ന ജോലി നിന്നെ ഏല്‍പ്പിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ മരണത്തിലേക്ക് നടന്നടുക്കുന്ന ഒരാള്‍ക്കുചെയ്യുന്ന ചെറിയ സഹായമെന്നേ കരുതിയുള്ളൂ...
വായിച്ച കഥയെക്കുറിച്ചും കവിതയെകുറിച്ചുമൊക്കെ അഭിപ്രായം പറയുമായിരുന്നു അവര്‍. സ്വയം കുറിച്ച വരികള്‍ ചൊല്ലി കേള്‍പ്പിക്കും. തന്റെ അഭിപ്രായം ചോദിക്കും. അങ്ങിനെയാണ് ദിവസവും ഏതാനും മണിക്കൂറുകള്‍ അവര്‍ക്കുവേണ്ടി നീക്കിവെക്കാന്‍ തുടങ്ങിയത്.
പിന്നെ എന്നോ ഒരു ദിവസം. പതിവു ചര്‍ച്ചയ്ക്കിടയിലെപ്പോഴോ വിഷയം മാറി.
രാജൂ...എല്ലാവര്ക്കും എന്നോട് സഹതാപമാണ്. കരിച്ചുകളഞ്ഞത് എന്റെ ഹൃദയമായിരുന്നില്ലല്ലോ... എന്നിട്ടും... ചികിത്സക്ക് പണത്തിനുവേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ദിനേശേട്ടന് പോലും എന്നെ മറക്കുന്നുവോ? ചികിത്സകൊണ്ടൊന്നും കാര്യമില്ലെന്ന് ആര്‍ക്കാണറിയാത്തത്... എനിക്കാവശ്യം ഇത്തിരി സ്നേഹമാണ്. അതെന്റെ വേദന കുറക്കുന്നു. നിനക്കതിനാകുമോ...?
അവരെ തന്നോട് ചേര്‍ത്തുനിര്‍ത്തി. മുടി മുഴുവന്‍ കൊഴിഞ്ഞുപോയ മൊട്ടത്തലയിലേക്ക് പതിയെ ചുണ്ടുകളമര്‍ത്തി.
ഭയമായിരുന്നോ? കുറ്റബോധം..., അതോ സ്വാര്‍ത്ഥതയോ....? അറിഞ്ഞൂടാ...ബോംബെയിലെ ചേരികളില്‍ അലഞ്ഞുതിരിഞ്ഞു കുറച്ചുകാലം. പിന്നെയാണ് സുഹൃത്തിന്റെ സഹായത്താല്‍ കടലുകടന്നത്.
ക്ഷമ ചോദിച്ചുകൊണ്ടയച്ച ആദ്യത്തെ കത്തിന് വന്ന മറുപടി താന്‍ ചെയ്തതാണ് ശരി എന്നെഴുതിക്കൊണ്ടായിരുന്നു. കൂടെ കുറച്ച് കവിതകളും.
പിന്നെ എത്ര കത്തുകള്‍. മേശ വലിപ്പില്‍ നിന്ന് കത്തുകളും കവിതകളുമെടുത്ത് മേശപ്പുറത്തു വെച്ചു. പതിയെ ഓരോന്നെടുത്ത് വായിച്ചുനോക്കി. അവസാനമയച്ച കത്തില്‍ കണ്ണുകളുടക്കി നിന്നു.
കവിതകളൊക്കെ നിനക്കയക്കുന്നു. നീ പറയാറില്ലേ പ്രസിദ്ധീകരിക്കണമെന്ന്. ആവശ്യമെങ്കില്‍ നിനക്ക് പ്രസിദ്ധീകരിക്കാം. എന്റെ മരണശേഷം മാത്രം. പിന്നെ ഒന്നോര്‍ക്കുക, എന്റെ കവിതകളില്‍ ഇടക്കിടെ വന്നുപോകുന്നവനാണ് നീ. നിന്റെ ഭാവിയെക്കൂടി...
മനസ് അസ്വസ്ഥമാണ്. മറ്റെന്തിനെയെങ്കിലും കുറിച്ച് ചിന്തിക്കാന്‍ ശ്രമിച്ചാലും മനസ് ഒന്നിലും ഉടക്കിനില്‍ക്കുന്നില്ല. വൃത്തിയില്ലാതെ അലങ്കോലമായിക്കിടക്കുന്ന മുറി മനസിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതുപോലെ. മുറി വൃത്തിയാക്കുന്ന കൂട്ടത്തില്‍ മേശപ്പുറത്തുകിടന്ന കത്തുകളും കവിതകളും കൂടിയെടുത്ത് ചവറ്റുകൊട്ടയിലേക്കിട്ടു. മനസു സമ്മതിക്കുന്നില്ല. തിരിച്ചെടുത്തു. ഒന്നുകൂടി വായിച്ചു. ഷെല്‍ഫില്‍ നിന്നും സിഗരറ്റ് ലൈറ്ററെടുത്ത് താഴെ ഒഴിഞ്ഞുകിടന്ന ഗ്രൌണ്ടിലേക്ക് നടന്നു.
അപ്പോൾ ഒമാർ കൺതുറന്നു
-
മരുഭൂമിയുടെ നടുവിലുള്ള ഹോട്ടലിലേക്ക് ഒരു യാത്രപോവുക. ആധുനിക ലോകവുമായി
ബന്ധമില്ലാത്ത, മൊബൈൽ ഫോൺ റേഞ്ചോ ഇന്റർനെറ്റ് ബന്ധമോ ഇല്ലാത്ത ഹോട്ടലിൽ
മൂന്നുദിവ...
1 അഭിപ്രായങ്ങള്‍:
കണ്ടോ കണ്ടോ...
ഒരാണിന് പെണ്ണിനെ രക്ഷിക്കാന്‍ ഒരു വഴിയേ ഉള്ളെന്ന് എനിക്കന്നേ തോന്നിയതാണ്. അതല്ലേ ഞാന്‍ ഒരുത്തനെയും രക്ഷകവേഷം കെട്ടിക്കാത്തത്...
എന്നിട്ടെന്നെ പറഞ്ഞോണം :)
എഴുത്ത് നന്നായി.
Post a Comment