കോന്തലതെരപ്പില് നിന്ന് മുറിബീഡിയെടുത്ത് കത്തിച്ചു രാഘവേട്ടന്. വലിച്ചെടുത്ത പുക വിഴുങ്ങി. ഇല്ലാത്ത പുക പുറത്തേക്കൂതി വളയങ്ങള് തീര്ത്തു. വളയങ്ങള് പുഴയിലെ ഓളങ്ങള്ക്കൊപ്പം വന്ന ഇളങ്കാറ്റില് ചാഞ്ഞും ചരിഞ്ഞും മുകളിലേക്കുയരുന്നതും നോക്കി, ചുവന്നചേലയുടുത്ത് അവള്വരുന്നതുംകാത്ത്, കാല്വിരലുകൊണ്ട് കുഞ്ഞോളങ്ങളെ താലോലിച്ച് ബീഡിക്കറപുരണ്ട മഞ്ഞച്ചിരിയുമായ് കല്പടവിലിരുന്നു.
പുലര്ച്ചെ, അക്കരെകടവില് നിന്ന് ബീരാനാപ്ല ആദ്യത്തെ കടത്ത് തുടങ്ങുന്നതിനുമുന്പൊരു കൂക്കിവിളിയുണ്ട്. ഒരു അറിയിപ്പ്.അപ്പൊഴായിരിക്കണം രാഘവേട്ടന്റെ ആദ്യത്തെ ബീഡി കത്തുന്നത്. കടത്തവസാനിക്കുമ്പോഴും രാഘവേട്ടന് മുറിബീഡിയില്നിന്നുംവളയങ്ങളുണ്ടാക്കിയിരിക്കയാകും. പിന്നെ അധികമാരും ആ വഴി പോകാറില്ല. രാത്രിയില് മണലുകടത്തുന്ന തോണിക്കാര് ബീഡിയെരിയുന്നത് കണ്ടിട്ടുണ്ടത്രേ!
ദുരന്തപര്യവസായിയായ ഒരു പ്രണയകഥ! മുറിബീഡിയിലെ വെളുത്ത പുകപോലെ ആളുകളുടെ ഓര്മ്മയും നേര്ത്തിരിക്കുന്നു. കടവിലെത്തുന്നവരുടെ ഔദാര്യമായ പലഹാരപ്പൊതികളിലെ ഉച്ഛിഷ്ടം അവിടവിടെ ചിതറിക്കിടക്കുന്നു. ചുറ്റിലും മൂളിപ്പറക്കുന്ന ഈച്ചകള്...അവിടെ, കല്പടവിലേക്ക് വേരുകള് പടര്ത്തി, ചുവന്നപൂക്കളും പച്ചച്ച ഇലകളും പൊഴിഞ്ഞുപോയ ഒരു പുളുന്തന് അരളിമരം.
“അ, ഇജ്ജ്യാരുന്നോ*സൊന്ദരാ, കൊറേ ആയിര്ക്ക്ണ് ഈ ബയിക്കൊക്കെ*” ബീരാനാപ്ലയാണ്. അകലന്നേ നോക്കിനില്ക്കയായിരിക്കണം. സുന്ദരനും മോളൂട്ടിയും നിന്നിടത്തേക്ക് ബീരാനാപ്ല തോണിയടുപ്പിച്ചു.
“അന്റെ*പേട്യൊക്കെ മാറ്യാ...?” മോളൂട്ടിയോടാണ്.
തുടക്കത്തിലെ ഉലച്ചിലൊക്കെ കഴിഞ്ഞ്, ഓളങ്ങളില് പതുക്കെ ചാഞ്ചാടി തോണിയൊഴുകി. കുറുകെവച്ച പലകക്കുമുകളില് അച്ഛന്റെ ചുമലില് കൈവച്ച് മോളൂട്ടി ചുവടുകള് വെച്ചു.
പതിവുള്ളതാണ് ഈ പുഴചുറ്റല്. ഇടക്ക് ഇങ്ങിനെ ആരെങ്കിലുമൊക്കെ വരുന്നത് ബീരാനാപ്ലക്കും സന്തോഷം. തരക്കേടില്ലാതെന്തെങ്കിലും തടയും.
അക്കങ്ങളെ പരിചയപ്പെടുത്തിയപ്പോഴാണ് മാളൂട്ടി കലണ്ടറിലെ ചുവന്ന അക്കങ്ങളെ കുറിച്ച് ചോദിച്ചത്. പിന്നെ ചുവന്നദിനങ്ങള്ക്കായി കാത്തിരിപ്പ് തുടങ്ങി. പുഴയും കടലും റോഡും മരങ്ങളും വാഹനങ്ങളുമൊക്കെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ടായിരിക്കണം. നിറയെ തുമ്പികളുള്ള കടല്ക്കരയിലെ പഞ്ചാരമണലില് നനഞ്ഞമണ്ണെടുത്ത് വീടൊരുക്കുമ്പോള് കൊച്ചുമനസ്സ് സഞ്ചരിക്കുന്നതെവിടേക്കാണെന്നറിഞ്ഞൂടാ...
നാട്ടുകാര്യങ്ങള് പറയുന്നതിനിടയിലാണ് ബീരാനാപ്ല അവളെ കുറിച്ച് ചോദിച്ചത്.
“അന്റെ*ബീടരിപ്പളും*ഓളോടെ*തന്ന്യാ...?”
“ങും...”
ശബ്ദം തൊണ്ടയില് തടഞ്ഞു.
നീറുന്ന ഓര്മ്മകളിലേക്ക് തള്ളിയിട്ടുകൊണ്ട് ബീരാനിക്ക തുടര്ന്നു.
“കശ്ടം...”
ചെറിയ ഇടവേളക്കുശേഷം പിന്നെയും തുടര്ന്നു.
“ഞമ്മക്ക്* ബിശ്ശസിക്കാനേ കജ്ജ്ണില്ല*, ഓളെ കാത്ത്ള്ള അന്റെ നിപ്പും, അന്റെ നെഴല് ഇക്കരേല് കാണാഞ്ഞാല് ഓള്ക്ക്ള്ള പരവേശോം...”
ബീരാനിക്കയുടെ വാക്കുകളൊക്കെ കേട്ടത് ഏതോ ലോകത്തിരുന്നാണ് അല്ലെങ്കില് കാലങ്ങള്ക്കപ്പുറമിരുന്ന്.
വായനശാലയിലേക്ക് കയറുന്ന കോണിപ്പടവുകളില് വെച്ചാണ് ആദ്യം കണ്ടത്. ടൈപ്റൈറ്റിങ്ങ് ഇന്സ്റ്റിറ്റ്യൂട്ടിലെ പുതിയ വിദ്യാര്ത്ഥിനി.
തിങ്ങിനിറഞ്ഞ ഇടതുകള്ളിയിലെ പുസ്തകങ്ങളില് ചിലത് ശുഷ്കിച്ച വലതുകള്ളിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് റ്റീച്ചറോടൊപ്പം വായനശാലയിലേക്ക് ആദ്യമായി കയറിവന്നത്.
പിന്നീട്, ‘ആ പൂ നീ ചവിട്ടി അരച്ചുകളഞ്ഞു അല്ലേ, അതെന്റെ ഹൃദയമായിരുന്നു’ എന്ന ബഷീറിയന് സാഹിത്യം ലൈബ്രറിക്കരികില്, ഈരടികളും തെറികളും മുദ്രാവാക്യങ്ങളും നഗ്നചിത്രങ്ങളും കോറിവെക്കാറുള്ള ചുവരില് എഴുതിവച്ചതിന് കൂട്ടുകാരാല് എത്ര പരിഹസിക്കപ്പെട്ടിരിക്കുന്നു.
അതിന്ശേഷം, ‘വസന്തത്തിലെ ഓരോപൂക്കളും നിന്നോട് കടപ്പെട്ടിരിക്കുന്നു’ എന്ന് കടവുകടക്കുമ്പോള് അവള് പറഞ്ഞത് ഇന്നലെയെന്നപോലെതോന്നുന്നു.
ഒച്ചപ്പാടുകള്ക്കൊടുവില് നേടിയെടുത്തപ്പോള് വസന്തം കൈപ്പിടിയിലാക്കിയ കുരുവിയെപ്പോലെയായിരുന്നു. എന്നിട്ടും...
‘പപ്പാ...’ മോളൂട്ടിയുടെ വിളി കേട്ടാണ് ഞെട്ടിയുണര്ന്നത്.
‘ഉം, തിരിക്കാം...’ എന്ന് ബീരാനിക്കയോട് പറഞ്ഞ് മോളൂട്ടിയെ ഇറുകെ പിടിച്ചു.
‘പപ്പാ...’
മോളൂട്ടി ഇപ്പോഴും അങ്ങിനെയാണ് വിളിക്കുന്നത്. എത്ര തര്ക്കിച്ചതാണ് അതിനെക്കുറിച്ച്. ‘അച്ഛനുമമ്മ’യുമാണ് നല്ലെതെന്ന് താനും ‘പപ്പാമമ്മി’യാണ് ഫാഷന് എന്ന് അവളും. തര്ക്കങ്ങളുടേയും കുസൃതികളുടേയും കണക്കെടുത്താല് തീരില്ല. തോല്വി എല്ലായ്പ്പോഴും തനിക്കായിരുന്നു. ജീവിതത്തിലും....
മീനത്തില് ഒരു കൊല്ലമാകുമെന്നാണ് ഇന്നലെ അമ്മ പറഞ്ഞത്. ഒരുവര്ഷം! അവള് പോയതിന്റെ വാര്ഷികം!! കരയില്, പടര്ന്നുകിടന്ന വേരുപോലെ ചില്ലകളുള്ള, ഇലയും പൂവുമില്ലാത്ത അരളിമരത്തിന്റെ നിഴല്.
‘പപ്പാക്കിന്നെന്താ പറ്റിയേ...?’
വിരലുപിടിച്ച് കടവിന്റെ ഈറന് പിന്നിടുമ്പോള് മോളൂട്ടി പിന്നെയും തിരക്കി.
ഇന്സ്റ്റിറ്റ്യൂട്ടും വായനശാലയും പിന്നിടുമ്പോള് ശുഷ്കിച്ചുകൊണ്ടിരിക്കുന്ന ഇടത്തേ അറയില്നിന്നും തിങ്ങിനിറഞ്ഞ വലത്തേ അറയിലേക്ക് പുസ്തകങ്ങളടുക്കിക്കൊണ്ട് സുന്ദരന് അവിടെതന്നെയുണ്ടായിരുന്നു. ആരോ വലിച്ചെറിഞ്ഞുകൊടുത്ത മുറിബീഡിക്കുപകരം മഞ്ഞച്ചിരി തിരിച്ചുകൊടുത്ത് കടവിനരികില് രാഘവേട്ടനും.
********
ഇജ്ജ്യാരുന്നോ - നീയായിരുന്നോ
ബയിക്കൊക്കെ – വഴിക്കൊക്കെ
അന്റെ - നിന്റെ
ബീടരിപ്പളും - വീടര് ഇപ്പോഴും, വീടര് - ഭാര്യ
ഓളോടെ – അവളുടെ വീട്ടില്, ഓള് – അവള്
ഞമ്മക്ക് - എനിക്ക്
കജ്ജ്ണില്ല – കഴിയുന്നില്ല
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
0 അഭിപ്രായങ്ങള്:
Post a Comment