സ്വപ്നത്തിലെ മുത്തലാഖ്

മൈമൂന കരഞ്ഞു. മൈമൂന പിന്നെയും കരഞ്ഞു. മൈമൂനക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും കരയും. ചിലപ്പോള്‍ ചുണ്ട് കോടിച്ചൊന്ന് ചിരിക്കും. ചിരിക്കുമ്പോള്‍ ഇടതുകവിളിലെ നുണക്കുഴിയൊന്ന് വിരിയും. അമ്മിഞ്ഞമണമുള്ള ചുണ്ടുകള്‍ക്കിടയിലൂടെ കിന്നരിപ്പല്ലുതിളങ്ങും. അവള് പിന്നെയും കരഞ്ഞു. അവള്‍ക്കറിയില്ലല്ലോ ഇന്ന് അവളുടെ ഒന്നാം പിറന്നാളാണെന്ന്. അവളോട് ആരും പറഞ്ഞതുമില്ല.

ഖാലിദും റസിയയും ഒരുക്കങ്ങളിലാണ്. തങ്ങളുടെ വീട്ടില്‍ വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന സല്‍ക്കാരമാണ്. നീണ്ട ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മൈമൂനയെ കിട്ടിയത്. ‘ഞമ്മക്ക് അടിച്ചു പൊളിക്കണ‘ മെന്ന് റസിയ ഇടക്കിടെ പറയാറുള്ളതാണ്. ‘ആള്ക്കാര് ഇപ്പം ബരാ‍ന്തൊടങ്ങു’ മെന്ന് പറഞ്ഞ് റസിയ അടുക്കളയില് നെട്ടോട്ടമാണ്. മുറികളിലൊക്കെ ഗള്‍ഫ് മണം നിറച്ച്, ഗള്‍ഫ് ചൂടിലെ ഗള്‍ഫ് വിയര്‍പ്പിന്റെ തിളക്കമുള്ള ഗള്‍ഫലങ്കാരങ്ങള്‍ ഏതേതു സ്ഥാനങ്ങളില്‍ വച്ചാല്‍ കൂടുതല്‍ ഭംഗി കിട്ടുമെന്നതിനെക്കുറിച്ച് ഗവേഷണത്തിലാണ് ഖാലിദ്. റസിയയുടെ നിഴലനക്കങ്ങളില്‍ മൈമൂനകരഞ്ഞു. അവളുടെ വായില്‍ അമ്മിഞ്ഞക്കൊതി നിറഞ്ഞു. അവള് പിന്നെയും കരഞ്ഞു.

‘ദിക്‌റ്പാടി കിളിയേ നീ ചൊല്ല്....’ പാട്ടിന്റെ പതിഞ്ഞ താളം അത്തറിന്റെയും വിയര്‍പ്പിന്റേയും മണത്തോടൊപ്പം കൂടിക്കുഴഞ്ഞ് പരന്നൊഴുകി. മുറിയില്‍ നീലയും മഞ്ഞയും ചുവപ്പും വര്‍ണ്ണങ്ങള്‍ മാറി മാറി നിഴലുകള്‍ വീഴ്ത്തി. മൈമൂന ഉമ്മച്ചികളില്‍ നിന്ന് ഉമ്മച്ചികളിലേക്ക് മാറില്‍ നിന്ന് മാറിലേക്ക് മാറി മാറി ചൂടളന്നു.

വെളുത്ത് തിളങ്ങുന്ന സില്‍ക്കുകുപ്പായത്തില്‍ പൊതിഞ്ഞ് ഉസ്താദുമാരും തങ്ങന്മാരുമെത്തി. ഭക്ഷണം കഴിച്ചു. കോലായിലെ കസേരകളിലിരുന്ന് വെടിപറഞ്ഞു ചിലര്‍. ഉറക്കം തൂങ്ങി ചിലര്‍. അകത്ത് ഖാലിദും റസിയയും പൊരിഞ്ഞ സല്‍ക്കാരം. നെയ്യും മസാലയും കുഴഞ്ഞ ഗന്ധം.

നൂറമ്മായിയാണ് അത് കണ്ടുപിടിച്ചത്. നൂറമ്മായി, സമദ് മാമയുടെ ഭാര്യ. നൂര്‍ജഹാന്‍. ‘ഓര് തമ്മില് ഒന്നും പറേണ് ഞമ്മ കണ്ടില, ഓരെ ഉള്ളില് എന്തോ കുലുമാല് പോലെ...’അയലോക്കത്തെ സുന്ദരി ആമിന കമന്റിട്ടു. ‘ഇന്നലെ ഒച്ചേം ബേളോം ഞമ്മ കേട്ടീന്...’

അന്വേഷണച്ചുമതല മൂത്തുമ്മ ഏറ്റെടുത്തു. ഖാലിദും റസിയയും ഹാജരായി. മൊഴിയെടുക്കാന്‍ ഉത്തരവായി. ‘അതൊന്നൂല്ല....’ റസിയയും ഖാലിദും വിയര്‍ത്തു. വല്ല്യമ്മായി മീശ പിരിച്ചു. ‘ഞാന്‍ മിന്യാന്ന് ഒരു സൊപ്നം കണ്ട്...’ ഖാലിദ് പറഞ്ഞു. മുറിയില് കൂട്ടച്ചിരി. ഒരു സ്വപ്നം കണ്ടേന് പുകില് ണ്ടാക്കാന്‍ ഓര് കുട്ട്യോളാ...

ചിരിയുടെ അലകളില്‍പ്പെട്ട് ഉമ്മറത്തിരുന്ന ചിലര്‍ അകത്ത് കരയടിഞ്ഞു.

സ്വപ്നത്തില് ഖാലിദ് റസിയയെ മൊഴിചൊല്ലി. മൂന്നുതവണ തലാഖ് ചൊല്ലുന്നത് റസിയയും കേട്ടു. മനസ്സില് ഒന്നുമില്ലെങ്കില് അങ്ങിനെയൊന്നും സ്വപ്നം കാണില്ലെന്ന് പറഞ്ഞ് റസിയ കരച്ചിലായി. ‘സൊപ്നല്ലേ ന്റെ റസിയാ...’ വല്ല്യമ്മായി സമാധാനിപ്പിച്ചു.

‘ജ്ജ് ഓളെ മൊയിചൊല്ല്യ...’ ബീരാനിക്കയാണ്. പൊന്നാനിക്കാരുടെ ഒന്നാം നമ്പറ് ബ്രോക്കറ്. ‘അണക്ക് ഗള്‍ഫില് ബിസിന്‍സ്സ്ണ്ട്, പണം ണ്ട്. ഞമ്മള് പറഞ്ഞ് ഒന്നൂടെ കെട്ടിക്കോന്ന്. ഞമ്മടെ മതത്തില് ത് പുതുമേ, ജ്ജ് അന്റെ പെണ്ണിന്റെ ബാക്കും കേട്ട് നടന്ന്. പ്പെന്തായി, മൊയീം ചൊല്ലി’
‘സ്വൊപ്നല്ലേ ബീരാനിക്കാ...’
‘സൊപ്നാ...., ഇസ്‌ലാമില് ഒറ്റ നിയമേള്ളൂ, മുത്തലാഖ് ചൊല്ല്യാ ബീവി ബീവിന്റോടെ ജ്ജ് അന്റോടെ. മഹല്ല് കമ്മിറ്റി ബിളിക്കാന്‍ ഞമ്മ ഏര്‍പ്പാടാക്കീട്ട് ബരാം...’

മഹല്ലിലെ പ്രധാനികളൊക്കെ ഉമ്മറത്തുണ്ടായിരുന്നു. കമ്മറ്റി കൂടി. തീരുമാനം വന്നു. ‘ഇസ്ലാമില് ഒറ്റ നിയമേ ള്ളൂ...തലാഖ് തലാഖ് തന്നെ.'

പടിയിറങ്ങുമ്പോള്‍ റസിയയുടെ മനസ്സ് മരവിച്ചിരുന്നു. ‘റബ്ബേ, തുണക്കണേ...’ അവള് പ്രാര്‍ത്ഥിച്ചു. ഒന്നും കാണാന്‍ കഴിയാതെ ഒന്നും കേള്‍ക്കാന്‍ കഴിയാതെ ഇരുട്ടറയില്‍ കുടുങ്ങിയപോലെ ഖാലിദ് ഇരുന്നു. അയാളുടെ നെഞ്ച് കനം വെച്ചു. തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതു പോലെ. ഒന്നുമറിയാതെ മൈമൂന കരഞ്ഞു. മൈമൂന പിന്നെയും കരഞ്ഞു.

കോടതിക്കെട്ടിടത്തിനരികിലെ വക്കീലാപ്പീസിലേക്ക് ബാപ്പയോടൊപ്പം റസിയയും കയറി. വക്കീലുണ്ടായിരുന്നില്ല. വക്കീലാപ്പീസിനു പുറകിലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍ മുളച്ച് പന്തലിച്ചുനിന്ന അരയാലിന്റെ തണലില്‍ ഖാലിദ് ഇരിക്കുന്നുണ്ടായിരുന്നു. ബാപ്പായെ കണ്ടപ്പോള്‍ സന്തോഷം കൊണ്ടായിരിക്കണം മൈമൂന കരഞ്ഞു. മൈമൂന പിന്നെയും കരഞ്ഞു.

വിധി വന്നപ്പോള്‍ റസിയ കരഞ്ഞു, ഖാലിദ് കരഞ്ഞു. അവരുടെ കവിളുകളില്‍ കണ്ണീരു തിളങ്ങി. ആനന്ദക്കണ്ണീര്. മഹല്ലുകമ്മറ്റി മേല്‍ക്കോടതിയിലെത്തി, മേല്‍-മേല്‍ക്കോടതിയിലെത്തി. ‘റബ്ബില്ലാലമീനായ തമ്പുരാന്‍ കാത്തു....’ റസിയ പറഞ്ഞു. ‘ഒരു സല്‍ക്കാരം നടത്ത്യാലോ...’ ഖാലിദ് തമാശയായി ചോദിച്ചു.

മഹല്ലു കമ്മറ്റി കൂടി. മഹല്ലു കമ്മറ്റി പിന്നെയും കൂടി. തീരുമാനം വന്നു. ഊരു വിലക്ക്. ‘ഇപ്പം ഓരെ സഹായിക്കാന്‍ കമ്മിണിസ്റ്റാരും വരൂല, ഓരിക്ക് തമ്മില്‍ തല്ലാന്‍ നേരല്ല്യ...’

വിലക്കായി. പള്ളിയില് വിലക്ക്, ബന്ധുവീടുകളില് വിലക്ക്, മിണ്ടുന്നത് വിലക്ക്, അത് വിലക്ക്, ഇത് വിലക്ക്....

ഖാലിദ് ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നു. അറബികളുടെ നാട്ടിലേക്ക്, ഇസ്ലാമിന്റെ നാട്ടിലേക്ക്. അവിടെ അയാള്‍ക്ക് വിലക്കില്ല. ഒരുപാട് പേര് അയാളെ കാത്തിരിക്കുന്നു, സ്നേഹത്തോടെ. അയാളുടെ കൂടെ റസിയയുണ്ടായിരുന്നു. മൈമൂനയുണ്ടായിരുന്നു. സ്നേഹമുണ്ടായിരുന്നു.

വിമാനം അതിന്റെ തിളങ്ങുന്ന ചിറകുകള്‍ വീശി പതുക്കെ പറന്നുയരുമ്പോള്‍ മൈമൂന കരഞ്ഞു. മൈമൂന പിന്നെയും കരഞ്ഞു.അവള്‍ അറിഞ്ഞുവോ നാടുകടത്തപ്പെടുന്നതിന്റെ നൊമ്പരം.
ഇതു കൂടി വായിച്ചോളൂ തലാഖ്‌

1 അഭിപ്രായങ്ങള്‍:

Sajeev Kadavanad said...

കിനാവ്‌ said...
ഒരു കഥ പോസ്റ്റു ചെയ്യുന്നു, രണ്ടുമൂന്ന് വര്‍ഷം മുമ്പ് പത്രത്തില്‍ വായിച്ച സംഭവം.
5:43 PM, July 06, 2007
chithrakaran ചിത്രകാരന്‍ said...
വായിക്കാന്‍ കഴിയുന്നില്ല .
font missing
:)
5:18 PM, July 07, 2007
കിനാവ്‌ said...
ചിത്രകാരാ എവിടെയാണ് ഫോണ്ട് മിസ്സ് ആയത്.
4:15 PM, July 13, 2007
ബാജി ഓടംവേലി said...
കിനാവുകാരാ,
ഒന്നു വായിച്ചു ഒന്നു കൂടി വായിക്കാന്‍ തോന്നി
അതിനു ശേഷം അഭിപ്രായം പറയാം
അല്ല ആദ്യം പറഞ്ഞതു തന്നെ അഭിപ്രായമായിക്കാണാം
ഒന്നു വായിച്ചു ഒന്നു കൂടി വായിക്കാന്‍ തോന്നി
8:10 PM, August 17, 2007
കിനാവ്‌ said...
ബാജിയേട്ടാ സന്തോഷം,നന്ദി. വന്നതിനും കമന്റിയതിനും.
4:02 PM, August 18, 2007
ശ്രീ said...
:)
1:04 PM, August 19, 2007
കിനാവ്‌ said...
ശ്രീ, വന്നതിന് നന്ദി.
‘ജ്ജ് ഓളെ മൊയിചൊല്ല്യ്...’ ബീരാനിക്കയാണ്. പൊന്നാനിക്കാരുടെ ഒന്നാം നമ്പറ് ബ്രോക്കറ്. ‘അണക്ക് ഗള്‍ഫില് ബിസിന്‍സ്സ്ണ്ട്, പണം ണ്ട്. ഞമ്മള് പറഞ്ഞ് ഒന്നൂടെ കെട്ടിക്കോന്ന്. ഞമ്മടെ മതത്തില് ത് പുതുമേ, ജ്ജ് അന്റെ പെണ്ണിന്റെ ബാക്കും കേട്ട് നടന്ന്. പ്പെന്തായി, മൊയീം ചൊല്ലി’
‘സ്വൊപ്നല്ലേ ബീരാനിക്കാ...’
‘സൊപ്നാ...., ഇസ്‌ലാമില് ഒറ്റ നിയമേള്ളൂ, മുത്തലാഖ് ചൊല്ല്യാ ബീവി ബീവിന്റോടെ ജ്ജ് അന്റോടെ.
7:02 AM, August 20, 2007

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP