ഒറ്റക്കാലിൽ നൃത്തം ചെയ്യുന്നവളേ നിന്നെക്കുറിച്ചാകുമ്പോൾ...

കൈകൾ മേലോട്ടുയർത്തി
ഒറ്റക്കാലിൽ
ഒരായുസ്സ് പകരം കൊടുത്ത്
ചുവടുവെക്കുന്നുണ്ട്

ഒടുങ്ങാത്ത ചില ദാഹങ്ങളെ
അറിഞ്ഞു തന്നെയാകാം
കൊടുംവേനലുഷ്ണങ്ങളുടെ
ശമനതാളം

മഴപെയ്യുമ്പോൾ
നിന്റെ നൃത്തം
ഹാ! എന്ത് ചേല്
അപ്പോഴും
പനിപിടിക്കല്ലേ എന്ന്
നിന്റെ തണലിലേക്കെന്നെ ചേർത്ത്...

ഒറ്റക്കൊരുമരമൊരു കാടാകുമെന്ന്
പറഞ്ഞതാരാണ്
എനിക്കുകാണാം
കൈകൾ മേലോട്ടുയർത്തി
മഴനനഞ്ഞ്
മഴനനഞ്ഞ്
ഒറ്റക്കാലിൽ ചുവടുവെച്ച്
ഒരു കാട്

ഞാനാസ്വദിക്കട്ടെ
ഞാനാസ്വദിക്കട്ടെ
ഓരോപോറലും
നിന്നെയുലക്കുന്ന
നിന്നിലൊലിക്കുന്ന
നിന്നെ വീഴ്ത്തുന്ന...

നിനക്കറിയാമോ
നിന്നെക്കുറിച്ചാകുമ്പോൾ
എല്ലാം മനോഹരമാണ്....

നമുക്കിടയിലെ വഴിയിൽ

അന്നൊന്നും നമ്മുടെ വഴികളിങ്ങനെ
മുറുകെപ്പിടിക്കും തോറും
ഊര്‍ന്നുപോകുന്ന
വരണ്ടമണല്‍ത്തരികളിലേക്ക്
വിരലുപായിച്ച്
ഒറ്റപ്പൂവും ഗര്‍ഭം ധരിക്കാത്ത
മൈതാന മധ്യത്തിലെ
ഒറ്റമരം പോലെ
തനിച്ചായിരുന്നില്ല

കെട്ടു പിരിഞ്ഞ്
ചുറ്റിപ്പുണര്‍ന്ന്
ഈര്‍പ്പങ്ങളില്‍ സ്വയം പടര്‍ന്ന്
ഇഴചേര്‍ന്ന്
ഇഴചേര്‍ന്ന്
പിരിച്ചെടുക്കപ്പെടാനാവാത്ത
വേരുകൾ

പൂക്കുകയായിരുന്നു നാം
പൂക്കാലങ്ങളെ
വിലക്കു വാങ്ങാറല്ല

ഇന്നിപ്പോള്‍
തിരക്കൊഴിയാത്ത
തെരുവിന്റെ തിരിവില്‍
വീട്ടിലേക്ക്
ഒറ്റ വഴിയാണ്
വീട്ടിലേക്കുള്ള
വഴിയില്‍
വീട്ടിലേക്കുള്ള വഴിമാത്രം

അന്നൊക്കെ
വഴിയരികിൽ
ചുമലിലെ ചുമടു
പങ്കുവെക്കപ്പെടാൻ
ഒരത്താണി
വരണ്ടുപോകുമ്പോൾ
ജീവിതമൊന്നു നനച്ചെടുക്കാൻ
ഒരു തണ്ണീർ പന്തൽ
പിടിച്ചു നിൽക്കാൻ
ഒരു കൈവരി
കൈത്താങ്ങ്

തിരക്കിന്റെ തെരുവിൽ നിന്ന്
വീട്ടിലേക്കും തിരിച്ചും
നീ എന്നെക്കണ്ടോ
നീ എന്നെക്കണ്ടോ
എന്ന്
അവനവനെ തിരക്കിയുള്ള
ഓട്ടത്തിനിടയിൽ
കാലടിയിൽനിന്ന്
ഊർന്നുപോയ
ഭൂമിയെക്കുറിച്ച്
ഒരാറു ഖണ്ഡം
പ്രബന്ധം
നമുക്കിടയിലെ വഴി.

ലീലാവതി ടീച്ചറുടെ 'സാഹിത്യ ‘ചരിത്രം’' ചോദ്യം ചെയ്യപ്പെടുമ്പോള്‍...

" 'എകറ് തൂങ്ക് വാനല ഞാറ്‌ പാറുമാ...’
ഇത് അരണ്ട ഭാഷയിലുള്ള ഒരു പാട്ടാണ്.
എകറ് = ചിറക്
തൂങ്ക് = തൊങ്ങി, തൂങ്ങി
വാന്‍ = വാനം, ആകാശം
അല = കടലല, തിരമാല
ഞാറ് = ഞങ്ങള്‍
പാറുമാ = പറക്കുന്നു
ഞങ്ങള്‍ ആകാശത്തില്‍ തൂങ്ങിക്കിടന്ന് കടലലപോലെ ചിറകടിച്ച് പറക്കുന്നു എന്നോ; അല്ലെങ്കില്‍ അല്പം കവി ഭാവനയില്‍ ഞങ്ങള്‍ പക്ഷികളെപ്പോലെ ചിറകടിച്ച് ആകാശത്തിന്റെ അനന്ത നീലിമയില്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി അലമാലകള്‍ പോലെ തൊങ്ങല്‍ ചാര്‍ത്തി ആര്‍ത്തലച്ച് പറക്കുന്നുവെന്നോ ആകാം. ഹാ! എത്ര മനോഹരമായ ദൃശ്യചാരുത.

‘അരണ്ടഭാഷയും ആദിമലയാളവും’ എന്ന വിജയന്‍ വള്ളിക്കാവിന്റെ പുസ്തകത്തിലെ അതേപേരിലുള്ള ലേഖനത്തിലേതാണ് മേലേ കുറിച്ച ഖണ്ഡിക.

ഭാഷാചരിത്രത്തിലേക്ക് മുതല്‍കൂട്ടാകുമെന്നു തോന്നിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ പേരെന്നിരിക്കിലും ‘ഞാനെന്ന പ്രസ്ഥാനത്തിന്റെ’ സഹിക്കലുകളും കഷ്ടപ്പെടലുകളും മഹത്വവത്കരിക്കാനുള്ള തത്രപ്പെടലുകളാണു അകത്തുള്ള ലേഖനങ്ങളില്‍ നിറയെ.

അക്കാദമിക തലത്തില്‍ ഏറെ റഫര്‍ ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമാണ് ഡോ. എം. ലീലാവതിയുടെ ‘മലയാള സാഹിത്യ ചരിത്രം’. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ചരിത്രം പറയുന്ന ഗ്രന്ഥം. ‘മലയാള കവിതാ സാഹിത്യത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചിറങ്ങിയ പണ്ഡിതയായ ലീലാവതി ടീച്ചര്‍ ഒരു ഇംഗ്ലീഷു പുസ്തകം പരിഭാഷപ്പെടുത്തി വെച്ചതാണെന്നു തോന്നും’ മേല്‍പ്പറഞ്ഞ പുസ്തകം എന്ന് ആരോപിച്ചു കൊണ്ടാണ് ‘അരണ്ട ഭാഷയും ആദിമലയാളവും’ എന്ന ലേഖനം തുടങ്ങുന്നത്.

ജോഷ്വാ വിറ്റ്മോഗ് എന്ന പാശ്ചാത്യ ഭാഷാശാസ്ത്രജ്ഞന്‍ തന്റെ ശൈലിയില്‍ ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്വാഭാവികമായി വന്നു ചേര്‍ന്ന തെറ്റു പോലും(കോഴിക്കോട് കാലിക്കറ്റും, കൊല്ലം കൊയ്ലോണും ആകുമ്പോലെ) യാതൊരു പഠനത്തിനും വിധേയമാക്കാതെ അതേ പോലെ എടുത്തെഴുതുകയും അതിന് വ്യാഖ്യാനം ചമയ്ക്കുകയും ചെയ്തിരിക്കുന്നു ടീച്ചര്‍.

‘എകറ് തൂങ്ക് വാനല ഞാറ് പാറുമാ...’ അരണ്ടമലയാളത്തിലെ ഈ പാട്ടിനെ സായിപ്പെഴുതിയ പോലെ ‘എല്‍ക്കീറ തൂങ്ക് വാനലഞാറ്പാറുമാ...’ എന്ന് തെറ്റിച്ചെഴുതിയതിലല്ല, മറിച്ച് തെറ്റിന് യാതൊരു വിധവും ന്യായീകരിക്കാനാകാത്തൊരു പുളുന്തന്‍ വ്യാഖ്യാനം കൂടി അവതരിപ്പിച്ചതിലാണ് ലേഖകനോടൊപ്പം നാമും സങ്കടപ്പെടേണ്ടിയിരിക്കുന്നത്.

ഞങ്ങള്‍ ആകാശത്തില്‍ തൂങ്ങിക്കിടന്ന് കടലലപോലെ ചിറകടിച്ച് പറക്കുന്നു എന്നതിനേക്കാള്‍ sky in our bones we go round and round എന്ന് എല്ലുകീറി പറക്കുന്ന പക്ഷികള്‍ നമുക്ക് എന്തു ഭാവനയാണ് തരുന്നതെന്ന സാമാന്യബോധമെങ്കിലും ടീച്ചര്‍ക്കുണ്ടാകണമായിരുന്നു എന്ന് ലേഖകന്‍ പറയുന്നതില്‍ കഴമ്പില്ലാതില്ല. പാതിമാത്രം ദഹിക്കുന്ന സാഹിത്യം കഴിച്ച് ദഹനക്കേട് പിടിക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ക്ക് ടീച്ചറിന്റെ വ്യാഖ്യാനം വെള്ളം തൊടാതെ വിഴുങ്ങുകയെ നിവൃത്തിയുള്ളൂ. അങ്ങനെ വിഴുങ്ങിയ ഒരുവനു പെട്ടെന്നിത്തിരി ദഹനത്തിനു മരുന്നു കിട്ടിയവന്റെ ആശ്വാസം തരുന്നുണ്ട് ലേഖനം തരുന്ന തിരുത്ത്.

മലയാളത്തില്‍ എറക് എന്നൊരു വാക്കുണ്ട്. ഇതിന് സമാനമായി തമിഴില്‍ ഇറക്, എകിറ്, റക്ക എന്നിങ്ങനെ വക ഭേദങ്ങളുമുണ്ട്. മാത്രമല്ല ആദിമലയാളത്തിലെ പല വാക്കുകളും ഇന്നും കേരളത്തിലെ ദളിത്, ആദിവാസി സമൂഹങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ വരേണ്യവര്‍ഗ്ഗഭാഷാ പണ്ടിതര്‍ ഇതൊന്നും കണ്ടെത്തുവാനോ മനസിലാക്കുവാനോ സന്നദ്ധരല്ല. തൊലി വെളുത്ത സായിപ്പിന്റെ ആര്യഭാഷാമഹത്വം ഉദ്ഘോഷിക്കല്‍ ഔത്തരാഹ ഭാഷയും സംസ്കാരവും മഹത്തരമെന്നു വിശ്വസിക്കുന്ന നമ്മുടെ ഭാഷാപണ്ഡിതര്‍ക്ക് ഏറ്റു ചൊല്ലുവാനേ കഴിയൂ. അവരെ പകര്‍ത്തിയെഴുതിക്കൊണ്ടു ഭാഷയ്ക്കു മഹത്തരമായ സേവനങ്ങള്‍ ചെയ്യുക എന്നതല്ലാതെ നമ്മുടെ പണ്ഡിതര്‍ക്കു മറ്റെന്താണു ചെയ്യാനുള്ളത്. അതുകൊണ്ടു തന്നെ നമുക്ക് പക്ഷികള്‍ എല്ല് കീറിക്കൊണ്ട് ആകാശത്തില്‍ റാകിപ്പറക്കുന്ന സാഹിത്യഭാവനക്കകത്തു നിന്നുകൊണ്ടുള്ള പഠനങ്ങളില്‍ തൃപ്തരാകാമെന്ന് ലേഖനത്തിലൂടെ ആശ്വസിക്കുന്നു വിജയന്‍ വള്ളിക്കാവ്.

ഫ്രെയിമുകളിലേക്കെത്തുമ്പോള്‍


പ്രത്യക്ഷപ്പെടുന്നെങ്കില്‍
ദൈവം
കത്രീനാകൈഫിന്റെ
രൂപത്തിലായിരിക്കണേ
എന്നൊരൊറ്റ പ്രാര്‍ത്ഥനേയുള്ളൂ
എന്റെ ചങ്ങായി
നീലാണ്ടന്

കണ്ഠത്തിലെ
വിഷം മനസിലില്ല

‘ഒറ്റ സ്നാപ്പിലൊതുക്കാനാവാത്ത
ജീവിതസത്യത്തെ’
ക്യാമറാകണ്ണുള്ള
ഹൃദയത്തില്‍ നിന്നും
ചായം പുരണ്ട
ക്യാന്‍‌വാസിലേക്ക്
ഒളിച്ചുകടത്തും
കിറുക്കന്‍ ചങ്ങായി

ഞങ്ങള് രണ്ടാളുംകൂടി
ആന്‍ഡലസ് ഗാര്‍ഡനിലെ
പുല്ലുകൊറിക്കുമ്പോള്‍
ദേ...
ഒരു പൊട്ടക്കണ്ണന്‍ ദൈവം
കാമറാഫ്രെയിമിലേക്കങ്ങനെ
തുറിച്ചു നോക്കുന്നു

രൂപഭംഗി ഒട്ടുമില്ലാത്ത
ഒരറുബോറന്‍ ദൈവത്തെ
നമുക്കെന്തിനെന്നെന്റെ ചങ്ങായി

എന്റെ ദൈവമേ
എന്റെ ദൈവമേന്ന്
ചിലരലമുറയിട്ടു കേഴുന്നതല്ലേടാ
പുസ്തകം നെഞ്ചോടു ചേര്‍ത്തുവെച്ച്
പ്രതിഫലക്കണക്ക്
മനസില്‍ കൊറിച്ച്
വാഴ്ത്തി വാഴ്ത്തിപ്പാടുന്നതല്ലേടാ
ദൈവത്തെ രക്ഷിക്കാന്‍
വാളെടുത്തില്ലേടാ എത്രപേര്‍
ഉരുവിട്ടും ഉദ്ദരിച്ചും
വിശപ്പു മാറ്റുന്നതല്ലേടാ ചിലര്‍
കൂടെ കൂട്ടിയാല്‍ നാലുകാശ്
കൂടെപ്പോന്നാലോ എന്ന് ഞാന്‍

എല്ലാം തകിടം മറിച്ചു പഹയന്‍
ചിന്തകള്‍ക്കും മീതെ ഒരു വാമനക്രിയ

ഫ്രെയിമിലൊതുങ്ങാത്ത ദൈവത്തെ
നാലതിരുകള്‍ക്കുള്ളില്‍
ഞെരുക്കിക്കൊള്ളിച്ചു പഹയന്‍
കുതറിയും കുടഞ്ഞു മാറിയും
നില്‍ക്കക്കള്ളിയില്ലാതെ
കള്ളിക്കകത്തു നില്‍ക്കേണ്ടി വന്നു
പാവം ദൈവം.

ബ്രാ

ബ്രാ.., ഒരു കരച്ചിലാണ്
കരച്ചിലിലെ കവിതയെ
അമ്മാ..., അമ്മായെന്നോ
മ്‌മ്പ്രാ...മ്പ്രോ ന്നോ
തിരുത്തിവായിക്കുന്നത്
വായനക്കാരന്റെ
പത്രസ്വാതന്ത്ര്യം.

കല്ലീവല്ലി

ത്രില്ലാണത്രേ

കണ്ടുപിടിക്കുമ്പോഴത്തെ
പരുങ്ങല്‍
പ്രാണനൊളിപ്പിക്കാനുള്ള
പരക്കം പാച്ചില്‍

പിന്തുടരുന്നത്
പിടിച്ചുവലിക്കുന്നത്
നിലത്തിഴക്കുന്നത്
ചോരവാരുന്നത്
മുഖത്തെഴുതിയ
ഭീതി വായിക്കുന്നത്
പിന്നെയും പിന്നെയും
പറഞ്ഞു ചിരിക്കുന്നത്
ത്രില്ലാണത്രേ...

ബലൂചിയിലെ
കുന്നിന്‍‌ചെരുവില്‍
മേയാനിറങ്ങും വരേക്കും
ഇരുളുറങ്ങുന്ന കൂരക്കുള്ളില്‍
ഒരു മൂന്നു വയസുകാരി
കുഴിയിലേക്കു കാലുനീട്ടിയ
ദ്രാവിഡത്തിന്റെ*
അലകും വക്കും വായിലിട്ട്
കലപില ചവച്ചുകൂട്ടുന്നുണ്ടാകും.

കളിക്കിടയില്‍
എന്തോ ഓര്‍ക്കുമ്പോലെ
ഒന്നു നിറുത്തിയിട്ട്
അമ്മയെ അനുകരിച്ച്
‘വെള്ളിയാഴ്ചയായിട്ടും
ഒന്നു വിളിച്ചില്ലല്ലോ’
എന്ന് സങ്കടപ്പെടുന്നുണ്ടാകും.

ജനാലകളും വാതിലുകളുമൊക്കെ
ശരിക്ക് അടച്ചില്ലേ എന്ന്
വീണ്ടു വീണ്ടും നോക്കുമ്പോഴും
മുട്ടുകാലില്‍ മുഖം പൂഴ്ത്തി
കുനിഞ്ഞ്
ഒരേ ഇരിപ്പുതന്നെ.

വേണ്ട,
ഇരിക്കട്ടെ അയാള്‍
സങ്കടപ്പെടട്ടെ ഭാര്യയും കുഞ്ഞും
കഷ്ടകാലമാണ്
മനസലിവു തോന്നി
വല്ലവിട്ടുവീഴ്ചയും ചെയ്താല്‍
അശ്രദ്ധകൊണ്ടു വല്ലതും
വിട്ടുപോയെന്നാല്‍
ഞാനിരിക്കേണ്ടിവരും നാളെ
നമസ്കാരമുറിക്കകത്ത്
മുട്ടുകാലില്‍ മുഖം പൂഴ്ത്തി
വെള്ളവും വെളിച്ചവുമില്ലാതെ
ഏതെങ്കിലുമൊരു കേസു ചാര്‍ത്തി
പോലീസിലെത്തിക്കും വരെ.

ത്രില്ലാണത്രേ

പിടിച്ചുവലിക്കുന്നത്
നിലത്തിഴക്കുന്നത്
ചോരവാരുന്നത്
മുഖത്തെഴുതിയ
ഭീതി വായിക്കുന്നത്...

പറ്റിച്ചതാണ്
പണം പിടുങ്ങുന്ന
ഇടനിലക്കാരന്‍

കള്ളരേഖകള്‍
സത്യം പറഞ്ഞപ്പോള്‍
ഏജന്റുമില്ല പണവുമില്ല
തിരിച്ചു പോകുന്നത്
ഓര്‍ക്കാനേ വയ്യ
അങ്ങിനെയാണ്
കമ്പനി ചാ‍ടിയത്

ത്രില്ലാണത്രേ

കണ്ടുപിടിക്കുമ്പോഴത്തെ
പരുങ്ങല്‍
പ്രാണനൊളിപ്പിക്കാനുള്ള
പരക്കം പാച്ചില്‍...







*ബ്രാഹി ഭാഷ

അരാഷ്ട്രീയം

ഊണിലും ഉറക്കിലും
ഉണ്ടായിരുന്നതാണു സര്‍

പൊന്നാനിയില്‍
പന്ത്രണ്ടു ശതമാനം പോളിങ്ങെന്ന്
വെളുക്കുമ്പൊഴേ
ടിവിയില്‍ സ്ക്രോളു കണ്ടിട്ടും
ഒന്നും തോന്നുന്നില്ല സര്‍

മത്സരങ്ങളില്‍
സ്പിരിറ്റു ചേര്‍ക്കാറുള്ളവനാണു സര്‍

ഉറക്കച്ചടവു വിടാതെ
കിടക്കപ്പായില്‍ കിടന്ന്
നൈറ്റുഡ്യൂട്ടിക്കാരന്‍
സൂര്യദേവന്‍
പ്രതീക്ഷയെവിടെയെന്ന്

അരോചകമായ
ചിറികോട്ടലിനൊപ്പം
ഷൂവിലെ പൊടിതട്ടി
പെട്രൊഡോളറിനു
കുഴിയെടുക്കാന്‍
പതിവുകവാത്ത്

ഉണ്ടായിരുന്നതാണു സര്‍
ഊണിലും ഉറക്കിലും

വന്നവരുടേയും
വരാനുള്ളവരുടേയും
കണക്കുനിരത്തി
പോളിങ്ങിന്റെ നിരക്കിനൊപ്പം
ഇത്ര ഇത്ര പെട്ടികളില്‍
വീണെന്ന് കൃത്യം
തിട്ടപ്പെടുത്തിവെക്കും.
പണ്ട്,
ഇലയെണ്ണിയപ്പോള്‍
അച്ചുമ്മാന്‍(ആന)
ജയിച്ചതും
ജാഥ വിളിച്ചതും
അങ്ങിനെയാണ്

ഓ, അല്ലെങ്കില്‍
എന്തിനു പറയണം
ഭൂതകാലത്തില്‍
ജീവിക്കുന്നവനെന്ന
ചീത്തപ്പേരു കേള്‍ക്കാന്‍

ഒട്ടും തോന്നുന്നില്ല സര്‍
ചൊറിഞ്ഞുപൊട്ടിക്കാനൊന്നുമില്ല സര്‍.




Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP