വരഫാലം: ഇരുണ്ട മുറികളും ആകാശവും

തുറന്നിട്ട വെളുവെളുത്ത ആകാശവും ഇരുളില്‍ നിന്ന് പരിമിതമായ വെളിച്ചത്തിലേക്ക് തുറക്കാവുന്ന ഇരുണ്ട മുറികളുമൊക്കെ കഥകളിലേയും കവിതകളിലേയും ബിംബങ്ങളാകുന്നത് അകത്തളങ്ങളിലെ ഇരുളില്‍ നിന്ന് വെളിച്ചത്തിന്റെ ആകാശത്തേക്ക് പറക്കാന്‍ കൊതിക്കുന്ന എഴുത്തുകാരുടെ മനസിന്റെ പ്രതിഫലനമാകണം. ഇങ്ങിനെ അകത്തളങ്ങളില്‍ കെട്ടിക്കിടക്കുന്ന ഇരുളിനെ വായനക്കാര്‍ക്ക് വെളിവാക്കുകയും വെളിച്ചത്തിന്റെ ആകാശത്തേക്ക് വിരല്‍ ചൂണ്ടി കൊതിപ്പിക്കുകയും ചെയ്യുന്നുണ്ട് ബൂലോകത്തെ ചില പുതിയ സൃഷ്ടികള്‍.

മുറി, ഇരുട്ട്, ജനല്‍, കാഴ്ച, തെരുവ്, ആകാശം തുടങ്ങിയവ ബിംബങ്ങളായുള്ള ഏതാനും കഥകള്‍ അടുത്തിടെ കാണുകയുണ്ടായി. ജാ‍ലകത്തിലൂടെ കടന്നുവരുന്ന ആകാശചിത്രം കഥയില്‍ പ്രതിഫലിപ്പിക്കുന്നത് പ്രതീക്ഷയും സ്വാതന്ത്ര്യവാഞ്ഛയുമാണെങ്കില്‍ തെരുവുദൃശ്യം നല്‍കുന്നത് ചിതറിതെറിക്കുന്ന ചോരയുടെ, നഷ്ടപ്പെടുന്ന പ്രതീക്ഷകളുടെ ചിത്രമാണ്. വടവോസ്കിയുടെ നിസഹായത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍, സിജിഎഴുതിയ ശ്യാമയുടെ ജാലകങ്ങള്‍ , മനുവിന്റെ ഫയര്‍ഡാന്‍സ് ഇഷ്ടമില്ലാത്ത കുട്ടി, സാക്ഷി തുടങ്ങിയ കഥകള്‍ തുറന്നു വെക്കുന്ന ജാലകങ്ങള്‍ വായനക്കാരനു കാണിച്ചുകൊടുക്കുന്നതും മറ്റൊന്നല്ല.

ബൂലോകത്തിന്റെ കഥാലോകത്തിലേക്ക് കാലെടുത്തുവച്ചിട്ടുള്ള annie യുടെ കഥയില്ലായ്മ എന്ന കഥാബ്ലോഗിലെ ആദ്യകഥയായ ചീട്ടു കൊട്ടാരങ്ങള്‍ വായനക്കാരനുമുന്നില്‍ തുറന്നുവെക്കുന്ന ജനാലയും അതിലൂടെ തെളിയുന്ന ആകാശവും ശുഭപ്രതീക്ഷാകരമാണ്. ആശയം ശുഭപര്യവസായിയല്ലെങ്കിലും.

സാറയെന്ന നായിക വായനക്കാരനോട് നേരിട്ട് കഥ പറയുകയാണ് ഇവിടെ. കഥയിലെ കാഴ്ചകള്‍ കടന്നുപോകുന്നത് ആകാശം, കുറേ മുറികള്‍, പിന്നെയുമാകാശമെന്ന ശ്രേണിയിലാണ്. ആകാശത്താകട്ടെ പറന്നു പോകുന്ന പക്ഷികളും സന്ധ്യയുടെ ചുവന്ന വെട്ടവും വരാനിരിക്കുന്ന സംഭവങ്ങള്‍ക്ക് ബിംബങ്ങളാകുന്നു.ആകാശം..., സ്വാതന്ത്ര്യത്തോടെ പറന്നു പറക്കാന്‍(നടക്കാന്‍ വയ്യ) കൊതിപ്പിക്കുന്ന മോഹലോകം. മുകളിലെ മുറിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശം ഒന്നുകൂടി അടുത്താണ്. താഴെയുള്ള, ഇരുട്ട് കട്ടപിടിച്ച മുറിയില്‍ നിന്ന് തെളിഞ്ഞുകിടക്കുന്ന ആകാശം പ്രതിഫലിക്കുന്ന മുകളിലെ മുറിയിലേക്ക് സാറ പടവുകള്‍ കയറുന്നത് ‘മുകളിലേക്ക്പോയി‘ എന്ന വാക്ക് നമുക്കു തരുന്ന മറ്റൊരര്‍ത്ഥത്തിന്റെ സഫലീകരണത്തിനാകണം. കഥയുടെ ഒടുവില്‍ ‘ഞാനും പറന്നുപോയി’ എന്ന് സാറ പറയുമ്പോള്‍ പെരിങ്ങോടന്റെ ‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകള്‍’ എന്ന കഥയുടെ അന്ത്യവും ആ കഥയ്ക്ക് വെള്ളെഴുത്ത് ഒരുക്കിയ വായനയും നാം അറിയാതെ ഓര്‍ത്തെടുക്കുന്നു.

മുറികള്‍. അകത്തേക്ക്, ഇരുട്ടിലേക്ക് തുറക്കുന്ന വാതിലുകളുള്ള രഹസ്യങ്ങളുടെ തടവറയാണ്. മനുവിന്റെ കിണര്‍ എന്ന കഥയിലേതുപോലെ ഇരുട്ടിലേക്ക്, മുറികളിലേക്ക് സാറയും നമ്മെ കൊണ്ടുപോകുന്നത് അരോചകമായ രഹസ്യകഴ്ചകളിലേക്കാണ്. എന്നാല്‍ എല്ലാ മുറികളും ഒരേ കാഴ്ചയല്ല വായനക്കാരന് നല്‍കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ബോര്‍ഡിംഗ്‌ സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ഒരു ഒറ്റ മുറിയും താഴത്തെ നിലയിലെ സാറയുടെ മുറിയും, വീട്ടില്‍ മമ്മയുടെ ഫോട്ടോയുള്ളതും പിന്നീട് ചേച്ചിയേയും അച്ഛനേയും കാണാന്‍ പാടില്ലാത്തരീതിയില്‍ കാണുന്നതുമായ നടുവിലത്തെ മുറിയും ചുവരു മുഴുവന്‍ ഇംഗ്ലീഷ്‌ സിനിമകളിലെ നായകന്മാരും നായികമാരും പാട്ടുകാരും നിരന്നുനില്‍ക്കുന്ന എല്‍സയുടെ മുറിയുമൊക്കെവ്യത്യസ്തമായ മാനസികചുറ്റുപാട് നല്‍കുന്നുണ്ട് വായനക്കാരന്.


സാറയെ പറന്നുപോകാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ക്ലീഷേയ്ഡാണെന്ന് തോന്നിപ്പിക്കാമെങ്കിലും അധികം കൂട്ടുകാരികളില്ലെന്നും ഉള്ളവര്‍ തന്നെ വലിയ പൌറാണെന്ന് കളിയാക്കുന്നവരാണെന്നും പറയുന്നുണ്ട് സാറ. ചേച്ചിയെ കുറിച്ച് പറയുന്നിടത്ത് സാറയുടെ കോമ്പ്ലക്സുകളും വായനക്കാരന് വ്യക്തമാകുന്നുണ്ട്. അമ്മയില്ലാത്ത സാറയ്ക്കാകട്ടെ അച്ഛനും ചേച്ചിയുമായിരുന്നു എല്ലാം. അവരെക്കുറിച്ച് അവളുടെ മനസിലുണ്ടാകുന്ന മുറിവും അവളുടെ ഒറ്റപ്പെടലും കൂടി ഒരുക്കിയെടുക്കുന്ന കടുത്തമൌനമാകാം പറന്നുപോയതിനുശേഷം സാറ നമ്മോട് പങ്കുവെക്കുന്നത്.

0 അഭിപ്രായങ്ങള്‍:

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP