വാരഫലം 24-30 ആഗസ്റ്റ്-07

പോയവാരം ബൂലോകത്തിനും ഓണത്തിരക്കായിരുന്നു. ആ‍ശംസകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞു നിന്ന ബൂലോകം സാഹിത്യരംഗത്ത് കാര്യമായ സംഭാവനകാളൊന്നും നല്‍കിയില്ല എന്നു തന്നെ വേണം പറയാന്‍.

ടി.പി അനില്‍കുമാറിന്റെ അവനിപ്പോള്‍ വരാറില്ല എന്ന കവിത പോയവാരത്തിലെ മികച്ച വായനാനുഭവം നല്‍കിയ കവിതകളിലൊന്നായിരുന്നു. സമൂഹത്തിന്റെ ഒത്ത നടുക്ക് ഇരിക്കുമ്പോഴും സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് തന്റേതായ ലോകത്ത് ജീവിക്കുന്ന അവന്‍, സാമൂഹ്യ ജീവിതത്തിലെ ബന്ധനങ്ങളില്ലാതെ ഒരു കരയിലും അടുപ്പിക്കാതെ ജീവിതം തുഴയുന്ന അവന്‍, എല്ലുമുറിയെ പണിയെടുക്കുന്ന അവന്‍... അവനിപ്പോള്‍ എവിടെയാണാവോ? അനില്‍കുമാറിന്റെ തൂലിക, ഗ്രാമ്യമായ ബിംബങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഒരു നല്ല കവിത കൂടി സമ്മാനിച്ചിരിക്കുന്നു ബൂലോകവാസികള്‍ക്ക്.

കെ.എം പ്രമോദിന്റെ കല എന്ന കവിത ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു മുത്തശ്ശിക്കഥയാണ്. കാ‍ലു നീട്ടിവച്ച് മടിയില്‍ പേരക്കിടാവിനെയിരുത്തി മുത്തശ്ശി കിടാവിനോട് പറയുന്നത് ആമയും മുയലും പന്തയമോടിയ കഥയല്ല, വിപ്ലവകാലഘട്ടത്തിലെ നേര്‍ക്കാഴ്ച്ചകളാണ്. കാവുമ്പായിയും വിമോചന സമരവുമൊക്കെ വരികളില്‍ വരച്ചു വച്ചിരിക്കുന്നു പ്രമോദ് ഈ കവിതയില്‍.

‘അവര്‍ക്ക് പ്രസം‌ഗിക്കാന്‍‍
മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
‍വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.’ സനാതനന്റെ കോളാമ്പി എന്ന കവിത പുതിയകാല കമ്മ്യൂണിസ്റ്റുകളില്‍ നിന്ന് പഴയകാല കമ്മ്യൂണിസ്റ്റുകളിലേക്കുള്ള ദൂരം കാണിച്ചുതരുന്നു. സനാതനന്റെ തന്നെ വാതില്‍ എന്ന കവിതയും വായനാസുഖം പകരുന്ന കവിതകളില്‍ ഒന്നാണ്.

ആല്‍കമിസ്റ്റ് ലെ ഉമ്പാച്ചിയുടെ കൂട്ടുകാരംഗീകരിക്കാത്ത നേരും അമൃതാവാര്യരുടെ തെറ്റ്‌ ഉം അമ്പലപ്പുഴ ശിവകുമാറിന്റെ പഴനീരാണ്ടി യും നല്ല വായനാനുഭവങ്ങള്‍ തരുന്നു. ദേവസേനയുടെ ഫ്രോക്ക്‌ - സാരി - അമ്മ എന്ന കവിതയുടെ പുന:പ്രസിദ്ധീകരണവും ശ്രദ്ധാര്‍‍ഹമായി.

കാറ് ആക്സിഡന്റില്‍ മരിച്ച സൈറയെ വിഷാ‍ദാത്മകമായി വരച്ചിടുന്നു പടിപ്പുര മടക്കയാത്ര എന്ന കഥയിലൂടെ. പോയവാരത്തിലെ മികച്ച കഥ മടക്കയാത്ര തന്നെ. സാരംഗിയുടെ കൂടുമാറ്റം..(കഥ) വും മനുവിന്റെ ജഡം , സിമിയുടെ അട്ട തുടങ്ങിയ കഥകള്‍ മികച്ചവയായിരുന്നു.

ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി സുനീഷ്‌തോമസ് എഴുതിയ ഭാരതപര്യടനം (അധുനാധുനികം) , ജി.മനുവിന്റെ കഹാനീ...ഇത്‌ കഹാനീ കീ കഹാനീ... , മയൂരയുടെ ഐ ലവ് കോച്ചിപ്പിടി. തുടങ്ങിയവ തരക്കേടില്ലാത്ത രചനകളായിരുന്നു. നല്ല രചനകളുടെ ഒരു പുതിയ ആഴ്ച ആശംസിച്ചുകൊണ്ട്....

1 അഭിപ്രായങ്ങള്‍:

വാരഫലം said...

സനാതനന്‍, മുരളിമേനോന്‍, ബാജി നിര്‍ദ്ദേശങ്ങള്‍ക്കും വായനക്കും നന്ദി.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP