ഞായറാഴ്ച.
അവധിദിനത്തിന്റെ ആലസ്യവും ഉച്ചയൂണും കഴിഞ്ഞു, വൈകുന്നേരത്തിലേക്ക് ചാഞ്ഞിറങ്ങുന്ന ചാറ്റല്മഴ. "ഹലാക്കിലെ മഴ" ഞാന് മഴയെ പ്രാകി. ചിണുങ്ങി ചിണുങ്ങി കരഞ്ഞ് ഉറങ്ങിപ്പോയ പാറുക്കുട്ടിയെപ്പോലെ മഴ പെയ്ത്തുനിര്ത്തി. മഴയുറങ്ങിയപ്പോള് വഴികളുണര്ന്നു. ബൈക്കിലെത്തിയ കൂട്ടുകാരോടൊത്തിറങ്ങുമ്പോള് അമ്മ പിന്നില്, "ഞ്ഞി പാതിരാത്രീലെത്ത്യാമതീ, ട്ടാ"
കൊല്ലന്പടിയിലെത്തിയപ്പോള് കൂട്ടുകാരിലാരോ പറഞ്ഞു "പുഴമ്പ്രത്തേക്കു പോകാം"
"ഓ വേണ്ട, കഴിഞ്ഞയാഴ്ച പോയതല്ലേ...."
കഴിഞ്ഞ ഞായറാഴ്ച പുഴമ്പ്രത്തയിരുന്നു. ബോട്ടു വാടകക്കെടുത്തു പുഴയില്, കൂട്ടുകാരുടെ നാടന്പാട്ടിനൊത്തു തുഴഞ്ഞ് തുഴഞ്ഞ്...... കൂട്ടിനോരോ ബിയറും
"നമുക്ക് അഴിമുഖത്തു പോകാം"
കുറച്ചുമുമ്പിവിടെ മഴ പെയ്തിരുന്നുവെന്ന് വിളിച്ചറിയിക്കുമ്പോലെ നനഞ്ഞ മരങ്ങള് സൂര്യവെളിച്ചത്തില് തിളങ്ങി. ജങ്കാറില് നിന്നിറങ്ങി പാഞ്ഞുവരുന്ന ലോറിയും ബസ്സുമൊക്കെ പൊടിക്കാറ്റു വീശി കടന്നുപോയി. ഇവിടെ മഴപെയ്തിട്ടേയില്ലെന്ന് തിളങ്ങുന്ന പഞ്ചാരമണലുവിളിച്ചുപറയുന്നു.പൂഴിമണലില് കുസൃതിച്ചുഴി തീര്ത്ത കാറ്റ് മുഖത്തേക്കടിച്ചപ്പോള് സുഖമുള്ള സൂചികുത്ത്.
കിഴക്കന് മലനിരകളിലൂടെ കുസൃതിച്ചിരി ചിരിച്ച്, ഭൂമുഖത്തിന്റെ പാപങ്ങള് കഴുകി, പിതൃക്കള്ക്കു ബലിദര്പ്പണം നടത്തി, വെറും മണല്ച്ചാലായ് സ്വയം ബലിനല്കി,പിന്നെയുമൊഴുകി പുന്നാരപ്പുഴയതാ സമുദ്രത്തിലലിയിയുന്നു. നിള മാത്രമല്ല, പടിഞ്ഞാറേതലക്കല് പകലോനുമുണ്ടായിരുന്നു, ചുവന്നു തുടുത്ത മുഖവുമായി, ആഴിയിലലിയാന്.
പുഴ കടലിലലിയുന്നതിന് തൊട്ടു തെക്കു ഭാഗത്തായി കടലു കുറച്ചൊന്നുള്വലിഞ്ഞിരിക്കുന്നു, ഒരു തുരുത്തു പോലെ, മൂന്ന് ഭാഗവും കടലാല് ചുറ്റപ്പെട്ട്. ഞങ്ങളൊന്നിറങ്ങി, തുരുത്തിലേക്ക്. ഇഷ്ടമാകാഞ്ഞതിനാലാകണം ഒന്നു മുരണ്ട്, കൂറ്റന് തിരയായി, മൂന്നു ഭാഗത്തുനിന്നും , "ഹെന്റമ്മോ" ഞങ്ങളു തിരിച്ചു കയറി.
കടലമ്മയുടെ ശൌര്യവും കുസൃതിയും കണ്ട് അങ്ങിനെ കുറേനേരം... സമയം പോയതറിഞ്ഞേ ഇല്ല. ഞങ്ങളെപ്പോലെ ഒരുപാടുപേര്, പുതുമിഥുനങ്ങള്, കുട്ടികള്...
പടിഞ്ഞാറ് ഒരുപകല് കിടന്നു പിടയുന്നു. ഒരു പകലിന്റെ ഒടുക്കം. പാതി മുങ്ങിയ സൂര്യ ന്റെ ചെമപ്പ് കടലിലലിഞ്ഞു. കടലു ചുവന്നപ്പോള് കണ്ണാടിപോലെ മാനവും ചുകന്നു. ചോപ്പിന്റെ അര്ത്ഥഭേധങ്ങള് കണ്ണിറുക്കികാണിച്ചപ്പോളാണോ ഇരുള് പരന്നത്, അറിഞ്ഞൂടാ...
തിരിയെപ്പോരുമ്പോഴുണ്ട് കനോലിക്കനാലില് മണലുകടത്തിന്റെ തോണിത്തിരക്ക്. റാന്തല്വെളിച്ചത്തില്, കണ്ണ് വെട്ടിച്ചും കൈക്കൂലികൊടുത്തും നടത്തുന്ന മണല്ക്കൊള്ള. പണ്ട് കനോലിക്കനാല് പൊന്നാനിക്ക് വാണിജ്യപ്രാധാന്യമുള്ള ഗതാഗത മാര്ഗ്ഗമായിരുന്നു.
"ചീറിയലറുമലയാഴിയാം വാക്യത്തിന്നു
കീഴ്വരയിട്ടപോലാം കനോലിക്കനാല്"
കവിക്കു സര്വ്വം കാവ്യ മയം. ഇടശ്ശേരിക്ക് അറബിക്കടലൊരു വാക്യം, കനോലിക്കനാലൊരടിവര. കനോലിക്കനാലിന്നു കിഴക്ക് എന്റെ കൊച്ചു'കടവനാട്'. ഇടശ്ശേരിയുടെ തന്നെഭാഷയില്:
പാരാപ്പരപ്പാകുമീത്തങ്കവയലുകള് തന്തീരത്തില്
തെങ്ങിന് പീലികള് തന് കീഴില്
അന്നത്തിന്നിരപ്പവര്, മേല്പ്പുരയില്ലാത്തവ-
രങ്ങിനെ പാര്പ്പുണ്ടല്ലോ മനുജരേറെ.
കാലടി വെച്ചു കൊള്ളാന് കണ്ടോര്തന്നുഭയങ്ങള്,
നീലനിശ്ശൂന്യത താന് തലക്കുമീതെ.
ചൂഴും ചകിരിക്കുഴി ചുറ്റും വമിക്കും കെട്ട-
ചൂരുകൊണ്ടഹര്ണിശം നിശ്വസിപ്പോര്.
ഓരു കടന്ന കെട്ട നീരുകൊണ്ടുദിനംനീറുന്ന
ജഠരത്തെത്തണുപ്പിക്കുന്നോര്.
ഞങ്ങളുടെ പുഴയ്ക്കിപ്പോഴും ജീവനുണ്ട്. ബിയ്യംകായലിനു കുറുകെ കെട്ടുള്ളിടത്തോളം പുഴയ്കു ജീവനുണ്ടായിരിക്കും. ചകിരിക്കുഴിയുടെ കെട്ട നാറ്റമൊക്കെ ഇല്ലാതായി. അതെന്താ ചകിരി ചീഞ്ഞാല് ഇപ്പോള് മണമില്ലെന്നാണോ എന്നായിരിക്കും. അതല്ല, ചകിരിക്കുണ്ടും പാടങ്ങളുമൊക്കെ ചരിത്രമായിരിക്കുന്നു. ഞങ്ങള്ക്കു കിഴക്കുള്ള അയല് പ്രദേശങ്ങളൊക്കെ ഉയര്ന്ന ഭൂപ്രദേശങ്ങളായിരിന്നു. കുന്നും മലകളുമുള്ള സുന്ദരസ്ഥലികള്. അവയുടെ വിയര്പ്പ് ഞങ്ങളുടെ പുഴകളിലേക്കിറങ്ങി ഞങ്ങളുടെ ജീവിതമായൊഴുകി.അവിടുത്തെ കുന്നുകളൊക്കെ കുളിച്ചിരുന്നത് കാലവര്ഷം കനിയുമ്പോള് മാത്രമായിരുന്നു. അവ മഴയ്ക്കുകൊതിച്ചു. ഞങ്ങ അവയെ സഹായിച്ചുകൊള്ളാമെന്നേറ്റു. കുന്നുമലാദികളെ പിഴുതെടുത്ത് കുളവയലാദികളില് മുക്കി, കുളിപ്പിക്കാന്. പ്രകൃതിയുടെ ഉച്ഛനീചത്വമില്ലാതായപ്പോള് ഭൂമിക്കു പൊന്നുവിലയായി.
(ponani, ponnani, kadavanad)
ദൈനംദിനാനുഭവങ്ങളുടെ സിദ്ധാന്തം - പി എ നാസിമുദ്ദീന്റെ കവിത
-
തത്സമയത്വം, ദൈനംദിനത്വം എന്നിങ്ങനെയുള്ള കാലഘടകങ്ങൾ കവിത തുടങ്ങിയുള്ള
സർഗാത്മകവ്യവഹാരരൂപങ്ങളിൽ പ്രവർത്തിക്കുന്ന വഴിയെക്കുറിച്ച് ചിന്തിക്കുക
രസകരമാണ്. ...
0 അഭിപ്രായങ്ങള്:
Post a Comment