അടഞ്ഞവാതില്‍

തുറന്നു കിടന്നപ്പോള്‍
എല്ലാം എല്ലാവരും
അറിയുമായിരുന്നു.

പത്തായത്തിന്റെ പട്ടിണി
ദീനം വന്ന
മുത്തശ്ശിയുടെ നിലവിളി
ചാരുകസേരയിലെ
പിഞ്ഞി പൊട്ടിവീഴാറായ
പരുത്തി തുണി.

തുറന്നുകിടന്നപ്പോള്‍
എല്ലാം എല്ലാവരും
കാണുമായിരുന്നു.

പോരിനിറങ്ങുന്ന
പെണ്ണുങ്ങളുടെ
അങ്കവീര്യം
തെരുവിലേക്ക്
മിഴി പായിച്ചു നിന്ന
പത്താം ക്ലാസുകാരിയുടെ
മനോരാജ്യം
കു.നാഥന്റെ
ആകുലതകള്‍, ആശങ്കകള്‍...


ചിലപ്പോഴൊക്കെ
മ്മടെ നാണിത്തള്ളേടെ
പാടെന്താണ്
എന്ന് തിരക്കി
റോഡ് നമ്പര്‍ 12A യില്‍ നിന്ന്
റോഡ് നമ്പര്‍ 12B യിലേക്ക്
പ്രവേശിക്കേണ്ടവര്‍
പടിഞ്ഞാറേപ്പുറത്തൂടെ കയറി
ഉമ്മറത്തൂടെയും തിരിച്ചും
കടന്നുപോയി.

അല്ല ഇന്നലെന്തേര്‍ന്ന്...
ഇന്നും അടുപ്പ്
പുകഞ്ഞില്ലേ...
തുടങ്ങി
തെരുവിലൂടെ പോയചിലര്‍ക്ക്
കടന്നുകയറണം.
പൊറുതി മുട്ടിയപ്പോഴാണ്
വാതിലുകളും ജനാലകളും
അടച്ചുവെച്ചത്.

ഇപ്പോള്‍
അടഞ്ഞ ജനാലയുടെ
വിടവില്‍
ഇളകിയാടുന്ന
പിഞ്ഞിയകര്‍ട്ടന്‍
എന്തു മനോഹരം
അകത്തുനിന്ന്
നേര്‍ത്ത തുളകളിലൂടെ
പുറത്തൊഴുകുന്നത്
ആകാശവാണിയിലെ
പാട്ടുകള്‍ മാത്രം

34 അഭിപ്രായങ്ങള്‍:

സജീവ് കടവനാട് said...

അകത്തുനിന്ന്
നേര്‍ത്ത തുളകളിലൂടെ
പുറത്തൊഴുകുന്നത്
ആകാശവാണിയിലെ

ശെഫി said...

എന്നാലും ഒളിഞു നോക്കും

തണല്‍ said...

അങ്ങനെയങ്ങനെയെന്തെല്ലാം കിനാവേ..

തറവാടി said...

ഇതിഷ്ടായി :)

ജിജ സുബ്രഹ്മണ്യൻ said...

നന്നായി ഈ കിനാവ്

സുപ്രിയ said...

അടഞ്ഞ ജനാലയുടെ
വിടവില്‍
ഇളകിയാടുന്ന
പിഞ്ഞിയകര്‍ട്ടന്‍
എന്തു മനോഹരം

സുപ്രിയ said...

നന്നായിരിക്കുന്നു.

വല്യമ്മായി said...

:)

ജ്യോനവന്‍ said...

കവിത ചില പ്രയോഗങ്ങള്‍/കാഴ്ച്ചകള്‍ കിനാവിനു മാത്രം കാട്ടിത്തരാന്‍‍
കഴിയുന്നതുപോലെ സുന്ദരമായി.

Unknown said...

നന്നാ‍ായിരിക്കുന്നു മാഷെ

ഹന്‍ല്ലലത്ത് Hanllalath said...

"ഇപ്പോള്‍
അടഞ്ഞ ജനാലയുടെ
വിടവില്‍
ഇളകിയാടുന്ന
പിഞ്ഞിയകര്‍ട്ടന്‍
എന്തു മനോഹരം
അകത്തുനിന്ന്
നേര്‍ത്ത തുളകളിലൂടെ
പുറത്തൊഴുകുന്നത്
ആകാശവാണിയിലെ
പാട്ടുകള്‍ മാത്രം .........."

ഒതുക്കി വയ്ക്കപെടുന്നത്....!
നന്നായിരിക്കുന്നു.......
നല്ല ആശയം ....
നല്ല വരികള്‍ ....
ആശംസകള്‍...!!!

സജീവ് കടവനാട് said...

ശെഫിയേ.....
തണല്‍,
തറവാടി, വല്ല്യമ്മായി (രണ്ടു പേരുമുണ്ടല്ലോ!)
കാന്താരി,
സുപ്രിയ,
അനൂപ് ,
ഹന്‍ലല്ലത്ത് :) :)
ജ്യോനവന്‍ (പ്രയോഗങ്ങളെ കിനാവുകാണാന്‍ തുടങ്ങിയല്ലേ? മരുന്ന് തരാം ട്ടാ :) :) )
എല്ലാവര്‍ക്കും നന്ദി.

Mahi said...

നന്നായിട്ടുണ്ട്‌ ശരിക്കും ഇഷ്ടപ്പെട്ടു

സജീവ് കടവനാട് said...

നന്ദി മഹി, വായനക്കും അഭിപ്രായത്തിനും... :)

ഞാന്‍ ഇരിങ്ങല്‍ said...

മാറ്റങ്ങള്‍ കാണാനുണ്ട് പക്ഷെ... ഇനിയും കവിത പഠിക്കാനുണ്ട്. :)
കവിതയില്‍ ‘ ഈ വരി ഇല്ലെങ്കില്‍’ എന്ത് സംഭവിക്കുമെന്ന് വായനക്കാരന്‍ ചോദിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന് എഴുത്തുകാരന്‍ മറുപടിപറയാന്‍ ഇടയാക്കരുത്. ‘ ആ വരി’ ഇല്ലെങ്കില്‍, മുറിച്ച് കളഞ്ഞാല്‍ ചോരവാര്‍ന്നൊഴുകുമെന്ന് പറയാന്‍ എഴുത്തുകാരന് കഴിയണം. അപ്പോള്‍ കവിതയിലെ കവിത തെളിഞ്ഞു കത്തും.
പരീക്ഷണങ്ങള്‍ തുടരുക
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സജീവ് കടവനാട് said...

ഇരിങ്ങല്‍ വായനക്കും വിമര്‍ശനത്തിനും നന്ദി.

എന്റെ ബ്ലോഗില്‍ ഒതുങ്ങാതെയാണെങ്കില്‍ ‘കവിതയില്‍ ‘ ഈ വരി ഇല്ലെങ്കില്‍’ എന്ത് സംഭവിക്കുമെന്ന് വായനക്കാരന്‍ ചോദിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന് എഴുത്തുകാരന്‍ മറുപടിപറയാന്‍ ഇടയാക്കരുത്. ‘ ആ വരി’ ഇല്ലെങ്കില്‍, മുറിച്ച് കളഞ്ഞാല്‍ ചോരവാര്‍ന്നൊഴുകുമെന്ന് പറയാന്‍ എഴുത്തുകാരന് കഴിയണം. അപ്പോള്‍ കവിതയിലെ കവിത തെളിഞ്ഞു കത്തും‘. എന്ന അഭിപ്രായത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നു.

പരീക്ഷണങ്ങളുമായ് വീണ്ടും വരാം
സസ്നേഹം
കിനാവ്

aneeshans said...

സജീവേ ഓഫ് ആണ് എന്നാലും കിടക്കട്ടെ

ശ്രീ രാജു ഇരിങ്ങല്‍ , താങ്കള്‍ എന്തിനാണ് ഇത്ര ബുദ്ധിമുട്ടി കവിതകള്‍ വായിക്കുന്നത്. പരീക്ഷണങ്ങള്‍ നടത്തി തെളിഞ്ഞ് ഇവിടെ ആര്‍ക്കും ഡോ: കിട്ടാന്‍ പോകുന്നില്ലല്ലോ. ഒരു ആത്മ സംതൃപ്തിക്കു വേണ്ടീ എഴുതുന്നവരാണ് പലരും. താങ്കളുടെ ഈ നിരൂപണ വായനകള്‍ (!) അരോചകമാവുന്നു എന്ന് മനസിലാക്കുക.

വായിക്കാതെ ഇരുന്നൂടെ !

aneeshans said...

:) ഇതാണ് കമന്റ് വായിക്കരുത് കവിത വായിക്കണം എന്ന് പറയുന്നത്. കിനാവേ കവിത ആസ്വദിച്ചു.

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ട നൊമാദ്..,
താങ്കള്‍ കവിത വായിക്കണം എന്നു തന്നെയാണ് എന്‍ റെ ആഗ്രഹവും ഈ കവിത എഴുതിയ കിനാവിന്‍ റെ ആഗ്രഹവും. ഞാന്‍ പറഞ്ഞോ നിങ്ങള്‍ കമന്‍ റ് വായിച്ചിട്ട് കവിത വായിക്കണമെന്ന്? ഇല്ലല്ലോ.
പിന്നെ..
താങ്കള്‍ കവിത വായിച്ചിട്ട് “കിനാവേ കവിത ആസ്വദിച്ചു“ എന്നെഴുതി. അത് താങ്കള്‍ക്കുള്ള അധികാരവും അവകാശവും. ഞാനോ ആരുമോ അത് നിഷേധിച്ചില്ലല്ലോ..
അതു പോലെ എനിക്കും വാ‍യിക്കാനും എഴുതാനുമുള്ള അവകാശമെങ്കിലും തന്നൂടെ...
ഞാനെഴുതിയത് ഈ കവിത ആസ്വദിച്ചു എന്നതിനു പകരം ആസ്വദിച്ച രീതിയാണ് എന്നതാണ് വ്യത്യാസം.
ഒരു കവിതയില്‍ ഒന്നും മുറിച്ച് കളയാന്‍ ഉണ്ടാവരുത് ഒരു വാക്കു പോലും എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. അത് താങ്കള്‍ക്ക് തെറ്റായി തോന്നാം. പക്ഷെ ഞാന്‍ അങ്ങിനെ വിശ്വസിക്കുന്നു. അതു കൊണ്ടാണ് എല്ലാവരികളിലും വാക്കുകളിലും ഉപയോഗിക്കുമ്പോള്‍ അര്‍ത്ഥ സമ്പുഷ്ടതയും കാര്യ ഗൌരവവും വേണമെന്ന രീതിയില്‍ കമന്‍ റിയത്.
പിന്നെ ആത്മ സംതൃപ്തിക്കാണ് എല്ലാവരും കവിത എഴുതുന്നത് എന്നത് താങ്കള്‍ക്ക് വേണ്ടി ഞാന്‍ അംഗീകരിക്കാം. എന്നിരുന്നാലും ഒന്നൂടെ കുറച്ചു കൂടെ സംതൃപ്തി കിട്ടിയാല്‍ അതിന് കുഴപ്പം വല്ലതും സംഭവിക്കുമോ.. ?
പിന്നെ വ്യക്തിപരമായ പരാ‍മര്‍ശം “താങ്കളുടെ ഈ നിരൂപണ വായനകള്‍ (!)‘ അതിന് ഞാന്‍ മറുപടി തരുന്നില്ല. തീരെ സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്നെ വായിക്കാതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും താങ്കള്‍ക്കുണ്ട്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

aneeshans said...

ഇരിങ്ങല്‍ , ആ സ്വാതന്ത്യം ഞാനെടുത്തിരുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

എങ്ങിനെ എഴുതണം എന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല.
എന്തെഴുതണമെന്നും. അതൊക്കെ എഴുത്തുകാരന്‍ റെ ഇഷ്ടമാണ്. ഞാന്‍ എന്നും പറഞ്ഞിട്ടുള്ളത് എനിക്ക് എങ്ങിനെ അനുഭവമായി എന്നു മാത്രമാണ്. അത് താങ്കളെ തൃപ്തിപ്പെടുത്തുമോ എന്ന് നോക്കാറില്ല. താങ്കളെ എന്നല്ല എഴുത്തുകാരനേയും.
‘ആസ്വദിച്ചു’, മനോഹരമായി, ഭേഷ്, തേങ്ങ ഉടച്ചു, ഗംഭീരം പദാവലികള്‍ എനിക്ക് സുപരിചിതമല്ല. അങ്ങിനെ പുറം ചൊറിയാന്‍ ബ്ലോഗില്‍ വരണമെന്നില്ല.
കൂടുതല്‍ ചൊറിയുമ്പോള്‍ എഴുത്തുകാരന്‍റെ മുതുകില്‍ പുണ്ണു വരും അപ്പോള്‍ വായനക്കാരൊക്കെ പോയിക്കഴിഞ്ഞിരിക്കുമെന്ന് താങ്കള്‍ക്ക് തന്നെ അറിവുള്ളതാണല്ലോ. അതുകൊണ്ട് താങ്കള്‍ എന്തൊക്കെ പറഞ്ഞാലും പുറം ചൊറിയാന്‍ എന്നെ കിട്ടില്ല.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

aneeshans said...

എന്നാ പിന്നെ ഞാന്‍ പോണു ഇനി ഇവിടെ നിന്നിട്ട് എന്താ കാര്യം. രണ്ടിടത്ത് ചൊറിയാനുണ്ട്. :)

സജീവ് കടവനാട് said...

നൊമാദേ വായനക്കും, ഇടപെടലിനും നന്ദി.


പ്രിയ ഇരിങ്ങല്‍,

ആദ്യമേ പറയട്ടെ: എഴുത്തുകാരന്‍, വായനക്കാരന്‍ എന്നിവിടെ പറയുമ്പോള്‍ എന്നെ വായനക്കാരനായി മാത്രം കാണുക :)

കവിതയെഴുത്തെന്നത് ഒരു ചോദ്യോത്തര പരിപാടിയല്ല എന്നതുകൊണ്ടു തന്നെ വായനക്കാരന്റെ ഒരു ചോദ്യത്തിനും എഴുത്തുകാരന്‍ മറുപടി പറയേണ്ടതില്ല എന്നതാണ് എന്റെ പക്ഷം. വിമര്‍ശനമെന്നാല്‍ എഴുത്തുകാരനോട് കുറേ ചോദ്യം ചോദിച്ച് അയാളെ ഉത്തരം മുട്ടിക്കുക എന്ന പരിപാടിയുമല്ല എന്ന് ഞാന്‍ താങ്കള്‍ക്ക് പറഞ്ഞു തരേണ്ട ആവശ്യവുമില്ല.

ആസ്വദിച്ചു, നന്നായി എന്നൊക്കെ കമന്റിടുന്നത് നിരുത്തരവാപരമാണെന്ന് പറഞ്ഞല്ലോ, അതു പോലെ നിരുത്തരവാദ പരമല്ലേ ക്രിയാത്മകമല്ലാത്ത വിമര്‍ശനവും. അതായത് ഒരു വരിയില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നതിനേക്കാള്‍ ഒരു വരിയെടുത്ത് അതിലെ നിരര്‍ത്ഥകത വിശദമാക്കുകയായിരുന്നെങ്കില്‍ വിമര്‍ശനം ക്രിയാത്മകമായേനെ.

വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയല്ല വിമര്‍ശനത്തിന്റെ രീതിയിലെ പോരായ്മയാണ് ഞാന്‍ ചൂണ്ടിക്കാട്ടാന്‍ ഉദ്ദേശിക്കുന്നത്.

അപ്പൊ ഞാനാരായി:)

ലേഖാവിജയ് said...

പഠിച്ചെഴുതാനുള്ളതാണോ കവിത?പരീക്ഷണം നടത്താനുള്ളതാണോ..?പുറം ചൊറിഞ്ഞില്ലെങ്കിലും മാന്തിപ്പൊളീക്കാതിരുന്നൂടെ..

കണ്ണൂസ്‌ said...

അതു കാരണം ഒരു ഗുണമുണ്ടായി. കണ്ണുവെട്ടിച്ചു കടന്നു കളഞ്ഞ “അടഞ്ഞ വാതില്‍”ഇനു മുന്നില്‍ ഞാനെത്തി.

ഇഷ്ടമായി, കിനാവേ.

ഞാന്‍ ഇരിങ്ങല്‍ said...

“ചിലപ്പോഴൊക്കെ
മ്മടെ നാണിത്തള്ളേടെ
പാടെന്താണ്
എന്ന് തിരക്കി
റോഡ് നമ്പര്‍ 12A യില്‍ നിന്ന്
റോഡ് നമ്പര്‍ 12B യിലേക്ക്
പ്രവേശിക്കേണ്ടവര്‍
പടിഞ്ഞാറേപ്പുറത്തൂടെ കയറി
ഉമ്മറത്തൂടെയും തിരിച്ചും
കടന്നുപോയി“

പ്രീയപ്പെട്ട കവേ..,
താങ്കള്‍ കുറച്ചു കൂടി മെച്ചപ്പെട്ട കവിതകള്‍ എഴുതി തുടങ്ങി എന്ന് ആദ്യ കമന്‍ റില്‍ പറഞ്ഞത് പിന്‍ വലിക്കാതെ തന്നെ താങ്കള്‍ പറഞ്ഞ ‘ക്രീയാത്മകമായ വിമര്‍ശനം’ എന്ന രീതിയിലേക്ക് താങ്കള്‍ തന്നെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. കുറച്ച് പറഞ്ഞാല്‍ മനസ്സിലാകും എന്ന് കരുതിയ ഞാന്‍ തന്നെ മണ്ടന്‍.
മുകളില്‍ എടുത്ത് ചേര്‍ത്തിരിക്കുന്ന വരികളില്‍ 12A, 12B വിശദീകരിച്ചാല്‍ നന്നായിരുന്നു.

ആദ്യ വരികള്‍ ശ്രദ്ധിക്കൂ
അവിടെ എല്ലാം എല്ലാവരും അറിയുമായിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. പിന്നീട് എഴുതിയിരിക്കുന്നത് കാണുമായിരുന്നു എന്നാണ്. അറിയുകയും കാണുകയും ചെയ്യുന്നത് രണ്ട് തരം പ്രവര്‍ത്തിയായിരിക്കുകയും ആദ്യത്തേതിനു ശേഷം വെറുമൊരു കാഴ്ച മാത്രമായിരിക്കുകയും ചെയ്യുന്നത് കവിതയെ വായനക്കാര്‍ വായിച്ചു തീരുന്നതു പോലെയായി എന്നു പറയാതെ വയ്യ.

ഭാവം ഏറ്റവും ഉപരിപ്ലവമായി മാറുന്ന അവസ്ഥ കഷ്ടം തന്നെ. വാക്ക്‌ സൃഷ്ടിക്കുന്നതും അതിലടങ്ങിയിരിക്കുന്നതുമായ ആന്തരിക
ധ്വനി കവിയറിയാതെ പോയാല്‍ ഏതു കവിതയും ശുഷ്ക്കമാകും. അകല്‍പിത ബിംബങ്ങളാല്‍ ഈ എടുത്തു ചേര്‍ത്ത ഭാഗം കവിതയിലെ കല്ലുകടിയായ് പോകുന്നു.

ശബ്ദ വിന്യാസം, പദഘടന, വാങ്മയ ചിത്രങ്ങള്‍ എന്നിവയിലൂടെ സാധ്യമാകുന്ന ഒരു ഭാവ സംവേദനം പ്രദാനം ചെയ്യാന്‍ കവിതയ്ക്ക്‌ കഴിയുന്നില്ലെങ്കില്‍
അത്‌ കവിതയുടെ അപചയം തന്നെയാണ്‌ വ്യക്തമാക്കുന്നത്‌.
എന്നിരുന്നാലും താങ്കളുടെ മറ്റു കവിതകളില്‍ നിന്ന് കുറച്ചെങ്കിലും മുന്നേറ്റം കാണുന്നുവെന്ന് പറയാന്‍ ആദ്യം ഉപയോഗിച്ച താല്പര്യം ഇപ്പോഴും പറയുന്നു. അതു കൊണ്ടണ് വരിമുറിക്കാതിരിക്കാന്‍ കവി ശ്രദ്ധിക്കണമെന്ന് സൂചന തന്ന് കടന്നു പോയത്.

ലേഖാ വിജയ്.., മാന്തിപ്പൊളിക്കുക എന്നുള്ളതും എന്‍റെ രീതിയല്ല. കേട്ടോ..കവിയെ നേരിട്ട് അറിയുകയും അത്ര സ്വാതന്ത്ര്യം എടുക്കാം എന്ന ചിന്തയുമാണ് പലപ്പോഴും മാന്തിപ്പൊളിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കമന്‍ റുകള്‍ക്ക് അടിസ്ഥാനം. അല്ലെങ്കില്‍ മിണ്ടാതിരിക്കുകയും ചെയ്യാം. ഇവിടെ കവിയെ നശിപ്പിക്കുകയല്ല കവിക്ക് പുതിയ ചിന്തകള്‍ക്ക് വഴിമരുന്നിടുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ ഇതാണ് നല്ല കവിത എന്ന് പറഞ്ഞ് കിനാവ് കിനാവു കാണാതിരിക്കും അത് മോശമല്ലേ..


സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അനില്‍@ബ്ലോഗ് // anil said...

പ്രിയ കിനാവു,
ഒരിക്കല്‍ ഞാനിവിടെ വന്നു വായിച്ചു തിരിച്ചു പൊയി.
“ഞാന്‍ ഇരിങ്ങല്‍” പിന്നേയും എന്നെ ഇങ്ങോട്ടുവലിക്കുന്നു.കവിത എനിക്കത്ര ദഹിക്കാത്ത കാര്യമായതിനാലാണു അഭിപ്രായം പറയാന്‍ കഴിയാതിരിക്കുന്നതു.ഇരിങ്ങലിന്റെ ആദ്യ കമന്റിനോടു ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. എഴുതുന്ന വരികളോരോന്നും ഒഴിവാക്കാന്‍ സാധിക്കുകയില്ല എന്നു പൂര്‍ണ്ണബൊധ്യം ഉണ്ടെങ്കില്‍ മാത്രമെ ചേര്‍ക്കാവൂ.പക്ഷെ എഴുത്തുകാരനു ചിലപ്പോള്‍ അതു ആവശ്യമാണെന്നു തൊന്നാം, അതു വായനക്കാരനു മനസ്സിലായിക്കോളണം എന്നില്ല.
തുടര്‍ന്നു വന്ന കമന്റുകളില്‍ ഇരിങ്ങള്‍ വാ‍ശിപിടിക്കുകയാണു,ഇന്ന ഇന്ന കാര്യങ്ങള്‍ കിനാവു വിശദീകരിക്കണം എന്നു !!
എന്റെ അഭിപ്രായത്തില്‍ ഒരു കവിത അല്ലെങ്കില്‍ അത്തരം ഒരു സൃഷ്ടി വായിച്ചു , അഭിപ്രായം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ സ്ഥലം വിടുക.അതല്ലാതെ കവിയെ,അല്ലെങ്കില്‍ ബ്ലോഗ്ഗറെ എഴുത്തു പഠിപ്പിച്ചെ അടങ്ങൂ എന്നു വാശിപിടിക്കുന്നതു ശരിയായ നടപടിയല്ല. സുഹൃത്താണെങ്കില്‍ മെയില്‍ അയച്ചു തുടര്‍ പഠനത്തിനു വേദിയൊരുക്കുക.

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയ സുഹൃത്തേ അനില്‍..,

ഞാന്‍ വീണ്ടും വീണ്ടും വലിച്ചെങ്കില്‍ സ്നേഹത്തോടെ തന്നെ...സന്തോഷം
പിന്നെ ആരെയും കവിത പഠിപ്പിക്കാനൊന്നും എനിക്കറിയില്ല മാഷേ...കിനാവ് ക്രീയാത്മക വിമര്‍ശനം എന്ന് പറഞ്ഞൊന്ന് കൊഞ്ഞനം കാണിച്ചതു കൊണ്ട് ആദ്യ കമന്‍ റിനെ ഒന്ന് വിശദീകരിച്ചൂ എന്നേ ഉള്ളൂ.
ഇനി ഇവിടെ കമന്‍ റില്ല
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സജീവ് കടവനാട് said...

ക്രിയാത്മക വിമര്‍ശനമെന്നത് (പറയുന്നത്) കൊഞ്ഞനം കാണിക്കലാണോ....?

അതൊ ഞാന്‍ പറഞ്ഞരീതിയാണോ കൊഞ്ഞനം കാണിക്കലായി തോന്നിയത്.

“താങ്കള്‍ കുറച്ചു കൂടി മെച്ചപ്പെട്ട കവിതകള്‍ എഴുതി തുടങ്ങി എന്ന് ആദ്യ കമന്‍ റില്‍ പറഞ്ഞത് പിന്‍ വലിക്കാതെ തന്നെ താങ്കള്‍ പറഞ്ഞ ‘ക്രീയാത്മകമായ വിമര്‍ശനം’ എന്ന രീതിയിലേക്ക് താങ്കള്‍ തന്നെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.”

ഹഹ, ഞാനിപ്പൊ കരയും!! :) :)


പിന്നെ ഈ രീതി (മുകളില്‍ എടുത്ത് ചേര്‍ത്തിരിക്കുന്ന വരികളില്‍ 12A, 12B വിശദീകരിച്ചാല്‍ നന്നായിരുന്നു.)യോട് എനിക്കു താത്പര്യമില്ല. ഈ വിശദീകരണം ചോദിക്കല്‍ രീതിയോട്.

എന്റെ ആശയം എനിക്കെങ്ങിനെ പറയാമോ അതാണെന്റെ സൃഷ്ടി.

വിശദീകരിച്ചെഴുതേണ്ട ഒരു കാര്യമാണെങ്കില്‍ ഞാനത് എന്റെ മറ്റേതെങ്കിലും ബ്ലോഗില്‍ പോസ്റ്റാക്കിയേനെ. ഇവിടെ അതിന്റെ ആവശ്യമില്ലാത്തതിനാല്‍ ഞാനതിന് മുതിരാതിരിക്കുന്നു.

പിന്നെ ആ അറിയലും, കാണലും...

അതിലിത്തിരി കാര്യമില്ലാതില്ല.

ഇന്ദ്രിയങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന ഏതൊന്നും അറിവാണെന്നിരിക്കെ കാഴ്ചയെ പ്രത്യേകിച്ച് എടുത്തു പറഞ്ഞതും അത് അറിവിനും ശേഷം രണ്ടാമതായി ഉപയോഗിച്ചതും പ്രശ്നമുണ്ടാക്കുന്നുണ്ട്. അതങ്ങിനെ തന്നെ എടുത്തുപറയുക എന്ന വിമര്‍ശകകര്‍ത്തവ്യമായിരുന്നു താങ്കള്‍ ആദ്യമേ ചെയ്തിരുന്നതെങ്കില്‍ എന്ന് വെറുതേ ആശിച്ചുപോയി.

സസ്നേഹം
സജി.

കുഞ്ഞന്‍ said...

കിനാവ് മാഷെ,

ഇതിപ്പോ അടഞ്ഞവാതില്‍ ചവിട്ടി തുറന്നതുപോലെയായല്ലൊ..!

രഹസ്യം: ഇപ്പോള്‍ ആകാശവാണിയൊന്നും ആരും വയ്കാറില്ല പകരം എഫ് എം ആണ് എഫെം..അതുവച്ചാല്‍ സമ്മാനപ്പെരുമഴയാ‍ണ്.

സ്‌പന്ദനം said...

അല്ല ഇന്നലെന്തേര്‍ന്ന്...
ഇന്നും അടുപ്പ്
പുകഞ്ഞില്ലേ...
തുടങ്ങി
തെരുവിലൂടെ പോയചിലര്‍ക്ക്
കടന്നുകയറണം.
പൊറുതി മുട്ടിയപ്പോഴാണ്
വാതിലുകളും ജനാലകളും
അടച്ചുവെച്ചത്.
ഇതൊക്കെ കൊണ്ടാവും എല്ലാവരും കോണ്‍ക്രീറ്റ്‌ സൗദങ്ങളില്‍ ഒളിച്ചിരിക്കുന്നത്‌ അല്ലേ കിനാവേ...

Sharu (Ansha Muneer) said...

കവിത വായിച്ചു, വളരെ ഇഷ്ടമായി.....

സജീവ് കടവനാട് said...

ലേഖേച്ചി, കണ്ണൂസ്, അനില്‍@ബ്ലോഗ്, കുഞ്ഞന്‍, സ്പന്ദനം & ഷാരു ഈ വരവിനും വായനക്കും നന്ദി.

Sureshkumar Punjhayil said...

Good Work, Best Wishes...!!!

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP