ആൻഗ്രിലൈഫ് - ഒരു ആൻഡ്രോയ്ഡ് ആപ്പ്

ഒരു പുതിയ കളിയിലാണ്
ആവേശം അതിന്റെ പാരമ്യത്തിലും
ആൻഡ്രോയ്ഡ് ഫോണുണ്ടെങ്കിൽ
നിങ്ങൾക്കും ഡൗൺലോഡാം
ആപ്പിളിലും വിൻഡോസിലും കണ്ടിട്ടില്ല.

മറ്റുകളികളെപ്പോലെയല്ല
സമയരേഖയിൽ മുന്നോട്ടും പിറകോട്ടും പോകാം
അബദ്ധങ്ങളുടേയും അപകടങ്ങളുടേയും നിമിഷങ്ങളെ
തകർത്തുകളയാം

കളിയിൽ ഞാനിപ്പോൾ
ഏറ്റവും ഉയർന്നപോയന്റിലാണ്
ആശുപത്രിയിലേക്കെത്തും മുമ്പേ മരിച്ചുപോയ
അച്ഛനെ വീണ്ടെടുത്തു
ഒരു ചെറിയപനി കൊണ്ടുപോയ,
ബ്ലഡ്കാൻസർ കൊണ്ടുപോയ
അനുജന്മാരെ വീണ്ടെത്ത്
ചെറിയമ്മമാരുടെ കണ്ണീർ തൂത്തു;
വരാനിരിക്കുന്ന അപകടങ്ങളെ
തകർത്തുകൊണ്ടിരിക്കുന്നു.

സാമൂഹ്യപ്രതിബദ്ധത കൈമോശം വരാത്തവര്ക്കും കളിക്കാം
ഗുജറാത്തിലെയെന്നല്ല
എല്ലാ കലാപങ്ങളേയും തകർത്തുകളയാം
പലസ്തീനിലെയോ ഇറാക്കിലെയോ എന്നല്ല
എല്ലായുദ്ധങ്ങളേയും ഇല്ലാതാക്കാം
മുഖമ്മൂടിയിട്ട ഓരോ ഭരണാധികാരിയേയും
താഴോട്ടു വലിച്ചിടാം.
പൊട്ടിയൊലിക്കുന്ന ദേശീയ വൃണങ്ങളെ
ദേശീയമാകും മുമ്പുള്ള പോയന്റിൽ ഇല്ലായ്മചെയ്യാം

മതങ്ങളുടേയും ഭീകരതയുടേയും
അധികാരത്തിന്റേയും ആപ്പുകളിറക്കുന്നവർ
ഗൂഢാലോചനയിലാണ്
തകർത്തുകളയും മുമ്പേ ഉപയോഗിച്ച് നോക്കൂ...

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP