കത്തി

എത്ര ജീവനെടുത്തു
ഞാനിതുവരെ
എത്ര ശരീരങ്ങള്‍
കീറി മുറിച്ചു!

അങ്കവാലാട്ടി
തൊടിയില്‍ നടന്ന
പൂന്തലയന്‍ കോഴി,
തോടും കുളവും
കടലും കടന്നെത്തി-
യെത്ര മീനും മൃഗങ്ങളും.

നടുവൊടിഞ്ഞപ്പോള്‍
വിലപേശുന്നെനിക്കിവര്‍
വിലയിലൊത്തപ്പോള്‍
തമിഴത്തിപ്പെണ്ണിന്‍
ചാക്കില്‍
വിലയേതുമില്ലാതെ
കിടന്നു ഞരങ്ങി ഞാന്‍.

കൈവിടില്ല ഞാന്‍
ആശകളൊരിക്കലും
ചെന്നെത്തുമൊരു
കൊല്ലന്റെയാലയില്‍
പുനര്‍ജ്ജനിക്കും
വടിവാളിന്നുടലില്‍ ഞാന്‍
അരിഞ്ഞൊടുക്കിടും
കലാപഭൂമിയില്‍
മികച്ചവനെന്ന്
പറഞ്ഞിടും വരെ.

6 അഭിപ്രായങ്ങള്‍:

കിനാവ്‌ said...

....നടുവൊടിഞ്ഞപ്പോള്‍
വിലപേശുന്നെനിക്കിവര്‍
വിലയിലൊത്തപ്പോള്‍
തമിഴത്തിപ്പെണ്ണിന്‍
ചാക്കില്‍
വിലയേതുമില്ലാതെ
കിടന്നു ഞരങ്ങി ഞാന്‍.....

ഇട്ടിമാളു said...

എന്തൊരു ആത്മവിശ്വാസം.. പക്ഷെ അവസാനം തേഞ്ഞ് തേഞ്ഞ് തീരില്ലെ.. അവസാനം കത്തി വരെ കവിതയായല്ലെ..:)

മന്‍സുര്‍ said...

ഒരു കത്തിയുടെ.....എറ്റുപറചില്‍

വളരെ നല്ല നിലവാരം പുലര്‍ത്തിയിരിക്കുന്നു
എങ്കിലും ചെയ്തതില്‍ ഒട്ടും കുറ്റബോധമില്ല
ആലന്‍റെ ആലയിലൂടെ വീണ്ടും ഒരു തിരിച്ച് വരവ് പ്രതീക്ഷിക്കുന്നു.

കിനാവിന്‍റെ കിനാകളില്‍ നിന്നും മറ്റൊരു കിനാവിന്‍ കവിത കൂടി.

അഭിനന്ദനങ്ങള്‍

മന്‍സൂര്‍,നിലംബൂര്‍

കുഞ്ഞന്‍ said...

വീണ്ടുമൊരു തിരിച്ചുവരവില്‍, അതു കാപട്യ രാഷ്ട്രീയക്കാരുടെ കഴുത്തരിയാനാണെങ്കില്‍ ഞാനും കിനാവു കാണും ആ സുന്ദര നിമിഷങ്ങള്‍!

ശ്രീ said...

കത്തി നന്നായി മാഷെ...
:)

കിനാവ് said...

മാളുവേച്ചീ കമന്റ് വായിച്ച് ഞാന്‍ ചിരിച്ചു കെട്ടോ, ഞാനും ഇങ്ങിനെ ഒരു കമന്റ് പ്രതീക്ഷിച്ചിരുന്നു. കവിത വരെ കത്തിയായോ എന്നല്ലേ ഉദ്ദേശിച്ചത്. മാലൂം...മാലൂം.

മന്‍സൂര്‍ വായനക്ക് നന്ദി. പിന്നെ ഇത് ഒരു ഏറ്റു പറച്ചിലൊന്നുമല്ല. കത്തി ഒരു ബിംബം മാത്രം.

പ്രിയ കുഞ്ഞന്‍ ഈ കത്തി കുറച്ചുകൂടി ക്രൂരനാണ്. ചില വര്‍ഗ്ഗീയ സംഘടനകളുടെ ചട്ടുകമായി പ്രവര്‍ത്തിച്ച് ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന, എന്നിട്ടും മനസ്സില്‍ സംഘടനയോട് അമിതമായി കൂറു വച്ചു പുലര്‍ത്തുന്ന... രാഷ്ട്രീയപരമായി അങ്ങിനെയാകാം, തൊഴില്പരമായാണെങ്കില്‍ ഒരു അനുഭവമാകാം.

ശ്രീ, കൊന്നു അല്ലേ.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP