പറ്റിപ്പോയി, ഇനി പറഞ്ഞിട്ടെന്താ ഇരിങ്ങലേ....

മീറ്റുണ്ടെന്ന് പറഞ്ഞപ്പഴ് അരയും തലയും മുറുക്കി ചാടിപ്പുറപ്പെട്ടതാണ്.
ബഹറിന്‍ ബൂലോക മീറ്റ്.
കെവിന്റെ വീട്ടിലാണ് മീറ്റെന്ന് ഇരിങ്ങലാണ് വിളിച്ചു പറഞ്ഞത്.
കെവിന്റെ വീട്ടിലേക്ക് ഇരിങ്ങലുമൊത്ത് നടക്കുകയായിരുന്നു.
ദാ..ഒരു കാറ് അരികില്‍ വന്നു നിന്നു.
ഗ്ലാസ്സ് പതുക്കെ താഴ്ന്നു. ......ഒരു അറബിപ്പയ്യന്‍ തല പുറത്തേക്ക് നീട്ടി.

‘ഒരു സഹായം......,
നിങ്ങക്ക് ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാന്‍.....?’

ഇരിങ്ങലു ചാടിവീണു.
‘ഓ, രണ്ടും’.
കാറില്‍ തലമറച്ചുപിടിച്ച് ഇരുന്ന പെണ്ണിന്റെ മടിയിലെ കൊച്ചു മിടുക്കന്‍ കരയാന്‍ തുടങ്ങി.
അവര് ദുബായില്‍ നിന്ന് വരുകയാണ്. ഒരു സുഹൃത്തിനെ കാണുവാന്‍. ഇവിടെ വന്നപ്പോഴേക്കും കൂട്ടുകാരന്‍ നാട്ടിലേക്ക് പോയി. ..അയാളുടെ ശബ്ദം ഇടറി. പിന്നെ..

കയ്യിലെ ബാഗ് നഷ്ടപ്പെട്ടു. ...വണ്ടിയിലാണെങ്കില്‍ എണ്ണയില്ല. ഭക്ഷണം കഴിച്ചിട്ടില്ല. കുഞ്ഞ് വിശന്നിട്ട് കരയുന്നു. .. അയാളുടെ രോദനങ്ങളുടെ കഷ്ടപ്പാടിന്‍റെ ഭാണ്ടക്കെട്ട് അഴിച്ചു തുടങ്ങി.

പൈസ വേണം.

പയ്യന്‍ കരച്ചിലിനും പറച്ചിലിനുമിടയ്ക്ക് .
പയ്യന്റെ വളച്ചൊടിക്കലിന് കൃത്രിമത്വമുണ്ടായിരുന്നോ?....
ദുബായിലെവിടെയാ...ഇരിങ്ങലിന്‍റെ ചോദ്യം. അയാള്‍ വിക്കി വിക്കി സ്ഥലം പറഞ്ഞു. ഇരിങ്ങലിന്‍റെ കണ്ണുകളില്‍ സംശയമില്ലാതില്ല.
‘ഫോണ്‍ നമ്പര്‍ എന്താണ്?‘

പയ്യന്‍ ഏതോ ഒരു നമ്പറ് തപ്പിപിടിച്ച് പറഞ്ഞു. ഇപ്പോള്‍ ഉപയോഗത്തിലില്ലെന്നും. സത്യവും മിഥ്യയും ചികയാന്‍ നില്‍ക്കാതെ, നിഷ്കളങ്കമായ കുഞ്ഞുമുഖത്തേക്ക് ഒന്നു നോക്കി ഇരിങ്ങല് കയ്യിലുണ്ടായിരുന്ന കാശെടുത്തുകൊടുത്തു.

‘എനിക്ക് സംശയമില്ലാതില്ല. പിന്നെ ആ കുഞ്ഞിന്റെ മുഖം....’

നടക്കുമ്പോള്‍ ഇരിങ്ങല് പറയുന്നുണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ഇരിങ്ങല്‍ സത്യം തിരിച്ചറിഞ്ഞു. ഇതൊരു സ്ഥിരം പരിപാടിയായിരുന്നു ആ കുടുംബത്തിന്‍റേതെന്ന്. ജീവിക്കാന്‍ ഇങ്ങനെയും എത്ര എത്ര വേഷങ്ങള്‍.

എന്റെ ഹവ്വ

ആതുരാലയത്തിലെ കണ്ണാടിക്കൂട്ടില്‍ നിന്ന്
ഞാനൊരസ്ഥികൂടം മോഷ്ടിച്ചു.

വെളുത്ത ഉടുപ്പിട്ട്,
എന്നെ തുറിച്ചു നോക്കിയ
ഫ്ലോറന്‍സ് നൈറ്റിങ്ഗേലിനെ
കണ്ണിറുക്കി കാട്ടിയപ്പോള്‍
അവളുടെ ഹൃദയമെനിക്ക് കടം തന്നു.
തൂപ്പുകാരന് കൈക്കൂലി കൊടുത്തപ്പോള്
‍വെയ്സ്റ്റ് കൊട്ടയിലിടേണ്ടിയിരുന്ന
കണ്ണും മൂക്കും നാക്കുമെനിക്ക് നല്‍കി.
മോഷണക്കുറ്റത്തിന്
കോടതി കയറേണ്ടി വന്നപ്പോള്‍
നീതിപീഠത്തിലിരുന്ന ശിബിമഹാരാജാവ്
തന്റെ മാംസമറുത്തു തന്നു.

പിന്നെയും കടം കൊണ്ട അവയവങ്ങളാല്‍
‍ഞാനവളെ തീര്‍ത്തു, അവളെന്റെ ഹവ്വ.
അമ്മ തന്ന സ്നേഹത്തില്‍ പാതി
ഞാനവള്‍ക്കു പകുത്തു നല്‍കി.

ഇന്നലെ,ഇന്നലെ ഞാനുറക്കമുണര്‍ന്നപ്പോള്‍
അവളില്ല, മേശപ്പുറത്തെ തുണ്ടുകടലാസില്‍
ചിതറിക്കിടന്ന അക്ഷരങ്ങള്‍ കലപില കൂട്ടുന്നു.
“എന്നെ സ്നേഹിക്കാനറിയുന്നവനൊപ്പം.....”

അച്ഛന് ഖേദപൂര്‍വ്വം

പറയാന്‍ ബാക്കിവച്ചതെന്തായിരുന്നു?
എനിക്കച്ഛനോടും അച്ഛനെന്നോടും.

അച്ഛനുകൊടുക്കാമെന്ന് പറഞ്ഞ്
അമ്മ ഫോണുകൊടുത്തു.
ബാലന്‍സില്ലെന്ന് പറഞ്ഞ്
ഞങ്ങളെന്തെങ്കിലും മിണ്ടും മുന്‍പ്
ഡിസ്കണക്ഷന്‍.
രാവിലെ വിളിക്കാമെന്ന് ഞാനും.

ഇല്ല, രാവിലെ അച്ഛനില്ല,
യാത്രയായ്, യാ‍ത്ര പോലും....
പറയാനുള്ളത് ബാക്കിവെച്ച്,
കേള്‍ക്കാനുള്ളത് കേള്‍ക്കാതെ....

അപ്പുക്കുട്ടന്റെ വിധി!!!


അപ്പുകുട്ടന്‍ മരിച്ചു. കെട്ടിത്തൂങ്ങിയാണ്‌ മരിച്ചത്‌. അപ്പുക്കുട്ടന്റെ ജാതകപ്രകാരം അപ്പുക്കുട്ടന്‌ 95 വയസ്സുവരെ ആയുസ്സുണ്ട്‌. എന്നിട്ടും അപ്പുക്കുട്ടന്‍ 45-ല്‍ വിരാമമിട്ടു. അപ്പുക്കുട്ടന്റെ വിധി!

ഗജകേസ്സരി യോഗമായിരുന്നു അപ്പുക്കുട്ടന്‌, ജാതകത്തില്‌. എന്നിട്ടും അപ്പുക്കുട്ടന്‍ ഒരു മൂന്നാംതരം റൌഡിയായി. ചെറുപ്പത്തില്‍ തന്റെ മൂന്നു ജ്യേഷ്ടന്മാരേയും അപ്പുക്കുട്ടന്‍ വല്ലാതെ ഉപദ്രവിക്കുമായിരുന്നെങ്കിലും അമ്മ അവനെ വഴക്കുപറയില്ലായിരുന്നു. അവനെക്കൊണ്ടാണത്രേ അവര്‍ക്ക്‌ രാജയോഗം.

അപ്പുക്കുട്ടന്‍ വളര്‍ന്നു. ചെറുപ്പത്തിലെ വികൃതി വലുപ്പത്തില്‍ തകൃതിയായി. അപ്പുക്കുട്ടന്‍ മദഗജനായി. എങ്കിലും അമ്മ പ്രതീക്ഷിച്ചു, 'ഗജകേസരിയോഗം വരും'.

അപ്പുക്കുട്ടന്റെ വിധിപറയുന്ന ദിവസം കോടതിയില്‍ പതിവിലധികം ആളുകളുണ്ടായിരുന്നു, രണ്ടു പക്ഷം പിടിക്കുന്നവര്‍. അപ്പുക്കുട്ടന്റെ വിധിയെന്താകുമെന്ന ആകാംക്ഷയിലായിരുന്നു അവര്‍. ഒടുവില്‍ വിധി വന്നു. അപ്പുക്കുട്ടന്‌ ജീവപര്യന്തം. അതുപോരെന്നു പറഞ്ഞവരും കഷ്ടമെന്നു പറഞ്ഞവരും തമ്മില്‍ ചെറിയ രീതിയില്‍ ഉരസലുണ്ടായി. വീണ്ടുമൊരു സംഘര്‍ഷമുണ്ടാകാതെ പിരിഞ്ഞതു ഭാഗ്യം!

വിധി പറയുന്നതിനു മുമ്പ്‌ കോടതി അപ്പുക്കുട്ടനോട്‌ ചോദിച്ചു "എന്തിനു നീയവനെ കൊല്ലാക്കൊല ചെയ്തെടോ?" "അവന്റെ വിധി" അപ്പുക്കുട്ടന്‍ കൂസലില്ലാതെ മറുപടി പറഞ്ഞു. അപ്പുക്കുട്ടനെ അനുകൂലിക്കുന്നവരായിരുന്നു കേള്‍വിക്കാരിലധികവും."നിന്റെ വിധി എന്തെന്നറിയാമോ?" കോടതി ചോദിച്ചു. നിസ്സംഗ ഭാവത്തില്‍ അപ്പുക്കുട്ടന്‍ നിന്നു. "ജീവപര്യന്തം" കോടതി വിധിച്ചു.

കോടതി വിധിയോട്‌ അപ്പുക്കുട്ടന്‌ പുച്ഛം തോന്നി. കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി. "ഓ, ഇയാളാരാ ദൈവമോ, ദൈവമല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു അപ്പുക്കുട്ടനെങ്കിലുമാകണം അപ്പുക്കുട്ടന്റെ വിധി പറയാന്‍" എന്ന് പതുക്കെ പറഞ്ഞു.

കോടതി പിരിഞ്ഞു. അപ്പുക്കുട്ടന്‍ കാരാഗൃഹത്തിലേക്ക്‌. അപ്പുക്കുട്ടന്‍ എന്തോചിന്തിച്ചുകൊണ്ടാണ്‌ നടക്കുന്നത്‌. അപ്പുക്കുട്ടന്‍ ചിന്തിക്കട്ടെ. നമുക്കല്‍പം മാറി നില്‍ക്കാം.

അല്ലേലും അതങ്ങിനെയേ വരൂ. അത്രേം നേരം കൂടെയുണ്ടായിട്ടും ആ നേരത്തത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അല്ലേലും ശ്രദ്ധിച്ചിട്ടും കാര്യമുണ്ടാകുമായിരുന്നെന്ന് യാതൊരുറപ്പുമില്ല. കാരണം, അപ്പുക്കുട്ടന്റെ വിധിയാണത്. നിങ്ങളു കണ്ടില്ലായോ അത്, ‌അപ്പുക്കുട്ടന്‍ ചിന്തകള്‍ക്കു മീതെ ടെലഫോണ്‍ വയറു കുരുക്കി കെട്ടിത്തൂങ്ങിയാടുന്നത്. എന്തു ചെയ്യാം? അപ്പുകുട്ടന്റെ വിധി. അല്ലേ....

എഴുതിത്തീരാത്ത കവിത

എന്റെ വീട്‌ വാടകക്കാണെന്നറിഞ്ഞപ്പോള്‍
‍അവളൊന്നു ഞെട്ടി.
ജോലിസ്ഥിരമല്ലെന്നു പറഞ്ഞപ്പോള്‍
‍അവളുടെ മുഖം വികൃതമായി.
സത്യം മുഴുവനും പറഞ്ഞപ്പോള്‍
‍അവളെന്നെയുപേക്ഷിച്ചു,
എന്റെ കൊച്ചു കവിത കീറിക്കളഞ്ഞു.

ചോരവറ്റിയപ്പോള്‍
ജോലിതന്നവര്‍പുറം തള്ളി.
വാടക നിന്നപ്പോള്‍
വീട്ടുടമപടിയിറക്കി.
തെരുവില്‍ നിന്നപ്പോള്‍
തെണ്ടികളുംകളിയാക്കി.
കുട്ടികള്‍ കൂകിവിളിച്ചാര്‍ത്തോടിച്ചു,
ഭാണ്ഡത്തിലെ ജീവിതത്താളുകള്‍ ചുട്ടുകരിച്ചു.

ഒടുവില്‍, നിളയെനിക്കഭയമെന്നുകരുതി
ഞാന്‍ ചെന്നു.
പൂഴിമണല്‍പ്പുഴയുടെ കണ്ണീര്‍ച്ചാലില്‍
പുഴയ്ക്കു ബലിതര്‍പ്പണം.
ഇനി കാട്‌, മല-ഭ്രാന്താചലം.
"നീ കല്ലെവിടേക്കുരുട്ടിക്കയറ്റും,
കയറ്റങ്ങളില്ല, ഇറക്കങ്ങളില്ല,
കുന്നില്ല, പാടങ്ങളില്ല,
സമതലം മാത്രം."
പൂര്‍വ്വഭ്രാന്തന്റെ പരിഹാസം.
ഞാന്‍ തിരികെ നടന്നു,
പിഞ്ഞിയ താളുകളില്‍ പിന്നെയുമെഴുതി.

വില്‍പനയ്ക്ക്

വില്‍പനയ്ക്കുണ്ട്‌
എന്റെ സ്വപ്നങ്ങള്‍
എന്റെ മോഹങ്ങള്‍
എന്റെ രാവുകള്‍
എന്റെ പകലുകള്‍
എന്റെ ആത്മാവ്‌
എന്നെ തന്നെയും
പകരമായെനിക്ക്‌
പണം തരരുത്‌
കണ്ണുനീരും.
ആത്മാര്‍ത്ഥമായാണെങ്കില്‍
ഒരുപുഞ്ചിരി
അല്ലെങ്കില്‍
ഒരുകൊച്ചു പൂവ്‌
എനിക്കതു മതി
അതുമാത്രം.

മയിലമ്മ

മഴമേഘങ്ങളാല്‍ മാനമിരുണ്ടപ്പോള്‍
മയിലുകള്‍ പീലി നിവര്‍ത്തി താഴെ
മഴത്തുള്ളി മണ്ണിനെപുല്‍കുമെന്നോര്‍ക്കെ
മയിലുകളാനന്ദ നടനമാടി.

മഴവേണ്ട വെയില്‍വേണ്ട ഭൂമിവേണ്ട
പണം പണം പണം പണമെന്നു ചിലര്‍
‍പണം ഫണമുയര്‍ത്തി തിമിര്‍ത്താടവേ
കുടിവെള്ളവുമവര്‍ സ്വന്തമാക്കി.

ദാഹിച്ച പൈതലിന്‍ ദാഹംതീര്‍ക്കാന്‍
‍തുള്ളി വെള്ളമില്ലാതെ വലഞ്ഞുനില്‍ക്കേ
കുടിനീരിനായുള്ള സമരഭൂവില്‍
മയിലമ്മയേവര്‍ക്കുമാവേശമായ്‌.

അധിനിവേശത്തിന്‍ പുത്തന്‍വ്യാളി
ഭൂലോകമാകെ വിഴുങ്ങും മുമ്പ്‌
ചെറുത്തുനില്‍പ്പിന്‍ സമരനായികതന്‍
സ്മരണകുടീരത്തിലൊരുപിടി യി-
തള്‍പൂക്കള്‍ വാരിയിതാ വിതറുന്നു ഞാന്‍

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP